| Friday, 11th September 2020, 10:36 am

കാല്‍പനികതയും കണ്‍സ്ട്രക്ടിവിസവും: വിദ്യാഭ്യാസ നയം വിലയിരുത്തപ്പെടുമ്പോള്‍

ആദില കബീര്‍

കോവിഡ് കാലത്തിനിടയില്‍ ദേശീയ വിദ്യാഭ്യാസ നയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. തുടക്കം മുതല്‍ തന്നെ ഗുണദോഷസമ്മിശ്രമായ പ്രതികരണങ്ങളാണ് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഉയരുന്നത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്നോട്ടു വെക്കപ്പെട്ട നയരേഖ എന്ന നിലയില്‍ പ്രതീക്ഷയോടെയും, അതേ സമയം; കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ നയങ്ങളുടെ രാഷ്ട്രീയ- സാമൂഹിക പ്രത്യാഘാതങ്ങള്‍ ധാരണയുള്ളതിനാല്‍, സംശയ ദൃഷ്ടിയോടെയുമാണ് രേഖ വായിക്കപ്പെടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലാണ് വിദ്യാഭ്യാസ നയം അധിക ശ്രദ്ധയും ചെലുത്തിയിട്ടുള്ളത്. ധാരാളം കേന്ദ്രീകൃത സ്ഥാപനങ്ങളുടെ സാധ്യതയും പുനക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള ആവര്‍ത്തിക്കുന്ന പരാമര്‍ശങ്ങളും ഇത് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, വിദ്യാഭ്യാസ രേഖയുടെ ആത്യന്തിക ഫലം പ്രതിഫലിക്കുന്ന ഇടങ്ങള്‍ ക്ലാസ് മുറികളും ആത്യന്തിക ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികളുമാണല്ലോ. അവിടങ്ങളില്‍ നടക്കേണ്ട വിദ്യാഭ്യാസ പ്രക്രിയയെ മുന്‍ നിര്‍ത്തിയുള്ള നയരേഖയുടെ നിര്‍ദേശങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുക മാത്രമാണു ഇവിടെ ചെയ്യുന്നത്. നയരേഖ നേര്‍ക്കുനേര്‍ ഉയര്‍ത്തുന്ന മറ്റ് സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല.

കാല്‍പനികമായ ക്ലാസ് മുറിയുടെ സങ്കല്പത്തില്‍ നിന്ന് വിടുതല്‍ നേടിയിട്ടില്ലാത്ത രേഖയാണ് 2020 ല്‍ പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയം. കുട്ടികളെ കുറിച്ചും പഠനത്തെക്കുറിച്ചും മെച്ചപ്പെട്ട പഠനരീതികള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നയരേഖ ഉത്കണ്ഠപ്പെടുന്നില്ല. തന്നെയുമല്ല, ഇതിനൊക്കെയും ഏകാത്മകമായ പരിഹാരം എന്ന നിലയില്‍ ഒരധ്യാപന- പഠന സമീപനവും നയരേഖ ആവര്‍ത്തിക്കുന്നുണ്ട്. നേരിട്ട് പദപ്രയോഗം നടത്തുന്നില്ലെങ്കിലും കണ്‍സ്ട്രക്റ്റിവിസത്തിലൂന്നിയ ക്ലാസ് റൂമുകളിലാണ് വിദ്യാഭ്യാസ നയം വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആമുഖഭാഗത്തു തന്നെ ക്ലാസ് മുറിയില്‍ നടക്കുന്ന പഠനം സംബന്ധിച്ചുപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. Discovery oriented, inquiry- based, discussion based, flexible, enjoyable തുടങ്ങിയ പ്രയോഗങ്ങള്‍ അവിടെ കാണാം. രേഖയുടെ തുടക്കത്തില്‍ മാത്രമല്ല, വിദ്യാഭ്യാസ പ്രക്രിയ പറയേണ്ടി വരുമ്പോഴൊക്കെയും ഈ വാക്കുകളുടെ അതിപ്രസരമാണ് നാം കാണുന്നത്.

