ഭീമ കൊറോഗാവ്; റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം
Bhima Koregaon
ഭീമ കൊറോഗാവ്; റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 5:56 pm

ന്യൂദല്‍ഹി: ഭീമ കൊറോഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്.

കേരളത്തില്‍ പോയി കുടുംബത്തെ കാണാനാണ് ജാമ്യം നല്‍കിയത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് റോണാ വില്‍സണ്‍ കോടതിയെ സമീപിച്ചത്.

ആഗസ്റ്റ് 18നാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. ഒരുമാസം നീളുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് റോണ വില്‍സണ്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എന്‍.ഐ.എ എതിര്‍ത്തിരുന്നു.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തിനുമുമ്പും ശേഷവുമുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നും മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപിച്ച് 2018 ജൂണ്‍ ആറിനാണ് റോണ വില്‍സണെ പൂനെ പൊലീസ് അറസ്റ്റു ചെയ്തത്.

ഇതേ കേസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വേറെയും അറസ്റ്റിലായി. നീണ്ടകരയിലെ വീട്ടില്‍വെച്ച് ഈ വര്‍ഷം ആഗസ്റ്റ് 18-നാണ് റോണ വില്‍സന്റെ അച്ഛന്‍ മരിച്ചത്.

സെപ്റ്റംബര്‍ 16-നാണ് അനുസ്മരച്ചടങ്ങ്. സെപ്റ്റംബര്‍ 13 മുതല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് റോണ വില്‍സണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാംc

Content Highlight: Rona Wilson Gets Temporary Bail to Attend Family Event After Father’s Death