| Friday, 2nd December 2022, 12:39 am

പുറത്തായതിന്റെ രോഷം അടക്കാനായില്ല; ഡഗൗട്ടിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ച് ലുക്കാക്കു; ഫിഫയുടെ നടപടിയുണ്ടായേക്കും; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതിന് പിന്നാലെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായിരുന്നു.

2014ന് ശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയെന്ന റെക്കോര്‍ഡുള്ള ബെല്‍ജയമാണ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരിക്കുന്നത്.

മത്സരത്തില്‍ സൂപ്പര്‍ താരം റോമേലു ലുക്കാക്കു അടക്കമുള്ള താരങ്ങള്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയിരുന്നു. ആദ്യ ഇലവനിറങ്ങാതെ പകരക്കാരനായി രണ്ടാം പകുതിയില്‍ ലുക്കാക്കു ഇറങ്ങിയത്. നായകന്‍ ഈഡന്‍ ഹസാര്‍ഡിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഗോളെന്നുറപ്പിച്ച ലുക്കാക്കു തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും, കൃത്യമായ സമയത്ത് റിയാക്ട് ചെയ്യാത്തതുമടക്കം നിരവധി അവസരങ്ങളാണ് താരം പാഴാക്കിയത്.

കളിക്ക് ശേഷം ഗ്രൗണ്ടിലെ ഡഗൗട്ടിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് ലുക്കാക്കു തന്റെ നിരാശ പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ടി.വി ടെലിക്കാസ്റ്റിങ്ങിനിടെ കാണിച്ചിരുന്നു. സംഭവത്തില്‍ താരത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പരിക്കില്‍ നിന്ന് കഷ്ടിച്ച് മോചിതനായിട്ടാണ് ലുക്കാക്കു ഖത്തര്‍ ലോകകപ്പിന്റെ ബെല്‍ജിയം ടീമില്‍ ഇടംപിടിക്കുന്നത്.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മൊറോക്കോയോടേറ്റ തോല്‍വിക്ക് പിന്നാലെ റയല്‍ മാഡ്രിന്റെ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് ദേഷ്യപ്പെട്ട് പുറത്തുപോകുന്ന വീഡിയോയും ഇതുപോലെ ചര്‍ച്ചയായിരുന്നു.

മത്സര ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന കോര്‍ട്ടോയിസ് ദേഷ്യമടക്കാനാകാതെ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങുന്ന താരങ്ങള്‍ക്കായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ കൈകൊണ്ട് ഇടിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഗാലറിയിലുള്ള ആരാധകര്‍ കോര്‍ട്ടോയിസ് എന്ന് വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ കാനഡയോട് മാത്രമാണ് ബെല്‍ജിയത്തിന് വിജയിക്കാനായത്. അതും വെറും ഒരു ഗോളിന്. രണ്ടാം മത്സരത്തില്‍ മൊറോക്കയോട് 2-0 തോറ്റ ബെല്‍ജിയം നിര്‍ണായക മത്സരത്തിലും സമനിലക്കുരുക്ക് ഏറ്റുവാങ്ങിയിരിക്കുകയാണ്.

Content Highlight:  Romelu Lukaku smashed the glass of the dugout; There may be action by FIFA

We use cookies to give you the best possible experience. Learn more