ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ നാല് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചരിത്രകാരി റോമിലാ ഥാപ്പര്‍, അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്‌നായിക് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൂടാതെ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസില്‍ പരക്കെയുളള അറസ്റ്റ് സംബന്ധിച്ച് മഹാരാഷ്ട്രയോട് വിശദീകരണം തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജി വൈകുന്നേരം 3.45ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Also Read:ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം
ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞദിവസമാണ് പൂനെ പൊലീസ് സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൂനെ പൊലീസിന്റെ നടപടി.
Also Read:കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന
പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നും പറഞ്ഞായിരുന്നു പൊലീസ് നടപടി.
ജൂണ്‍ ആറിന് പൂനെ പൊലീസ് ആക്ടവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ അഭിഭാഷകരായ സുരേന്ദ്ര ഗാഡ്ലിങ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ ഷോമ സെന്‍, പ്രധാനമന്ത്രിയുടെ ഗ്രാമ വികസന ഫെലോയായിരുന്ന മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.