IPL 2024; ആദ്യവെടി പൊട്ടിച്ച് മുംബൈ ഇന്ത്യന്‍സ്; സര്‍പ്രൈസ് നീക്കത്തില്‍ ലഖ്‌നൗവില്‍ നിന്നും സൂപ്പര്‍ താരം ടീമില്‍
ഐ.പി.എല്‍ 2024നുള്ള മുന്നൊരുക്കത്തിലാണ് ടീമുകളൊന്നാകെ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കരീബിയന്‍ സൂപ്പര്‍ താരം റൊമാരിയോ ഷെപ്പേര്‍ഡിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് മുംബൈ ഇന്ത്യന്‍സാണ് ഐ.പി.എല്‍ ആവേശത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഐ.പി.എല്‍ 2022ല്‍ സണ്‍റൈസേഴ്‌സിന്റെ ഭാഗമായി ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗില്‍ കാലെടുത്തുവെച്ച ഷെപ്പേര്‍ഡ് കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായാണ് കളിച്ചത്.
2022ല്‍ സണ്‍റൈസേഴ്‌സിനായി മൂന്ന് മത്സരങ്ങള്‍ കളിച്ച ഷെപ്പേര്‍ഡ് കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ജയന്റ്‌സിനായി ഒറ്റ മത്സരം മാത്രമാണ് കളിച്ചത്.
ഐ.പി.എല്ലില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും 19.33 എന്ന ശരാശരിയിലും 138.10 എന്ന സ്‌ട്രൈക്ക് റേറ്റിലും 58 റണ്‍സാണ് ഷെപ്പേര്‍ഡ് നേടിയത്. പുറത്താകാതെ നേടിയ 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ബൗളിങ്ങിലേക്ക് വരുമ്പോള്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 32.67 എന്ന ശരാശരിയിലും 10.89 എന്ന എക്കോണമിയിലും 98 റണ്‍സാണ് താരം വഴങ്ങിയത്.
അതേസമയം, ഐ.പി.എല്ലിന്റെ 16ാം എഡിഷനുള്ള താരലേലം ഡിസംബര്‍ 19ന് നടക്കും. കഴിഞ്ഞ തവണ കൊച്ചിയായിരുന്നു താരലേലത്തിന് വേദിയായതെങ്കില്‍ ഇത്തവണ ദുബായ് താരലേലത്തിന് ആതിഥ്യമരുളുന്നത്.
നവംബര്‍ 15നകം എല്ലാ ടീമുകളും റിലീസ് ചെയ്യുന്ന താരങ്ങളുടെയും നിലനിര്‍ത്തുന്ന താരങ്ങളുടെയും പട്ടിക സമര്‍പ്പിക്കണം. ഡിസംബര്‍ ആദ്യ വാരത്തില്‍ ഓക്ഷന്‍ പൂള്‍ നിര്‍ണയിക്കും.
ഈ ലേലത്തില്‍ ഓരോ ടീമിന്റെയും ഓക്ഷന്‍ പേഴ്സില്‍ അഞ്ച് കോടി രൂപ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 100 കോടിയാകും ഓരോ ടീമിന്റെയും ഓക്ഷന്‍ പേഴ്സ്.
ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക് ഈ ലേലത്തില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടങ്കയ്യന്‍ പേസര്‍ ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെയും ഇത്തവണ ഐ.പി.എല്‍ ടീമുകള്‍ക്ക് സ്വന്തമാക്കാന്‍ അവസരമൊരുങ്ങും.
Content Highlight: Romario Shepherd traded to Mumbai Indians from Lucknow Super Giants.