കഞ്ഞിയില്‍ വെള്ളമൊഴിച്ച് കുടിച്ച് ജീവിച്ച കാലമുണ്ടായിരുന്നു- റുമീലു ലുക്കാക്കു ജീവിതം പറയുന്നു
World cup 2018
കഞ്ഞിയില്‍ വെള്ളമൊഴിച്ച് കുടിച്ച് ജീവിച്ച കാലമുണ്ടായിരുന്നു- റുമീലു ലുക്കാക്കു ജീവിതം പറയുന്നു
രാജീവ് രാമചന്ദ്രന്‍
Tuesday, 19th June 2018, 10:52 am

ന്റെ അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു. പക്ഷെ കരിയറിന്‍റെ അവസാനമൊക്കെ എത്തിയപ്പോഴേക്കും തീര്‍ത്തും ദരിദ്രനായിരുന്നു അച്ഛന്‍. ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം ഒന്നൊന്നായി നഷ്ടപ്പെടാന്‍ തുടങ്ങി. ആദ്യം പോയത് കേബ്ള്‍ ടിവിയാണ്. ഫുട്ബോള്‍ കാണല്‍ അതോടെ അവസാനിച്ചു. കളിയെല്ലാം കഴിഞ്ഞ് ഇരുട്ടാവുമ്പോള്‍ വീട്ടിലെത്തുമ്പോഴാണറിയുക, കറന്റില്ലെന്ന്. പിന്നീട് കുളിക്കാന്‍ കയറുമ്പോള്‍ വെള്ളമില്ലെന്നും മനസ്സിലാവും. അമ്മ കെറ്റിലില്‍ ചൂടാക്കിത്തരുന്ന വെള്ളം തലയിലൊഴിച്ച് കുളിച്ചെന്നു വരുത്തും.

എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് തകര്‍ച്ചയുടെ തുടക്കം. ഉച്ചഭക്ഷണത്തിന് സ്‌കൂളില്‍ നിന്ന് ഞാന്‍ വീട്ടില്‍ വരുമായിരുന്നു. കുറച്ച് പാലും ബ്രഡ്ഡുമാണ് ഭക്ഷണം. ഒരു ദിവസം വരുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത പാലില്‍ അമ്മ വെള്ളമൊഴിക്കുന്നതാണ് കണ്ടത്. അവര്‍ക്ക് സങ്കടം വരുന്നുണ്ടായിരുന്നു. വീട്ടില്‍ പണത്തിന്റെ പ്രശ്നമുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു., പക്ഷെ ഞങ്ങളുടെ ജീവിതം തകര്‍ച്ചയിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കിയത് അന്നാണ്. പലപ്പോഴും അടുത്തുള്ള കടയില്‍ നിന്നും അമ്മ കടം വാങ്ങുന്ന ഒരു ലോഫ് റൊട്ടികൊണ്ടാണ് ഒരാഴ്ച തള്ളിനീക്കാറുള്ളത്. തിങ്കളാഴ്ച വാങ്ങിക്കുന്ന റൊട്ടിയുടെ പണം വെള്ളിയാഴ്ച കൊടുത്താല്‍ മതി. ഞാനും അനുജന്‍ ജോര്‍ഡനും വീട്ടിലുള്ളതറിയുന്നതിനാലാവണം കടക്കാരന്‍ കടം കൊടുക്കുമായിരുന്നു.

ഞാന്‍ വാശിപിടിച്ചതേയില്ല, കിട്ടുന്നതു കഴിച്ച് വിശപ്പും കരച്ചിലുമടക്കി. പക്ഷെ ജീവിതത്തില്‍ ഞാനെന്തു ചെയ്യുമെന്ന് അപ്പഴേ തീരുമാനിച്ചിരുന്നു.