ഭരണനിര്‍വ്വഹണം സംബന്ധിച്ച വിഷയങ്ങളില്‍ മാത്രമാണു ‘എന്ത്- എങ്ങനെ’ നടപ്പിലാക്കണം എന്ന കേവല ധാരണയെങ്കിലും പോളിസിക്കുള്ളത്. അത്തരം പരാമര്‍ശങ്ങളില്‍ മുഴുവന്‍ പുതിയ കേന്ദ്രീകൃത സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നും അവ എന്താവശ്യം നിറവേറ്റുന്നതിന് വേണ്ടിയാണെന്നും പറയുന്നുമുണ്ട്. എന്നാല്‍ ക്ലാസ്മുറിയിലെ വ്യവഹാരങ്ങള്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങളില്‍ എപ്പോഴും അവ്യക്തതയാണ്. ഒരുപക്ഷേ, ഈ അവ്യക്തതയെ മറയ്ക്കാനുള്ള പുകമറ പോലെയാണ് ആകര്‍ഷകമായ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് പോലും!

ഗുണകരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ പ്രക്രിയകള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി ക്ലാസ്മുറികളുടെ ഭാഗമാക്കണം എന്നു നിര്‍ദേശിക്കാന്‍ നയരേഖയ്ക്ക് അധികാരമുണ്ടായിരിക്കാം. എന്നാല്‍ അത് കണ്‍സ്ട്രക്റ്റിവിസ്റ്റ് ക്ലാസ് മുറികളാണ് എന്ന മുന്‍ധാരണ നയം തുറന്നു തന്നെ വെളിപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാവിയില്‍ നടക്കേണ്ടുന്ന ഗവേഷണങ്ങള്‍ പോലും കളിയിലും അന്വേഷണാത്മകതയിലുമൂന്നിയ വിദ്യാഭ്യാസ നവീകരണത്തിന് വേണ്ടിയാണ് എന്ന് രേഖ വ്യക്തമാക്കുന്നുണ്ട്.(17.8).

പഠന പ്രക്രിയ നടക്കേണ്ടത് experiential learning വഴിയാണ് എന്ന് നയരേഖ ഊന്നിപ്പറയുന്നുണ്ട്. പോളിസിയുടെ 4.5 മുതല്‍ 4.8 വരെയുള്ള ഭാഗങ്ങള്‍ ഇതിന് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്. Experiential Learning ആകട്ടെ അപ്പാടെയും കണ്‍സ്ട്രക്റ്റിവിസത്തെ അടിസ്ഥാനപ്പെടുത്തി മുന്നോട്ട് വെക്കപ്പെട്ട പഠന സമീപനവും!

അധ്യാപന രീതിശാസ്ത്രം സംബന്ധിച്ച ആധികാരിക അഭിപ്രായം നയരേഖ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന ചോദ്യം നിലനില്‍ക്കേ തന്നെ, മുന്നോട്ട് വെച്ച നിര്‍ദേശം പോലും കാലഹരണപ്പെട്ട ഒന്നാണ് എന്നുള്ളതാണ് നിരാശാജനകമായ വസ്തുത. ഇന്ത്യയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയും സ്വാധീനിക്കാന്‍ ശേഷിയുള്ള ഇങ്ങനെയൊരു സമീപനത്തെ എന്തു ശാസ്ത്രീയ അടിത്തറയിലാണ് നയരേഖ നിര്‍ദേശിക്കുന്നത്?

എന്താണീ കണ്‍സ്ട്രക്റ്റിവിസം?

കണ്‍സ്ട്രക്റ്റിവിസ്റ്റ് ക്ലാസ് റൂം സങ്കല്‍പം പുതിയ കണ്ടെത്തലോ ഇതുവരെ നടക്കാത്ത വിദ്യാഭ്യാസ സമീപനമോ അല്ല. കേരളത്തിലടക്കം പയറ്റി ഉപേക്ഷിക്കപ്പെട്ട, അമേരിക്കയില്‍ 1960 കളോടെ നിരന്തരം പരീക്ഷിക്കപ്പെടുകയും 80 കളോടെ തെളിവുകള്‍ മുന്‍ നിര്‍ത്തി മറികടക്കുകയും ചെയ്ത രീതിയാണത്. കുട്ടികള്‍ എങ്ങനെ പഠിക്കുന്നു എന്നുള്ളത് സംബന്ധിച്ച് അക്കാലത്ത് ലഭ്യമായ വിവരങ്ങള്‍ വിലയിരുത്തി ജീന്‍ പിയാഷെ(18961980) മുന്നോട്ട് വെച്ച പരികല്‍പനയാണ് പിന്നീട് കണ്‍സ്ട്രക്റ്റിവിസം എന്ന പ്രയോഗ മാതൃകയ്ക്ക് ആക്കം കൂട്ടിയത്. ‘Learning is no more than a sector of cognitive development that is facilitated by experience’ (Piaget, 1970b, p. 714). എന്നാണ് അദ്ദേഹം മുന്നോട്ടു വെച്ച പഠന സങ്കല്പം.

