അയോവ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ പ്രശ്‌നം വിഷയമാക്കി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനി. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നം ഉയര്‍ത്തുന്ന വെല്ലുവിളികളാണ് റോംനി പ്രചരണ ആയുധമാക്കുന്നത്. []
തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത് നിരാശാജനകമാണെന്ന് റോംനി പറഞ്ഞു. “അമേരിക്കയെ ശക്തമാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഒബാമയ്ക്ക് അറിയില്ല. എനിക്കതറിയാം. ഞാന്‍ അമേരിക്കയെ ശക്തമാക്കാന്‍ പോകുകയാണ്.
സാമ്പത്തിക മാന്ദ്യത്തിന്റെ കടുത്ത പ്രതിസന്ധിയെ അമേരിക്ക നേരിട്ടുകൊണ്ടിരുന്നപ്പോഴാണ് ഒബാമ അധികാരമേറ്റത്. അന്ന് 10 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇന്നത് കുറയ്ക്കാന്‍ സാധിച്ചെങ്കിലും എട്ട് ശതമാനത്തില്‍ താഴ്ത്താന്‍ കഴിയാത്തത് ഒബാമയുടെ പോരായ്മയായി മാത്രമേ കാണാനാവുകയുള്ളൂ” – റോംനി പറഞ്ഞു. സ്വകാര്യ ഇക്വിറ്റി കമ്പനിയുടെ തലവനായിരുന്ന റോംനി തന്റെ അനുഭവങ്ങളും കണ്‍വന്‍ഷനുകളില്‍ പങ്കുവയ്ക്കുന്നുണ്ട്.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ നിലവിലെ പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ബറാക് ഒബാമയും എതിര്‍ സ്ഥാനാര്‍ഥി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിറ്റ് റോംനിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
റോംനിയുടെ ഈ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ താന്‍ അധികാരമേല്‍ക്കും മുമ്പ് അമേരിക്കയെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യം പതുക്കെപ്പതുക്കെ പരിഹരിക്കപ്പെട്ടുവരികയാണെന്നും നയങ്ങള്‍ ഫലം കണ്ടുതുടങ്ങുന്നുവെന്നും ഒബാമ പറഞ്ഞിരുന്നു. പരാജയപ്പെട്ട നയങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് റിപ്പബ്ലിക്കന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നതെന്നും അത് ആപത്ക്കരമാണെന്നും ഒബാമ പ്രസംഗത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
അമേരിക്കയിലെ പുതിയ സര്‍വേയില്‍ റോംനിക്ക് 44% ജനപിന്തുണയും ഒബാമയ്ക്ക് 46 ശതമാനവുമാണുള്ളത്. നേരത്തെ നടത്തിയ സര്‍വേയില്‍ ഒബാമയ്ക്ക് 44 ശതമാനവും റോംനിക്ക് 45 ശതമാനവുമായിരുന്നു ജനപിന്തുണ.