ഫുട്ബോള്‍ ലോകത്തെ എല്ലാവര്‍ക്കും മനോബലത്തെക്കുറിച്ചു പറയാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ മനസ്സിലോര്‍ക്കും എന്നേക്കാള്‍ മനശ്ശക്തിയുള്ളവരെ നിങ്ങള്‍ കണ്ടിട്ടേയില്ലെന്ന് ഞാന്‍ മനസ്സിലോര്‍ക്കും. ഇരുട്ടത്ത് അമ്മയോടും അനുജനോടുമൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന എന്നെയാവും ഞാനപ്പോള്‍ അകമേ കാണുന്നത്.

Image result for romelu-lukaku

ഓരോ ദിവസവും സ്‌കൂളില്‍ നിന്നു വരുമ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ് കാണുക.സഹിക്കാനാവുമായിരുന്നില്ല ആ കാഴ്ച.
ഒരു ദിവസം ഞാന്‍ അമ്മയോടു പറഞ്ഞു, ഇതെല്ലാം മാറും , ഞാന്‍ ഫുട്ബോള്‍ കളിക്കാന്‍ പോവുകയാണ്, അച്ഛനെ പോലെ.
പ്രഫഷണല്‍ ഫുട്ബോളറാകാന്‍ എത്ര വയസ്സാകണം- ഞാന്‍ അച്ഛനോടു ചോദിച്ചു. പതിനാറെന്ന് മറുപടി, പതിനാറെങ്കില്‍ പതിനാറ്- അതാവുക തന്നെ.

ഞാന്‍ കളിച്ച ഓരോ കളിയും എനിക്ക് ഒരു ഫൈനലായിരുന്നു. സ്‌കൂളിലും പാര്‍ക്കിലും എവിടേയും. സര്‍വശക്തിയുമെടുത്താണ് ഞാന്‍ പന്തടിച്ചിരുന്നത്. ഞാന്‍ കളിക്കുകയായിരുന്നില്ല, എന്തിനെയൊക്കേയോ കൊല്ലുകയായിരുന്നു. വിഡിയോ ഗെയിമിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്, എനിക്ക് പ്ലേസ്റ്റേഷനൊന്നുമുണ്ടായിരുന്നില്ല.

എന്‍റെ ശരീരവളര്‍ച്ച വളരെ പെട്ടന്നായിരുന്നു. സമപ്രായക്കാരേക്കാള്‍ വലിയ കുട്ടിയായിരുന്നു ഞാന്‍ കളിക്കാന്‍ ,ചെല്ലുന്നിടത്തെല്ലാം ഇത് പ്രശ്നം സൃഷ്ടിച്ചു. എതിര്‍ ടീമിലെ കുട്ടികളുടെ മാതാപിതാക്കള്‍ എന്നും രേഖകള്‍ ചോദിച്ചു ബഹളമുണ്ടാക്കും. എന്‍രെ കൂടെ ആരും കാണില്ല, അച്ഛന് കാറൊന്നുമില്ലായിരുന്നു, എന്നേയും കൊണ്ട് കളിസ്ഥലങ്ങളിലേക്ക് പോകാന്‍. എന്‍രെ കാര്യം ഞാന്‍ തന്നെ നോക്കണം. പലയിടത്തു നിന്നും നല്ല പോലെ അപമാനിക്കപ്പെട്ടു. ഈ ചെറുക്കനേതാ, അത്ര വയസ്സായി, എവിടുന്നു വരുന്നതാ തുടങ്ങിയ ചോദ്യങ്ങള്‍ കൊണ്ട് അവരെന്നെ കീറി മുറിച്ചു. നിങ്ങളുടെ മക്കളെയെല്ലാം ശരിയാക്കിത്തരാമെന്ന് ഞാന്‍ മനസ്സിലുറപ്പിക്കും. ദേഷ്യം മുഴുവന്‍ ഞാന്‍ കളിക്കളത്തിലാണ് തീര്‍ത്തിരുന്നത്.

