യു.എസ് തിരഞ്ഞെടുപ്പ്; സംവാദങ്ങളില്‍ റോമ്‌നിക്ക് മുന്‍തൂക്കമെന്ന് സര്‍വേ
World
യു.എസ് തിരഞ്ഞെടുപ്പ്; സംവാദങ്ങളില്‍ റോമ്‌നിക്ക് മുന്‍തൂക്കമെന്ന് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2012, 10:42 am

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദങ്ങളിലും പ്രചരണങ്ങളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിക്ക് മുന്‍തൂക്കമെന്ന് സര്‍വേകള്‍.[]

ഡെന്‍വര്‍ സര്‍വകലാശാലയിലായിരുന്നു ഒബാമ- റോംനി ആദ്യ സംവാദം അരങ്ങേറിയത്. സംവാദത്തില്‍ റോംനി വ്യക്തമായ വിജയം നേടിയെന്ന് തല്‍സമയ സര്‍വേയില്‍ 67% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒബാമ വിജയിച്ചെന്ന് പറഞ്ഞവര്‍ 25% മാത്രമാണ്.

ബറാക് ഒബാമയും റോമ്‌നിയും തമ്മില്‍ നടന്ന ആദ്യസംവാദത്തിലെ മികച്ച പ്രകടനത്തില്‍ ഒബാമയേക്കാള്‍ ഒരു പടി മുന്നിലുള്ള പ്രകടനമായിരുന്നു റോമ്‌നി നടത്തിയതെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചില സര്‍വേകളില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ വ്യത്യാസമാണ് ഒബാമയും റോംനിയും തമ്മില്‍. ഇതുവരെ നിഷ്പക്ഷമായി നിലകൊണ്ടിരുന്ന ചില സംസ്ഥാനങ്ങളില്‍ ഇത്തവണ റോംനി മുന്‍തൂക്കം നേടുമെന്നാണ് സി.എന്‍.എന്‍ സര്‍വേ വ്യക്തമാക്കുന്നത്.

അടുത്തമാസം ആറിനാണ് തിരഞ്ഞെടുപ്പ്. ഇനി മൂന്ന് പൊതുസംവാദങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ ഒരെണ്ണം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലാണ്.

ഒബാമയെക്കാള്‍ 0.7 ശതമാനത്തിന്റെ വ്യത്യാസമാണ് റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് എന്ന വെബ് സൈറ്റ് റോംനിക്ക് നല്‍കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റുചില സര്‍വേകളിലും റോംനിക്ക് തന്നെയാണ് മുന്‍തൂക്കം.

ഈ സാഹചര്യത്തില്‍ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കടുത്തതാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും പക്ഷം.