| Wednesday, 14th February 2024, 10:57 am

'ഞാന്‍ മെസിക്കും റൊണാള്‍ഡോക്കും തുല്യന്‍, എന്നെക്കാള്‍ മികച്ചവര്‍ രണ്ട് പേര്‍ മാത്രം'

സ്പോര്‍ട്സ് ഡെസ്‌ക്

താന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാരിയോ, ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരുടെ അതേ ലെവലിലുള്ള ഫുട്‌ബോളറാണെന്ന് ബ്രസീലിന്റെ ഇതിഹാസ താരം റൊമാരിയോ.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ബ്രസീലിയന്‍ ഫോര്‍വേര്‍ഡ്, തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങള്‍ മാത്രമേ ഉള്ളൂവെന്നു വിശ്വസിക്കുന്നു.

കാറ്റനാച്ചിയോ ഈ കോണ്‍ട്രോപിയേഡെ (Catenaccio e Contropiede)ക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് താരങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള റാപ്പിഡ് ഫയറിലാണ് റൊമാരിയോ ഇക്കാര്യം പറഞ്ഞത്.

‘റൊമാരിയോ ആണോ സീക്കോ ആണോ മികച്ചത്’, ‘റൊമാരിയോ ആണോ ബെബെറ്റോ ആണോ മികച്ചത്’ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം റൊമാരിയോ എന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്.

റിവാള്‍ഡോ, അഡ്രിയാനോ, സുവാരസ്, നെയ്മര്‍ എന്നിങ്ങനെയുള്ള താരങ്ങളെയും ചോദ്യകര്‍ത്താവ് പരാമര്‍ശിച്ചിരുന്നു. ഇതിലും തന്റെ പേരാണ് റൊമാരിയോ പറഞ്ഞത്.

ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ വണ്ടര്‍ കിഡ് എര്‍ലിങ് ഹാലണ്ട് എന്നിവരെക്കാളും മികച്ചത് താന്‍ തന്നെയാണെന്നും റൊമാരിയോ പറഞ്ഞു.

റൊമാരിയോ ആണോ റൊണാള്‍ഡോ (നസാരിയോ) എന്ന ചോദ്യത്തിന് തുല്യരാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും തനിക്ക് തുല്യരാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീന്യോയെയും തനിക്ക് തുല്യനായാണ് റോമാരിയോ പരിഗണിച്ചത്.

തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങളെ മാത്രമാണ് റൊമാരിയോ തെരഞ്ഞെടുത്തത്. ഇതിഹാസ താരങ്ങളായ പെലെയും മറഡോണയുമാണ് തന്നെക്കാള്‍ മികച്ചതെന്ന് റൊമാരിയോ പറഞ്ഞു.

ബ്രസീലിനായി കളത്തിലിറങ്ങിയ 70 മത്സരത്തില്‍ നിന്നുമായി 55 ഗോളുകളാണ് താരം തന്റെ പേരില്‍ കുറിച്ചത്. ബ്രസീല്‍ 1994ല്‍ ലോകകരീടം ചൂടുമ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ പ്രധാനിയായിരുന്നു റൊമാരിയോ.

ക്ലബ്ബ് തലത്തില്‍ ബാഴ്‌സലോണക്ക് വേണ്ടിയും ഡച്ച് ക്ലബ്ബായ പി.എസ്.വി ഐന്തോവാന് വേണ്ടിയുമാണ് താരം പന്ത് തട്ടിയത്. നിരവധി ഡച്ച് ലീഗ് കിരീടങ്ങളും ലാലിഗ കിരീടങ്ങളും റൊമാരിയോ തന്റെ കരിയറില്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ക്ലബ്ബ് തലത്തില്‍ കളിച്ച 284 മത്സരത്തില്‍ നിന്നും 213 ഗോളുകളും 35 അസിസ്റ്റുമാണ് റൊമാരിയോയുടെ സമ്പാദ്യം.

Content highlight: Romario says he is equal to Lionel Messi and Cristiano Ronaldo

We use cookies to give you the best possible experience. Learn more