2002ന് ശേഷം മറ്റൊരു ലോകകപ്പിനായുള്ള ബ്രസീലിന്റെ കാത്തിരിപ്പ് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഏറെ സാധ്യത കല്‍പിച്ച 2006 ലോകകപ്പിലും സ്വന്തം മണ്ണില്‍ നടന്ന 2014 ലോകകപ്പിലും കാനറികള്‍ക്ക് കപ്പുയര്‍ത്താന്‍ സാധിച്ചില്ല. വമ്പന്‍ താരനിരയുമായി 2022ല്‍ ഖത്തറിലേക്ക് പറന്നെങ്കിലും റിയോയുടെ മണ്ണില്‍ കിരീടമെത്തിക്കാന്‍ മഞ്ഞക്കുപ്പായക്കാര്‍ക്ക് സാധിച്ചില്ല.
ഇത്തവണ നടന്ന കോപ്പ അമേരിക്കയിലും ബ്രസീലിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
2026 ലോകകപ്പിന് മുമ്പ് ബ്രസീല്‍ ദേശീയ ടീമിന് മുന്നറിയിപ്പ് നല്‍കുകയാണ് ഇതിഹാസ താരവും 1994ല്‍ ബ്രസീലിന്റെ കിരീടനേട്ടത്തില്‍ സുപ്രധാന പങ്കു വഹിച്ച താരവുമായ റൊമാരിയോ. നെയ്മറിന് വേണ്ടി കളിച്ചില്ലെങ്കില്‍ ബ്രസീലിന് 2026 ലോകകപ്പ് നേടാന്‍ സാധിക്കില്ല എന്നാണ് റൊമാരിയോ പറഞ്ഞത്.
റൊമാരിയോയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്ലാനെറ്റ ഡോ ഫുട്‌ബോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘നെയ്മറിന് വേണ്ടി കളിക്കുന്നില്ലെങ്കില്‍ ബ്രസീലിന് ലോകചാമ്പ്യന്‍മാരാകാന്‍ സാധിക്കില്ല. അത്രയേ ഉള്ളൂ കാര്യം. അവനാണ് ഡിഫ്രന്‍സ് മേക്കര്‍ എന്ന് മനസിലാക്കാന്‍ ടീമിന് സാധിക്കുന്നില്ലെങ്കില്‍ അവര്‍ തുടര്‍ന്നും പരാജയപ്പെടും,’ അദ്ദേഹം പറഞ്ഞു.
ടീമിനൊപ്പം മൂന്ന് ലോകകപ്പുകളില്‍ പന്തുതട്ടിയെങ്കിലും നെയ്മറിന് ലോകകിരിടം ചൂടാന്‍ സാധിച്ചിരുന്നില്ല. ബ്രസീലിനെ ആറാം ലോക കിരീടത്തിലേക്ക് നെയ്മര്‍ കൊണ്ടുചെന്നെത്തിക്കുമെന്നുള്ള ആരാധകരുടെ പ്രതീക്ഷകള്‍ മാത്രമാണ് ഇപ്പോഴും ബാക്കിയായി നില്‍ക്കുന്നത്.
ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന നേട്ടം ഇതിഹാസ താരം പെലെയെ മറികടന്ന് നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. 79 ഗോളുകള്‍. എന്നാല്‍ പെലെ കാനറികള്‍ക്ക് നേടിക്കൊടുത്തതുപോലെ ഒരു കിരീടം സ്വന്തമാക്കാന്‍ ബ്രസീലിയന്‍ വണ്ടര്‍ കിഡിന് സാധിച്ചിട്ടില്ല.
അതേസമയം, തിയാഗോ സില്‍വയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പടിയിറങ്ങിയതോടെ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും അടക്കമുള്ള യുവതാരങ്ങളായിരിക്കും 2026 ലോകകപ്പില്‍ കാനറികള്‍ക്കായി പന്ത് തട്ടുക. നിലവിലെ സാഹചര്യത്തില്‍ നിന്നും ഏറെ മുന്നോട്ട് പോയാല്‍ മാത്രമേ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയുള്ളൂ.
Content highlight: Romario warns Brazil before 2026 World Cup