ജറുസേലം: ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്ന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്‌നി. ജറുസലേം സന്ദര്‍ശനത്തിനിടെയാണ് റോമ്‌നി ഇക്കാര്യം വ്യക്തമാക്കിയത്.[]
അമേരിക്കയെപ്പോലുള്ള ഒരു രാജ്യത്തിന് മാത്രമേ ഇറാനെ ആണവായുധ പരിശീലനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുള്ളു. ഇറാന്റെ ആണവായുധ നിര്‍മ്മാണം ലോകത്തിന് തന്നെ ഭീഷണിയാണ്. യുദ്ധം അവസാനിക്കാത്ത ഭൂമിയായി നമ്മുടെ ലോകത്തെ മാറ്റാനാണ് ചിലരുടെ ശ്രമം അതിന് അനുവദിച്ചുകൂടാ- മിറ്റ് പറഞ്ഞു.
ഇറാന്‍ ലോകത്തെ അസ്ഥിരപ്പെടുത്തുകയാണ്, ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്ന ഇസ്രയേല്‍ നിലപാടിനു പൂര്‍ണപിന്തുണയുമായി അമേരിക്കയുണ്ടാകുമെന്നും റോമ്‌നി പറഞ്ഞു. ഈ വിഷയത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഷിമോണ്‍ പെരസുമായും മിറ്റ് റോമ്‌നി ചര്‍ച്ച നടത്തുകയും ചെയ്തു.
എന്തുവിലകൊടുത്തും ആണവ നീക്കങ്ങളില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുമെന്നാണ് റോമ്‌നിയുടെ ഉറപ്പ്. അതേസമയം ഇസ്രയേലിനെ വിലകുറച്ച് കണ്ട് ശത്രുക്കളെ സഹായിക്കുന്നതാണ് ഒബാമയുടെ നിലപാടുകളെന്ന് റോമ്‌നി ആരോപിച്ചു.
ഇറാനെതിരെ ഇസ്രയേല്‍ സൈനിക നീക്കത്തിനൊരുങ്ങുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് റോമ്‌നിയുടെ ഉപദേശകന്‍ ഡാന്‍ സെനര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.