ഞങ്ങള്‍ക്ക്. വീട്ടിലാകെ ഓടി നടക്കുന്ന എലികള്‍, – അവറ്റയുടെ ശല്യമാണെന്ന് തോന്നുന്നു എന്നെ ഒരു ചൂടനാക്കിയത്. കഞ്ഞിയില്‍ വെള്ളമൊഴിച്ച് മാത്രം കുടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ചുറ്റുപാടില്‍ നിന്നാണ് ഞാനും ജോര്‍ഡനും (അനുജന്‍ ജോര്‍ഡന്‍ ലുക്കാക്കുവും ദേശീയ ടീമില്‍ കളിക്കുന്നുണ്ട് ) ഇന്നത്തെ നിലയില്‍ എത്തിയത്.

അപ്പൂപ്പനായിരുന്നു ആശ്വാസം – അമ്മയുടെ അച്ഛന്‍. കോംഗോയില്‍ നിന്നുള്ളവരാണ് അമ്മയും അച്ഛനും. പന്ത്രണ്ടാം വയസ്സില്‍ 34 കളികളില്‍ നിന്ന് ഞാന്‍ 76 ഗോളടിച്ചിരുന്നു. അച്ഛന്റെ പഴയ ബൂട്ടിട്ടാണ് ഞാന്‍ കളിച്ചിരുന്നത്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അളവായിരുന്നു. ഒരു ദിവസം അപ്പൂപ്പന്‍ വിളിച്ചു, അടിച്ച ഗോളുകളുടെ എമ്ണമെല്ലാം ഞാന്‍ വിവരിച്ചുകൊണ്ടിരിക്കേ അദ്ദേഹം ഒരു കാര്യം ആവശ്യപ്പെട്ടു. അമ്മയെ നന്നായി നോക്കണമെന്നായിരുന്നു അത്. ഞാന്‍ അമ്പരന്നു. അമ്മയെ കഷ്ടപ്പെടുത്തില്ലെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു. അഞ്ചു ദിവസമാകുമ്പോഴേക്കും അപ്പൂപ്പന്‍ മരിച്ചു.

2009 മെയ് 14

എനിക്ക് 16 വയസ്സും 11 ദിവസവും പ്രായമായിരുന്നു. പ്ലേഓഫ് ഫൈനല്‍ ആന്ദെര്‍ലെഹ്റ്റും സ്റ്റാന്റേഡ് ലിഗയും തമ്മില്‍. എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ദിവസം.

അക്കാലത്ത് അണ്ടര്‍ 19 ടീമില്‍ പോലും ഇടം കിട്ടാതെ ഞാന്‍ ബെഞ്ചിലിരിക്കുകയാണ്. പതിനാറാം വയസ്സില്‍ പ്രഫഷണലാകാനുള്ള മോഹം സഫലമാകാന്‍ ഒരു വഴിയും കാണുന്നില്ല. ഒടുവില്‍ ഞാന്‍ കോച്ചിനു മുന്നില്‍ ഒരു നിര്‍ദ്ദേശം വച്ചു. എന്നെ കളിപ്പിച്ചാല്‍ ഈ സീസണില്‍ ഞാന്‍ 25 ഗോളെങ്കിലും അടിക്കാം, ഇല്ലെങ്കില്‍ എന്നെ ഒഴിവാക്കിക്കോളൂ എന്ന്. അദ്ദേഹം ജീവിതത്തില്‍ വച്ച ഏറ്റവും മോശം ബെറ്റാവുമത്, നവംബര്‍ ആകുമ്പോഴേക്കും ഞാന്‍ 25 ഗോളടിച്ചു. വിശന്നു വരുന്നവനോട് കളിതമാശ കാണിക്കരുതെന്ന് അദ്ദേഹം പഠിച്ചു കാണും.

