|

ആത്മാക്കള്‍ ഇനി ഹോട്‌സ്റ്റാറിലേക്ക്; രോമാഞ്ചം ഒ.ടി.ടി റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാളത്തിലിറങ്ങിയ വമ്പന്‍ ഹിറ്റ് രോമാഞ്ചത്തിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. നവാഗത സംവിധായകന്‍ ജിത്തു മാധവനാണ് ചിത്രമൊരുക്കിയത്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി. എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം വമ്പന്‍ റിലീസുകള്‍ എത്തിയിട്ടും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 41 കോടി ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയത്.

Content Highlight: romancham ott release date