2026 യൂറോ യോഗ്യത മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് അസര്‍ബൈജാനെ തകര്‍ത്തു. മത്സരത്തില്‍ ബെല്‍ജിയത്തിനായി ഹാട്രിക് അടക്കം നാല് ഗോളുകളുമായി മിന്നും പ്രകടനമാണ് റൊമേലു ലുക്കാക്കു കാഴ്ചവെച്ചത്. ഈ മികച്ച പ്രകടനത്തിലൂടെ തകര്‍പ്പന്‍ റെക്കോഡാണ് ലുക്കാക്കു സ്വന്തം പേരില്‍ കുറിച്ചത്.
യൂറോ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ലുക്കാക്കു കാലെടുത്തുവെച്ചത്. യോഗ്യത മത്സരങ്ങളില്‍ 14 ഗോളുകളാണ് ലുക്കാക്കു നേടിയത്. ഇതിന് പിന്നാലെയാണ് യൂറോ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ലുക്കാക്കു മാറിയത്.
ഇതിന് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിന്റെ റോബര്‍ട്ട് ഹീലിയും പോളിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയും 13 ഗോളുകളോടുകൂടി ആയിരുന്നു ഈ നേട്ടത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം മറികടന്നുകൊണ്ടായിരുന്നു ലുക്കാക്കുവിന്റെ മുന്നേറ്റം.
ഈ മികച്ച പ്രകടനത്തിലൂടെ ബെല്‍ജിയത്തിനായി 83 ഗോളുകള്‍ നേടി കൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പുരുഷതാരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്താനും ലുക്കാക്കുവിന് സാധിച്ചു. യു.എ.ഇ താരമായ അലി മബ്ഖൗട്ടും 83 ഗോളുകളുമായി ലുക്കാക്കുവിനൊപ്പമുണ്ട്.
ബെല്‍ജിയത്തിന്റെ തട്ടകമായ കിങ് ബൗഡൈന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17′, 26′, 30′, 37′ എന്നീ മിനിട്ടുകളിലായിരുന്നു ലുക്കാക്കുവിന്റെ നാല് ഗോളുകളും പിറന്നത്.
ആദ്യപകുതി 4-0ത്തിന് സ്വന്തമാക്കിയ ബെല്‍ജിയം രണ്ടാം പകുതിയിലും തങ്ങളുടെ മുന്നേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. മത്സരത്തിന്റെ 90 മിനിട്ടില്‍ ലിയനാഡ്രോ ട്രൊസാര്‍ഡ് അഞ്ചാം ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ബെല്‍ജിയം പിടിച്ചെടുക്കുകയായിരുന്നു.
മത്സരത്തില്‍ 75 ശതമാനം ബോള്‍ പൊസിഷനും ബെല്‍ജിയത്തിന്റെ ഭാഗത്ത് ആയിരുന്നു. 22 ഷോട്ടുകള്‍ ആണ് ബെല്‍ജിയം എതിരാളികളുടെ പോസ്റ്റിലേക്ക് പായിച്ചത്. യൂറോ മത്സരങ്ങളില്‍ എട്ട് കളികളില്‍ നിന്നും 22 ഗോളുകള്‍ ആണ് ബെല്‍ജിയം നേടിയത്.
ജയത്തോടെ ഗ്രൂപ്പ് എഫില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് സമനിലയും അടക്കം 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം.
Content Highlight: Romelu Lukaku create record the most goal scorer in Euro qualifiers.