എങ്ങനെ പഠിക്കുന്നു എന്ന വിവരം എങ്ങനെ പഠിപ്പിക്കണം എന്ന സൂചന കൂടിയായതിനാല്‍ constructivism മുന്‍നിര്‍ത്തി വ്യത്യാസതങ്ങളായ അധ്യാപന സമീപനങ്ങളും ബോധന രീതികളും പരീക്ഷിക്കപ്പെട്ടു. കളികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചയും സംവാദവുമായി മുന്നോട്ട് പോകുന്ന സംവാദാത്മകമായ, സജീവമായ വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠനാന്തരീക്ഷമാണ് മേല്‍ സമീപനത്തിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ടത്.

എന്നാല്‍ പിന്നീട് പിയാഷെയുടെ ‘ധാരണാ വികസന ഘട്ടങ്ങള്‍’ പലയിടങ്ങളിലായി നിയന്ത്രിത പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും അതിനെ സാധൂകരിക്കാന്‍ കഴിയുന്ന മതിയായ തെളിവുകളില്ല എന്ന് തിരിച്ചറിയപ്പെടുകയും ചെയ്തു. എങ്കിലും, constructivist അധ്യാപന സമീപനങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്ന് പോയി. അനുഭവാത്മക പഠനവും, പ്രശ്‌ന പരിഹാര പഠനവും, അന്വേഷണാത്മക പഠനവും ക്ലാസ് മുറികളീല്‍ പരീക്ഷിക്കപ്പെട്ടു.

കണ്‍സ്ട്രക്റ്റിവിസവും അദ്ധ്യാപകരും

സാമ്പ്രദായിക ക്ലാസ് മുറികളുടെ കേന്ദ്രം ‘അറിവും വിവരവും കൈമാറ്റം ചെയ്യുന്ന ‘അദ്ധ്യാപകരാകുമ്പോള്‍’ കണ്‍സ്ട്രക്റ്റിവിസ്റ്റ് ക്ലാസ് മുറികള്‍ കുട്ടികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കുട്ടികളെ അറിവിലേക്ക് നയിക്കുക മാത്രം ചെയ്യുന്ന അദ്ധ്യാപകര്‍, ചുരുങ്ങിയ നിര്‍ദേശങ്ങള്‍ [minimal guidance] മാത്രം നല്കുകയും കുട്ടി സ്വയം തീരുമാനങ്ങളില്‍ എത്തുകയും ചെയ്യുന്ന രീതിയായിരുന്നു ഈ സമീപനത്തിന്റെ പ്രത്യേകത.
Teacher എന്നുള്ളതിനെക്കാള്‍ mentor, facilitator തുടങ്ങിയ നിലകളിലാകും അദ്ധ്യാപകര്‍ സ്വയം നിലയുറപ്പിക്കുക.

അദ്ധ്യാപകര്‍ വിഷയാവതരണം നടത്തുക, വിവരങ്ങള്‍ കൈമാറുക തുടങ്ങിയ പരമ്പരാഗത രീതി പിന്തുടരുന്നില്ല. മറിച്ച്, കുട്ടികളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍, പ്രൊജക്ടുകള്‍, പ്രശ്‌ന പരിഹാര പദ്ധതികള്‍ തുടങ്ങിയവ ആസൂത്രണം ചെയ്യുകയും നടപ്പിലാവുകയും ചെയ്യുന്നു. അദ്ധ്യാപകര്‍ കാര്യങ്ങളുടെ മേല്‍നോട്ടം നടത്തുക മാത്രം ചെയ്യുന്നു.

