ബംഗളുരു: വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദ കുരുക്കില്‍. ഗെയിലിനെതിരെ നടപടി സ്വീകരിക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയും ആലോചിക്കുന്നതായാണ് സൂചന. കളിക്കാര്‍ മാന്യമായി പെരുമാറണമെന്നും ഇത്തരത്തിലൊരു മാന്യത കളിക്കാരില്‍ നിന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനായി കളത്തിലിറങ്ങുന്ന താരവുമായി ബി.സി.സി.ഐ സംസാരിച്ചേക്കുമെന്ന സൂചനയു ശുക്ല നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തീര്‍ത്തും അനാവശ്യമാണെന്നും ബി.സി.സി.ഐ അധ്യക്ഷന്റെയും സെക്രട്ടറിയുടെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്നും ശുക്ല അറിയിച്ചു. അതേസമയം ഔദ്യോഗികമായി പരാതി ഒന്നും ലഭിച്ചിട്ടില്ലെങ്കില്‍ പ്രശ്‌നത്തില്‍ ബി.സി.സി.ഐ ഇടപെടാനിടയില്ലെന്നാണ് സൂചന. രണ്ട് വിദേശികള്‍ക്കിടയില്‍ നടന്ന വ്യക്തിപരമായ പ്രശ്‌നമാണ് ഇതെന്നും പരാതി ലഭിക്കുകയാണെങ്കില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും ബി.സി.സി.ഐ സെക്രട്ടറി അജയ് ശിര്‍ക്കെ അറിയിച്ചു.
ബിഗ് ബാഷ് ലീഗിനിടെ ഒരു ഓസീസ് മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഗെയിലിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് മെല്‍ബണ്‍ റെനിഗേഡ്‌സ് തീരുമാനിച്ചിരുന്നു. ഇംഗ്ലീഷ് കൌണ്ടി ലീഗില്‍ ഗെയില്‍ പ്രതിനിധീകരിക്കുന്ന സോമര്‍സെറ്റും അടുത്തകാലത്ത് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ഗൗരവമായാണ് കാണുന്നത്. വിന്‍ഡീസ് ഏകദിന ടീമില്‍ ഇടംകണ്ടെത്താന്‍ പരാജയപ്പെട്ട ഗെയിലിന് ഐ.പി.എല്ലിലും വിലക്ക് വരികയാണെങ്കില്‍ അത് കരിയറിലെ തന്നെ വലിയ തിരിച്ചടിയാകും.