മെയ് 13 ന് എന്റെ പിറന്നാള്‍ ദിവസം ഞാന്‍ ആന്ദെര്‍ലെഹ്റ്റുമായി കരാറൊപ്പിട്ടു. കേബിള്‍ കണക്ഷനെടുക്കുകയാണ് ആദ്യം ചെയ്തത്. ഫിഫയുടെ ഒരു ഗെയിമും വാങ്ങി. സീസണ്‍ അവസാനിച്ചിരുന്നു. പക്ഷെ ആന്ദെര്‍ലെഹ്റ്റും സ്റ്റാന്‍ഡേഡ് ലീഗെയും തമ്മില്‍ ടൈ ആയതിനാല്‍ പ്ലേഓഫ് മത്സരം ബാക്കിയുണ്ടായിരുന്നു. ആദ്യ പാദമത്സരം ഞാന്‍ വിട്ടിലിരുന്ന് കണ്ടു. രണ്ടാം പാദത്തിന്റെ തലേന്ന് റിസര്‍വ് കളിക്കാരുടെ കോച്ചിന്റെ ഫോണ്‍.

റോം നീയെന്തെടുക്കുകയാണ്, പാര്‍ക്കില്‍ കളിക്കാന്‍ പോവകയാണെന്ന് മറുപടി പറഞ്ഞു. അതൊന്നും ഇനി വേണ്ട, ബാഗെടുത്ത് സ്റ്റേഡിയത്തിലേക്ക് പുറപ്പെടൂ, ടീമില്‍ നീ വേണം എന്ന കേട്ടിട്ടും എനിക്ക് വിശ്വാസമായില്ല, ഞാനോ ഞാനോ എന്ന് തിരിച്ചു ചോദിച്ചുകൊണ്ടിരുന്നു.

Image result for romelu-lukaku

അച്ഛന്‍രെ മുറിയിലേക്ക് ഞാന്‍ ഓടുകയായിരുന്നു. എനിക്കു നല്ല ഓര്‍മ്മയുണ്ട് സ്റ്റേഡിയത്തിലേക്കും ഓടിക്കൊണ്ടാണ് ചെന്നത്. നേരെ കിറ്റ്മാന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യം ഏത് നമ്പറാണ് വേണ്ടത്..

ഒട്ടും സംശയിച്ചില്ല പത്താം നമ്പര്‍ തരാമോയെന്ന് ചോദിക്കാന്‍ ഒരു മിടിയുമുണ്ടായില്ല. ചിരിയായിരുന്നു മറുപടി അക്കാദമി കളിക്കാര്‍ക്ക് മുപ്പതിന് മുകളിലേക്കുള്ള നമ്പറേ കിട്ടൂവെന്ന് അപ്പോള്‍ മാത്രമാണറിയുന്നത്. 36 തെരഞ്ഞെടുത്തു. ആറും മൂന്നു ഒമ്പത് -കൊള്ളാമെന്ന് തോന്നി. രാത്രി ഡിന്നറുണ്ടായിരുന്നു. സീനി.ര്‍ താരങ്ങള്‍ പാട്ടുപാടാന്‍ പറഞ്ഞു. എന്തോ പാടി- തല കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു, ഒന്നും ഓര്‍മ്മ പോലുമുണ്ടായിരുന്നില്ല.

പിറ്റേന്ന് രാവിലെ പാര്‍ക്കില്‍ കളിക്കാന്‍ വിളിക്കാനെത്തിയ കൂട്ടുകാരനോട് അമ്മ പറയുന്നു, അവന്‍ കളിക്കാന്‍ പോയി. എവിടെയെന്ന് അവന്‍ ഫൈനല്‍ കളിക്കാന്‍ സ്റ്റേഡിയത്തില്‍ പോയെന്ന് അമ്മ.

സ്റ്റേഡിയത്തില്‍ ടീം ബസ്സില്‍ വന്നിറങ്ങുമ്പോള്‍ പഴകിയ ഒരു ട്രാക്ക സ്യൂട്ടായിരുന്നു വേഷം. മറ്റെല്ലാവരും നല്ല വേഷത്തിലും. ലൈവ് ടിവി ക്യാമറക്കു മുന്നിലൂടെ മൂന്ന് മിനിറ്റോളം നടക്കണമായിരുന്നു.ടിവിയില്‍ എന്നെ കമ്ടതോടെ ഫോണ്‍ വിളികളുടെ ബഹളമായി, മെസേജുകളുടേയും. ഏറ്റവുമടുത്ത കൂട്ടുകാരനു മാത്രം മറുപടി അയച്ചു. കളിക്കാനാവുമോ എന്ന് ഉറപ്പൊന്നുമില്ല. അറുപത്തി മൂന്നാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി. 16 വയസ്സും 11 ദിവസവുമായിരുന്നു പ്രായം.  ഫൈനലില്‍ ഞങ്ങള്‍ തോറ്റു. പക്ഷെ അമ്മക്കും അപ്പൂപ്പനും നല്‍കിയ വാക്ക് ഞാന്‍ പാലിക്കുകയായിരുന്നു.