കേള്‍ക്കാന്‍ ഇമ്പവും സങ്കല്‍പ്പിക്കാന്‍ സൗകര്യവുമുള്ള കാല്പനിക മൂല്യമുള്ള ആശയമാണ് ഇത്. പരിഷ്‌കരിക്കപ്പെടണം എന്നു കാലങ്ങളായി നാം ആഗ്രഹിക്കുന്ന സാ്ര്രമ്പദായിക സ്‌കൂള്‍ വിദ്യാഭ്യാസം ഈ വിധത്തില്‍ മാറുമെങ്കില്‍ അറിവിന്റെ അധികാരം കുട്ടികളില്‍ നിക്ഷിപ്തമായ ക്ലാസ് മുറി സംഭവിക്കും എന്നു NEP യും പറയുന്നുണ്ട്.

പഠനത്തിന്റെ പഠനം

മനുഷ്യര്‍ എങ്ങനെ പഠിക്കുന്നു, എങ്ങനെ ഓര്‍ക്കുന്നു, കുട്ടികള്‍ എങ്ങനെ ഭാഷ സ്വായത്തമാക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അന്വേഷിക്കപ്പെടുകയാണ്. തലച്ചോറിനെ സംബന്ധിച്ച പഠനവും അന്വേഷണവും കൂടുതല്‍ പുരോഗമിക്കുകയും ശാസ്ത്രരംഗം മുന്നോട്ട് പോവുകയും ചെയ്തതോടെ പഠന പ്രക്രിയയെ സംബന്ധിച്ച പുതിയ തെളിച്ചങ്ങള്‍ ഉണ്ടായി വരികയും പഠനം എന്ന പ്രക്രിയയ്ക്കു കൂടുതല്‍ മെച്ചപ്പെട്ട വിശദീകരണങ്ങള്‍ വരികയും ചെയ്തു.

ശാസ്ത്രീയവും പുതുതുമായ ഗവേഷണ ഫലങ്ങളെ മുന്‍ നിര്‍ത്തി സൂചിപ്പിച്ചാല്‍: ‘തലച്ചോറിന്റെ പരിമിതികള്‍ കണക്കിലെടുത്ത് വേണം വിദ്യാഭ്യാസ പ്രക്രിയ നടക്കേണ്ടത്’ എന്നു ചുരുക്കി പറയാം. തലച്ചോറിന് അതിന്റെ വര്‍ക്കിങ് മെമ്മറിയില്‍ (working memory) ഒരു സമയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിവരങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വയം പഠനം അല്ലെങ്കില്‍ ചുരുങ്ങിയ മാര്‍ഗ്ഗനിര്‍ദേശം മുന്‍നിര്‍ത്തിയുള്ള experiential / discovery പഠനം ഈ പരിമിതിയെ അഭിസംബോധന ചെയ്യുന്നില്ല. കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ cognitive overload എന്ന അമിത ഭാരം എടുക്കേണ്ടി വരികയും തല്‍ഫലമായി പഠനം നടക്കുന്നില്ല എന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ; ബോധന ശാസ്ത്രത്തില്‍ പ്രാഗത്ഭ്യമുള്ള, വിഷയത്തില്‍ ആഴത്തിലെ അറിവുള്ള അദ്ധ്യാപകരുടെ കൃത്യമായ പിന്തുണ പഠനവേളയില്‍ ആവശ്യമാണ് എന്ന് ഗവേഷണ ഫലങ്ങള്‍ സൂചന നല്കുന്നുണ്ട്. പഠിതാവിന്റെ വിഷയ വൈദഗ്ദ്ധ്യം ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്. അതായത് പഠന വിഷയം ആദ്യമായി കൈകാര്യം ചെയ്യുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം അദ്ധ്യാപകരുടെ നേരിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശം അനിവാര്യവും അത്യന്താപേക്ഷിതാവുമാണ്. അടിസ്ഥാന ധാരണ ഉറച്ച ശേഷമുള്ള ക്ലാസ് റൂം ചര്‍ച്ചകളും പ്രശ്‌നപരിഹാര പ്രവര്‍ത്തനങ്ങളും സുഗമമാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

ഇനി ഇന്‍ഡ്യന്‍ നയരേഖയുടെ കാര്യമെടുക്കാം. സ്‌കൂള്‍ തലത്തിലെ എല്ലാ ക്ലാസുകളും experiential learning ഇല്‍ അടിസ്ഥാനപ്പെടുത്തിയുള്ളവയാകും എന്നാണ് രേഖ പറയുന്നത്. കൂടാതെ, ഇന്ത്യന്‍ കലാ സാംസ്‌കാരിക ചിന്ത കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ വിഷയങ്ങളിലും കലകള്‍ ഉള്‍ചേര്‍ക്കും എന്നും എടുത്തു പറയുന്നുണ്ട്. (?). (4.5, 4.6, 4.7). ഇതുകൂടാതെയാണ് പ്രീ പ്രൈമറി വിദ്യഭ്യാസത്തില്‍ നല്കിയിരിക്കുന്ന നിര്‍ദേശം.

