അഞ്ച് വര്‍ഷം മുമ്പ് ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതിനെ കുറിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍താരം
Football
അഞ്ച് വര്‍ഷം മുമ്പ് ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതിനെ കുറിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th January 2023, 11:27 pm

ഖത്തര്‍ വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനം നടത്തി ആരാധകരുടെ കയ്യടി നേടിയ താരമാണ് അര്‍ജന്റീനയുടെ ക്രിസ്റ്റന്‍ റൊമേറോ. 2021ലാണ് താരം അര്‍ജന്റൈന്‍ ദേശീയ ടീമിന് വേണ്ടി കളിച്ചുതുടങ്ങുന്നത്. എന്നാലിപ്പോള്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ് റൊമേറോ.

എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം.

‘അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ ഉപേക്ഷിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു. ഇപ്പോള്‍ ഞാനുള്ളത് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ആയ പ്രീമിയര്‍ ലീഗിലാണ്. മാത്രമല്ല എന്റെ രാജ്യമായ അര്‍ജന്റീനക്ക് വേണ്ടി ഞാന്‍ സ്റ്റാര്‍ട്ടര്‍ ആയി.

കൂടാതെ വേള്‍ഡ് കപ്പ് കിരീടവും നേടി. എന്റെ അധ്വാനത്തിനും ത്യാഗത്തിനും ഞാന്‍ അര്‍ഹിച്ച പ്രതിഫലം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്,’ റൊമേറോ പറഞ്ഞു.

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അര്‍ജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാന്‍ റൊമേറോക്ക് സാധിച്ചിട്ടുണ്ട്.

സെന്റര്‍ ബാക്കായ റൊമേറോ ഇറങ്ങിയ മത്സരങ്ങളില്‍ അര്‍ജന്റീന വളരെ കുറഞ്ഞ ഗോളുകള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം ലഭിക്കുന്നതില്‍ വലിയ റോള്‍ വഹിച്ചിട്ടുള്ള താരം കൂടിയാണ് ഈ ഡിഫന്‍ഡര്‍.

കോപ്പ അമേരിക്കയിലും അതുപോലെതന്നെ അര്‍ജന്റീന ദേശീയ ടീമിന്റെ ഭാവിക്കും വളരെ നിര്‍ണായകമായ സാന്നിധ്യമാണ് റൊമേറോ എന്നാണ് മെസി മുമ്പൊരിക്കല്‍ താരത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു കാര്യമാണെന്നും മെസി പറഞ്ഞു.

നിലവില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമിന് വേണ്ടിയാണ് റൊമേറോ ബൂട്ടുകെട്ടുന്നത്.

Content Highlights: Romero about the retirement decision