സ്‌കൂളില്‍ പരീക്ഷ നടക്കുമ്പോള്‍ എനിക് യൂറോപ്പ ലീഗിലൊക്കെ കളിയുണ്ടാവും. രാവിലെ വലിയ ബാഗുമായി സ്‌കൂളിലെത്തും അവിടുന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകും. ലീഗ് ഞങ്ങള്‍ ജയിച്ചു. മികച്ച രണ്ടാമത്തെ ആഫ്രിക്കന്‍ കളിക്കാരനായി ഞാന്‍.
ഇതെല്ലാം സംഭവിക്കുമെന്ന് എനിക്കുറപ്പായിരുന്നു, പക്ഷെ ഇത്ര വേഗത്തിലാവുമെന്ന് കരുതിയില്ലെന്നു മാത്രം. മാധ്യമങ്ങള്‍ എനിക്കുമോല്‍ പ്രശംസചൊരിയാന്‍ തുടങ്ങി. അതനനുസരിച്ച് എന്നിലുള്ള പ്രതീക്ഷകളും കുതിച്ചുയര്‍ന്നു. പക്ഷെ എന്തുകൊണ്ടോ ബെല്‍ജിയത്തിനു വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് 17-18-19 വയസ്സായിരുന്നു പ്രായം.

Image result for romelu-lukaku

ഗോളടിക്കുമ്പോള്‍ ഞാനവര്‍ക്ക് ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമീലു ലുക്കാക്കുവാണ്. ഫോം അല്‍പം മങ്ങിയാല്‍ കോംഗോ വംശജനായ ലുക്കാക്കുവും. എന്റെ കളി ഇഷ്ടമല്ലെങ്കില്‍ അതു പറയാം. ഒരു കുഴപ്പവുമില്ല ഞാന്‍ ഇവിടെ ജനിച്ചവനാണ്, ആന്റ് വെര്‍പിലും ലിഗെയിലും ബ്രസ്സല്‍സിലും വളര്‍ന്നവനാണ്. ഒരു ദിവസം വിന്‍സെന്റ് കംപനിയാകുന്നത് സ്വപ്നം കണ്ടവനാണ്.

ബെല്‍ജിയം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ എന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിക്കും വരെ ഞാന്‍ കളി തുടകയായിരുന്നു എന്റെ ലക്ഷ്യം. എന്തിനാണ് ഞാന്‍ തോറ്റുകാണാന്‍ എന്റെ നാട്ടിലെ തന്നെ ചിലര്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല.

ചെല്‍സിയില്‍ പോയപ്പോഴും പലരും എന്നെ കളിയാക്കുകയായിരുന്നു, ഞാന്‍ കളത്തിലിറങ്ങിയേയില്ല. വെസ്റ്റ്‌ബ്രോണിലേക്ക് പോയപ്പോഴും ഇത് തുടര്‍ന്നു. എന്തെങ്കിലുമാവട്ടെ ജീവിക്കാന്‍ ബുദ്ധിമുട്ടിയ ഞങ്ങളുടെ ചെറുപ്പകാലം കണ്ടിട്ടില്ലാത്തവരെ അതൊന്നും ഇപ്പോള്‍ ബോധ്യപ്പെടുത്താനാവില്ല.