പ്രീ പ്രൈമറി കരിക്കുല സങ്കല്‍പം വിശദീകരിക്കുന്ന സന്ദര്‍ഭത്തിലും ഇതേ നിര്‍ദേശം കാണാം. അടിസ്ഥാന അക്ഷരങ്ങള്‍ വശമില്ലാത്ത കുട്ടികളെ മുതല്‍ സെക്കണ്ടറി തലം വരെയും ഇതേ അധ്യാപന സമീപനവും പഠന സിദ്ധാന്തവുമാണ് നമ്മള്‍ പരിശീലിക്കുന്നത് എങ്കില്‍ എവിടെ വെച്ച്, എങ്ങനെയാണ് കുട്ടികളില്‍ domain specific knowledge അഥവാ വിഷയാധിഷ്ഠിത ധാരണകള്‍ ഉണ്ടാകുന്നത് /ഉണ്ടാക്കുന്നത് ?

കണ്‍സ്ട്രക്റ്റിവിസം ഒരപകടകരമായ ആശയം എന്ന മട്ടിലല്ല ഇവിടെ സൂചിപ്പിക്കുന്നത്. മറിച്ച്, കാലഹരണപ്പെട്ടതും പറയത്തക്ക ഗുണഫലങ്ങള്‍ നല്‍കാത്തതുമായ ഒരു സമ്പ്രദായം എന്ന നിലക്കാണ്. അതിനേക്കാള്‍ കാര്യക്ഷമമായ, ഫലപ്രാപ്തി നല്‍കുന്ന, പ്രായോഗികമായ മറ്റധ്യാപന സമീപനങ്ങള്‍ നിലവില്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അവ പിന്തുടരാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍, ഗുണകരമല്ലാത്ത, നിലവില്‍ അപ്രസക്തമായ ഒരു സമീപനത്തെ, പുനര്‍വിചിന്തനം ചെയ്യാതെ നിര്‍ദേശിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്?

പ്രായോഗിക പ്രശ്‌നങ്ങള്‍

കേള്‍ക്കുമ്പോഴും സങ്കല്‍പ്പിക്കുമ്പോഴും തോന്നുന്ന experiential learning സംബന്ധിച്ച കൗതുകം പ്രവര്‍ത്തിയിലേക്ക് എത്തിയാല്‍ എങ്ങനെയാകും പ്രതിഫലിക്കുക? ക്ലാസ് മുറിയിലെ ഗ്രൂപ്പ് ചര്‍ച്ചകളിലും മറ്റും അടിസ്ഥാനം അറിയുന്ന കുട്ടികള്‍ ആശയ സംവാദം നടത്തുമ്പോള്‍ അതില്ലാത്ത കുട്ടികള്‍ കഥയറിയാതെ ആട്ടം കാണുന്നത് പതിവ് കാഴ്ചയാണ്. ചുരുക്കം ചില കുട്ടികള്‍ പാഠത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസിലാക്കി ഈ രീതി പിന്തുടരുമ്പോള്‍ ഒരു പറ്റം കുട്ടികള്‍ക്ക് അവര്‍ ചെയ്യുന്ന പ്രവര്‍ത്തനം എന്തിന് വേണ്ടിയാണ് എന്നോ എന്താണ് തങ്ങള്‍ പഠിക്കുന്നത് എന്നു പോലുമോ ഉള്ള ധാരണ കാണില്ല. കളിയുടെ കേവല രസം അവശേഷിക്കുകയും അറിവ് കൂട്ടിയിലെത്താതെ അനാധമാക്കപ്പെടുകയും ചെയ്യുന്നതിന് കണ്‍മുന്നില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്കുണ്ടല്ലോ.

