'ഞങ്ങള്‍ വംശീയാധിക്ഷേപം നേരിടാത്ത ദിവസങ്ങളില്ല, 2019 എത്തിയിട്ടും നമ്മള്‍ പുറകോട്ടാണ് പോകുന്നത് '; ഫുട്‌ബോളിലെ വര്‍ണ്ണവെറിയന്‍മാര്‍ക്കെതിരെ ലുക്കാക്കു
Racism
'ഞങ്ങള്‍ വംശീയാധിക്ഷേപം നേരിടാത്ത ദിവസങ്ങളില്ല, 2019 എത്തിയിട്ടും നമ്മള്‍ പുറകോട്ടാണ് പോകുന്നത് '; ഫുട്‌ബോളിലെ വര്‍ണ്ണവെറിയന്‍മാര്‍ക്കെതിരെ ലുക്കാക്കു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2019, 12:00 am

സെറി എ മത്സരത്തിനിടെ വംശീയ അധിക്ഷേപത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി ഇന്റര്‍മിലാന്‍ താരം റോമന്‍ ലുക്കാക്കു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി താരങ്ങളാണ് യൂറോപ്പില്‍ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുള്ളതെന്നും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും ലുക്കാക്കു പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ആരാധകര്‍ക്കിടയിലെ വര്‍ണ്ണ വെറിയന്‍മാര്‍ക്കെതിരെയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെയും ലുക്കാക്കു പൊട്ടത്തെറിച്ചത്.

”കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി താരങ്ങള്‍ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ഇന്നലെ എനിക്കെതിരെയും ഉണ്ടായി.

ഫുട്‌ബോള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള കളിയാണ്. ഈ കളിയെ നാണംകെടുത്തുന്ന ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കരുത്. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ പ്രതികരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

കറുത്തവംശജരായ കളിക്കാരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ചുരുങ്ങിയത് ഒരു വംശീയധിക്ഷേപമെങ്കിലും ദിവസവും കാണാന്‍ കഴിയും. വര്‍ഷങ്ങളായി ഞങ്ങളിത് പറയുന്നു. പക്ഷെ ഒരു നടപടിയും ഉണ്ടാവുന്നില്ല. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും (ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക്) ക്ലബ്ബുകളും ഇക്കാര്യത്തില്‍  ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഇത് 2019 ആയി. മുന്നോട്ടു ചലിക്കുന്നതിന് പകരം നമ്മള്‍ പുറകോട്ടാണ് പോകുന്നത്. ഫുട്‌ബോളിനെ കറയറ്റതാക്കാനും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാക്കാനും കളിക്കാര്‍ എന്ന നിലയില്‍ നമ്മളെല്ലാവരും ഒന്നിച്ച് നിന്ന് ഇതിനെതിരെ സംസാരിക്കേണ്ടതുണ്ട്. ”

കഴിഞ്ഞ ദിവസം പെനാല്‍റ്റി എടുക്കുന്നതിനിടെയാണ് ലുക്കാക്കുവിനെതിരെ സ്റ്റേഡിയത്തില്‍ നിന്ന് അധിക്ഷേപമുയര്‍ന്നത്. പോഗ്ബ, ടാമി അബ്രഹാം, കര്‍ട്ട് സൗമ, യാക്കു മെയ്റ്റി എന്നീ താരങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ യൂറോപ്പില്‍ വംശീയ അധിക്ഷേപത്തിന് ഇരയായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കളിക്കാര്‍ക്കെതിരെ വംശീയധിക്ഷേപം നടന്നതായി ‘കിക്ക് ഇറ്റ് ഔട്ട്’ എന്ന സംഘടന നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. വംശീയാധിക്ഷേപ സംഭവങ്ങള്‍ 43 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

View this post on Instagram

 

A post shared by Romelu Lukaku (@romelulukaku) on