നിങ്ങള്‍ക്കറിയാമോ, കുട്ടിക്കാലത്ത് ഏതാണ്ട് പത്തുകൊല്ലത്തോളം ഞാന്‍ ടിവിയേ കണ്ടിട്ടില്ല. 2002 ലാണെന്നു തോന്നുന്നു, റയലും ലിവര്‍ക്യൂസനും തമ്മിലുള്ള കളിയുടെ പിറ്റേന്ന് ക്ലാസ്സിലെ കുട്ടികളെല്ലാം ചര്‍ച്ചയാണ് സിദാന്റെ ഗോളിനെ കുറിച്ച്, എന്തൊരു വോളിയായിരുന്നു അതെന്ന ചര്‍ച്ചയില്‍ ഞാനും കൂടി. കണ്ടില്ലെന്ന് ആരോടും പറഞ്ഞില്ല.

Image result for romelu-lukaku

നാളുകള്‍ക്കു ശേഷം കംപ്യൂട്ടര്‍ ക്ലാസ്സില്‍ വച്ച് ഒരു കൂട്ടുകാരന്‍ ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ആ ഗോള്‍ ഞാന്‍ കാണുന്നത്. ലോകകപ്പ് ഫൈനലിന് റൊണാള്‍ഡോ എന്ന പ്രതിഭാസത്തെ കാണാന്‍ മാത്രം അവന്റെ വീട്ടില്‍ പോയി. അതല്ലാത്ത മറ്റ് കളകളെ കുറിച്ചെല്ലാം കൂട്ടുകാര്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ. അക്കാലത്തും തുളയുള്ള ഷൂസാണ് ഞാനുപയോഗിച്ചിരുന്നത്. പന്ത്രണ്ടു വര്‍ഷത്തിനിപ്പുറം ഞാന്‍ ബ്രസീലില്‍ ലോകകപ്പ് കളിച്ചു, ഇപ്പോഴിതാ രണ്ടാമതും കളിക്കുന്നു, റഷ്യയില്‍. ഇത്തവണ അതാസ്വദിക്കണം, ജീവിതം അത്ര വലുതൊന്നുമല്ലല്ലോ. എന്നെ പറ്റിയും ടീമിനെ പറ്റിയും ആളുകള്‍ എന്തും പറഞ്ഞോട്ടെ.

ചെറുപ്പത്തില്‍ തിയറി ഒന്‍ റി ഒന്നും കളിക്കുന്ന ഒരു മാച്ചു പോലും ഞാന്‍ കണ്ടിട്ടില്ല, പണം വേണ്ടേ? ഇപ്പോള്‍ ഒന്‍ റി എനിക്ക് കളി പറഞ്ഞു തരുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടേണ്ടേ? താന്‍ ചെയ്തിരുന്ന പോലെ എങ്ങനെ കളത്തിലെ ഒഴിവുകളിലേക്ക് ഓടിക്കയറാമെന്ന് ഒന്‍ റി എന്നെ പഠിപ്പിക്കുകയാണ്. അവിശ്വസനീയമല്ലേ അത്. എന്നെക്കാളധികം പന്തുകളി കാണുന്ന ലോകത്തെ ഒരേയൊരാള്‍ അദ്ദേഹമാകും, ഞങ്ങള്‍ ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ലീഗിനെ പറ്റി വരെ ചര്‍ച്ച ചെയ്യാറുണ്ട്.
അപ്പൂപ്പന്‍ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. ഞാന്‍ ലോകകപ്പ് കളിക്കുന്നത് കാണാനോ , മാന്‍ചെസ്റ്റര്‍ യുണൈറ്റഡിനു കളിക്കുന്നത് കാണാനോ ഒന്നുമല്ല, ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം കാണാന്‍. അമ്മയിപ്പോള്‍ പട്ടിണി കിടക്കുകയോ തറയിലുറങ്ങുകയോ ചെയ്യാറില്ലെന്ന് കാണാന്‍- അതിനുമാത്രം.

ദ പ്‌ളെയേഴ്‌സ് ട്രിബ്യൂണില്‍   എഴുതിയ കുറിപ്പ് -സ്വതന്ത്ര പരിഭാഷ: രാജീവ് രാമചന്ദ്രന്‍