ചര്‍ച്ചയോ കളിയോ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനമോ അങ്ങനെ വഴി എന്തുമാകട്ടെ, ക്ലാസ് മുറിയില്‍ നടക്കേണ്ടത് പഠനമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങേയറ്റം, വ്യവസ്ഥാപിതമായ നിലയില്‍ അറിവ് കൈമാറാനുള്ള ഉപാധിയാണല്ലോ വിദ്യാലയങ്ങള്‍. ഓരോ ക്ലാസ് മുറിയില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട ധാരണകള്‍, അറിവുകള്‍ ഒക്കെ, ചിട്ടപ്പടി കുട്ടിയിലേക്ക് എത്തിക്കാനും കുട്ടിയ്ക്ക് മനസിലാകും വിധം അത് കൈമാറ്റം ചെയാനുമാണ് അദ്ധ്യാപകര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. കുട്ടിയെ കൃത്യമായ പ്രക്രിയയിലൂടെ അറിവിലേക്ക് എത്തിക്കുക എന്നുള്ളതാണ് അവരുടെ തൊഴില്‍. അധ്യാപകരുടെ ഇടപെടല്‍ ക്ലാസ്മുറിയില്‍ കുറയ്ക്കുക എന്നാല്‍ ഈ സമ്പ്രദായത്തില്‍ നിന്നു വ്യതിചലിക്കുക എന്നര്‍ത്ഥം.

കുട്ടി സ്വയം അറിവിലേക്ക് എത്തും എന്ന ധാരണ കൃത്യമായ നിര്‍ദേശങ്ങളെയും അധ്യാപക ഇടപെടലിനെയും പാടേ വ്യത്യാസപ്പെടുത്തും. തീര്‍ച്ചയായും അറിവ് ഒരു സാമൂഹിക നിര്‍മ്മിതി കൂടിയാണ്. എങ്കിലും വൈയക്തികമായ അറിവിന്റെ അടിസ്ഥാനമുറക്കാത്ത ഒരു കുട്ടിയ്ക്ക് വിഷയം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചയോ പ്രൊജെക്ടുകളോ ഗുണം ചെയ്യില്ല. ആശയം സംശയ രഹിതമായി കൂട്ടിയില്‍ എത്തിക്കാനുള്ള സ്‌കോപ്പ് constructivism മുന്‍ നിര്‍ത്തി മുന്നോട്ട് പോകുന്ന ക്ലാസ് മുറികളില്‍ ഇല്ല. കൃത്യമായ ഘടന ഇല്ല എന്നുള്ളത് കൊണ്ട് തന്നെ ഈ സമീപനം ഗുണത്തെക്കാള്‍ അധികം ദോഷം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതിന് മറ്റൊരു തലം കൂടിയുള്ളത് മറക്കണ്ട.

വീട്ടില്‍ പിന്തുണ ലഭിക്കുകയും ട്യൂഷന്‍ കിട്ടുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ട് പോകുമ്പോള്‍ സാഹചര്യങ്ങളില്ലാത്ത കുട്ടികള്‍ക്കാണ് നഷ്ടം സംഭവിക്കുക. പരോക്ഷമായ ഒരസമത്വ വര്‍ദ്ധനവ് ക്ലാസ് മുറിയില്‍ നിന്നു തന്നെ ഉണ്ടായി വരാന്‍ ഇത് വഴി വെക്കും. കുട്ടികള്‍ക്കു പഠിക്കാനുള്ള ഇടമാണ് ക്ലാസ് മുറിയെങ്കില്‍ അവിടെ പ്രാഥമിക ലക്ഷ്യം കുട്ടി പഠിക്കുക എന്നുള്ളതാണ്. അത് മെച്ചപ്പെടുത്താനുള്ള വഴികള്‍ കൃത്യമായി പിന്തുടരുകയാണ് നയരേഖ ചെയ്യേണ്ടിയിരുന്നത്.

