| Thursday, 3rd March 2022, 6:05 pm

ഞാനാണവര്‍ക്ക് ഭക്ഷണം നല്‍കിയത്, ഞാനാണവര്‍ക്ക് അഭയം നല്‍കിയത്; വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയര്‍ത്ത് റൊമാനിയന്‍ മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി/ ബുക്കാറെസ്റ്റ്: ഇന്ത്യന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയര്‍ത്ത് റൊമാനിയന്‍ സിറ്റി മേയര്‍. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്നതിനായി റൊമാനിയയിലെത്തിയപ്പോഴാണ് മേയര്‍ സിന്ധ്യയോട് കയര്‍ത്തത്.

റൊമാനിയന്‍ മേയര്‍ സിന്ധ്യയോട് കയര്‍ത്തു സംസാരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്താണ് പറയേണ്ടതെന്ന് താന്‍ തീരുമാനിക്കുമെന്ന് സിന്ധ്യ പറഞ്ഞപ്പോള്‍, ‘…. അവര്‍ (വിദ്യാര്‍ത്ഥികള്‍) ഈ രാജ്യം വിടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ഞാനാണ് അവര്‍ക്ക് സുരക്ഷയൊരുക്കിയത്. ഞാനാണവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതുകൂടാതെ ഞാനാണ് അവരെ വേണ്ട സമയത്ത് സഹായിച്ചത്,’ എന്നു പുറഞ്ഞുകൊണ്ടായിരുന്നു മേയര്‍ സിന്ധ്യയോട് കയര്‍ത്തത്.

മേയര്‍ പറഞ്ഞതുകേട്ട് സന്തോഷത്തോടെ കയ്യടിക്കുന്ന വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം.

കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

‘ബി.ജെ.പിയുടെ സ്ഥിരം പി.ആര്‍ പരിപാടിയും കൊണ്ട് റൊമാനിയലെത്തിയപ്പോള്‍ അവിടുത്തെ മേയര്‍ തള്ള് മുഴുവന്‍ പൊളിച്ചു കൊടുത്തു’ എന്ന തരത്തിലാണ് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

അതേസമയം, റൊമേനിയയില്‍ നിന്ന് വ്യോമസേനയുടെ ആദ്യവിമാനം ഇന്ത്യയിലെത്തിയരുന്നു. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തില്‍ എത്തിച്ചത്. പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും എത്തിയിരുന്നു.

അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്ന് റഷ്യ ഉറപ്പ് നല്‍കിയിരുന്നു. റഷ്യന്‍ അതിര്‍ത്തി വഴിയായിരിക്കും ഒഴിപ്പിക്കല്‍. പുടിന്‍-മോദി ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്.

ഉക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്നും വിദ്യാര്‍ത്ഥികളെ തടവിലാക്കുകയാണ് ഉക്രൈന്‍ ചെയ്യുന്നതെന്നും റഷ്യ പറഞ്ഞിരുന്നു.

ഖാര്‍കീവ് ഉള്‍പ്പെടെയുളള കിഴക്കന്‍ ഉക്രൈനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി നാട്ടിലെത്തിക്കാമെന്നാണ് പുടിന്‍ നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കിയത്. റഷ്യന്‍ വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് പ്രാഥമിക ധാരണ.

റഷ്യക്ക് എതിരായ യു.എന്‍ പ്രമേയത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ട് വട്ടം ഇന്ത്യ വിട്ടുനിന്നതോടെയാണ് റഷ്യയുടെ മനംമാറ്റം. കഴിഞ്ഞ ദിവസം 9 വിമാനങ്ങള്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. നിലവില്‍ ഉക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Content Highlight: Romanian mayor shouted at Indian minister Jyotiraditya Scindia

We use cookies to give you the best possible experience. Learn more