വെള്ളം ചേര്‍ക്കപ്പെടുന്ന വിദ്യാഭ്യാസം

നയരേഖയുടെ പ്രഖ്യാപിത അജണ്ടകളില്‍ ഒന്ന് കരിക്കുലം ചുരുക്കുക എന്നുള്ളതാണ്. കുട്ടികളുടെ മേലുള്ള അമിത പഠന ഭാരം കുറക്കാനാണ് ഉള്ളടക്കം ലഘൂകരിക്കുന്നത് എന്നുള്ളതാണ് പൊതു വിശദീകരണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ CBSE പാഠഭാഗങ്ങള്‍ ലഘൂകരിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് നടപ്പിലാക്കിയത് എന്നു നമുക്ക് മുന്നനുഭവമുണ്ട്. പൗരത്വവും ഭരണഘടനയും അറിയുക എന്നത് ഒരാവശ്യമേ അല്ലാത്ത തലമുറയെ സൃഷ്ടിക്കാന്‍ കേവലം ഒരു കരിക്കുലം പരിഷ്‌കരണം ധാരാളമാണ്. കുറയ്ക്കാനും ഒഴിവാകാനും പോകുന്ന ഉള്ളടക്കങ്ങള്‍ എന്താകും എന്നറിയാന്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് വരുവോളം കാത്തിരിക്കേണ്ട സ്ഥിതിയിലാണ് നാം. എന്നാല്‍ ഇത് മാത്രവുമല്ല പ്രശ്‌നം. Content Dilution നടക്കുന്നത്, നയരേഖ വിഭാവനം ചെയ്യുന്ന constructivist ക്ലാസ് മുറികളില്‍ കൂടി ആണെങ്കില്‍ എങ്ങനെയുണ്ടാകും?

ധാരണയുറക്കാത്ത, ആവശ്യം വേണ്ട അടിസ്ഥാന അറിവുകള്‍ പോലും ഉണ്ടാകാനിടയില്ലാത്ത കുട്ടികള്‍ കളിയും ചര്‍ച്ചയും നടത്തുന്ന സ്ഥലമായി ക്ലാസ് മുറികള്‍ മാറാനിടയുണ്ട്. ഇവിടെ, കമ്പോളത്തിന് ആവശ്യമായ കേവലം skill development പരിശീലനം മാത്രം നടത്തുന്ന നൈപുണ്യ വികസന ശാലകള്‍ എന്ന നിലയിലേക്ക് ക്ലാസ് മുറികള്‍ ചുരുക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കൈമാറ്റം ചെയ്യപ്പെടേണ്ട അറിവുകള്‍ കുറയുകയും, പാതി വെന്ത ചര്‍ച്ചയും സംവാദവുമായി ക്ലാസ് മുറികള്‍ മുന്നോട്ട് പോവുകയും ചെയ്താല്‍ പഠനം എങ്ങനെയുറപ്പ് വരുത്തും?

ഈ കുട്ടികള്‍ക്കാണ് സ്വന്തം താല്‍പര്യ പ്രകാരം കോഴ്‌സ് തുടരാനും അവസാനിപ്പിക്കാനും, ഇഷ്ട വിഷയത്തില്‍ ‘താല്‍പര്യം പോലെ’ ഫോകസ് ചെയ്യാനും നയരേഖ അവസരം കൊടുക്കുന്നത്. തങ്ങള്‍ക്ക് ‘ആവശ്യമുള്ളതെന്ത്, ഏത്’ എന്ന ധാരണ സ്വതവേ കുറവായവരാണ് കുട്ടികള്‍ എന്നിരിക്കെ, അവര്‍ക്ക് പ്രഖ്യാപിക്കുന്ന ഈ സ്വാതന്ത്ര്യങ്ങള്‍ ആകെത്തുകയില്‍ അവരുടെ സാധ്യതകളെ നിയന്ത്രിക്കുന്നതിന് തുല്യവുമാണ്. ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ അടിസ്ഥാന ധാരണയില്ലാത്ത കുട്ടികള്‍ ഏത് മേഖലയില്‍ ഗവേഷകരാകും എന്നാണ് നയരേഖ വിഭാവനം ചെയ്യുന്നത്!

പോളിസിക്ക് പിഴച്ചതെവിടെ?

Constructivist സമീപനത്തിന് എതിര്‍വശത്ത്, പോളിസി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് rote learning നെയാണ്. കാര്യകാരണ ധാരണയില്ലാതെ കുട്ടികള്‍ കാണാപ്പാഠം പഠിക്കുന്ന വിവരങ്ങളെയാകണം ആ വാക്കുകൊണ്ട് ഉദേശിച്ചിരിക്കുന്നത്. എന്നാല്‍ rote learning നെയും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ധാരണകളെയും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചു കാണാന്‍ പോളിസിയ്ക്ക് കഴിഞ്ഞിട്ടില്ല.

അതിനുള്ള ഉത്തമ ഉദാഹരമാണ് പ്രശ്‌നപരിഹാരമായി എല്ലായിടവും വാരി വിതറിയിരിക്കുന്ന experiential learning എന്ന പ്രയോഗം. കാരണം, പഠന പ്രക്രിയയ്ക്കു അനുഗുണമായ രീതി, നിലനില്‍ക്കുന്ന direct instruction മോഡല്‍ തന്നെയാണ് എന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. ചുരുക്കി പറഞ്ഞാല്‍, പോളിസി മുന്നോട്ട് വെക്കുന്ന ‘ആശയ വ്യക്തത’ എന്ന ലക്ഷ്യത്തിലേക്ക് കുട്ടികള്‍ എത്തണമെങ്കില്‍ പോളിസി തന്നെ മുന്നോട്ട് വെക്കുന്ന constructivism എന്ന വഴി ഉപേക്ഷിക്കാതെ തരമില്ല. എന്നാല്‍ നിലവിലിരിക്കുന്ന സിസ്റ്റത്തിന് ധാരാളം പോരായ്മകള്‍ ഉണ്ടുതാനും. അത് പരിഹരിക്കുന്നതിന് പകരം ഒരിയ്ക്കലും നടക്കാനിടയില്ലാത്ത (അഥവാ നടന്നാല്‍ തന്നെ ഗുണമില്ലാത്ത) അടിമുടി ഉടച്ചു വാര്‍ക്കല്‍ നിര്‍ദേശിച്ച് തത്വത്തില്‍ കൈ കഴുകുകയാണ് പോളിസി ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസം ലളിതമായ ഒരു പ്രക്രിയയല്ല. പൊതുധാരണകളില്‍ നല്ലതെന്നു തോന്നുന്ന പരിഹാരങ്ങള്‍ അതിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നില്ല. പലപ്പോഴും അരസികവും ആകാല്‍പനികവുമായ നിരന്തരമായ വികേന്ദ്രീകൃത ഇടപെടലുകള്‍ക്കാകും വിദ്യാഭ്യാസ പരിഷ്‌കരണത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നത് പോലും. നിലവില്‍ എഴുതപ്പെട്ടിരിക്കുന്ന നയരേഖ വിദ്യാഭ്യാസം സംബന്ധിച്ച പറയപ്പെടുന്ന പുരോഗമന സങ്കല്‍പങ്ങളുള്ള കാല്പനിക ധാരണകളുള്ള ആര്‍ക്കും നിസാരമായി എഴുതിത്തയാറാക്കാന്‍ കഴിയുന്ന ആയാസരഹിതമായ ഒരു രേഖയാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഉന്നത വിദ്യാഭ്യാസ രംഗത്തും സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനും നിലവാരമുള്ള ഗവേഷണങ്ങള്‍ നടക്കണം എന്നു നിര്‍ബന്ധം പറയുന്ന നയരേഖ 1960 കള്‍ക്ക് ശേഷം പുറത്തു വന്ന വിദ്യാഭ്യാസ ഗവേഷണങ്ങള്‍ പോലും കണ്ടിട്ടില്ലെന്ന് വേണം കരുതാന്‍. നിശ്ചയമായും ഇതിലുമധികം ഇന്ത്യന്‍ സമൂഹം അര്‍ഹിക്കുന്നു.

Reference
1. Mayer, R. E. (2004). Should There Be a Three-Strikes Rule Against Pure Discovery Learning? American Psychologist, 59(1), 14-19.
2. Kirschner, P. A., Sweller, J., & Clark, R. E. (2006). Why minimal guidance during instruction does not work: An analysis of the failure of constructivist, discovery, problem-based, experiential, and inquiry-based teaching. Educational Psychologist, 46, 75-86.
3. Van Merriënboer, J. J. G., & Sweller, J. (2005). Cognitive load theory and complex learning: Recent developments and future directions. Educational Psychology Review, 17, 147-177.
4.Zimmerman, B. J., & Schunk, D. H. (2003). Educational psychology: A century of contributions. Mahwah, N.J: L. Erlbaum Associates.
5.Tobias, S., & Duffy, T. M. (Eds.). (2009). Constructivist instruction: Success or failure? Routledge/Taylor & Francis Group.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: New Education Policy, Indian Education, Constructivism

ആദില കബീര്‍

We use cookies to give you the best possible experience. Learn more