മലയാള സിനിമയിലെ ഈ വര്‍ഷത്തെ ആദ്യത്തെ വിജയചിത്രമായിരുന്നു രോമാഞ്ചം. നിറയെ പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം തിയേറ്ററുകളില്‍ ആഘോഷമായിരുന്നു. നവാഗതനായ ജിത്തു മാധവനായിരുന്നു സിനിമ സംവിധാനം ചെയ്തത്. യഥാര്‍ത്ഥ ജീവിതകഥ പറഞ്ഞ ചിത്രം 50 കോടിക്കുമുകളില്‍ കളക്ഷനും നേടിയിരുന്നു.
അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ചിത്രത്തിലെ മറ്റു താരങ്ങളെല്ലാം പുതുമുഖങ്ങളായിരുന്നു. ചിത്രത്തില്‍ സൗബിനുമൊത്ത് അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങളായ സിജു സണ്ണിയും അഫ്‌സലും.
സൗബിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു എന്നും ആദ്യമൊക്കെ സംസാരിക്കാനും ഇടപെടാനും തങ്ങള്‍ മടിച്ചുനിന്നിരുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. സൗബിന്‍ തങ്ങള്‍ക്ക് വേണ്ടിയാണ് സിനിമയില്‍ നിലകൊണ്ടതെന്നും രോമാഞ്ചം ഞങ്ങളുടെ സിനിമയായി മാറണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നെന്നും താരങ്ങള്‍ പറഞ്ഞു. ക്ലബ് എഫ്. എം. ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘നമുക്ക് അത്രയ്ക്കും ആരാധന തോന്നിയ ഒരു വ്യക്തിയ്‌ക്കൊപ്പം ഒരുമിച്ചഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. ഒന്നും സംസാരിക്കാന്‍ പറ്റിയിരുന്നില്ല, ഒരു ഡിസ്റ്റ്ന്‍സ് ഉണ്ടായിരുന്നു. സൗബിക്ക ഡയറക്ടര്‍ ആണ്, അഭിനയിക്കുകയും ചെയ്യുന്നു. നമ്മള്‍ ഒക്കെ പുതിയ ആള്‍ക്കാര്‍ ആണ്. ഇക്ക വരുമ്പോള്‍ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റുനില്‍ക്കുമായിരുന്നു. അത് കണ്ട് ഇക്ക ചോദിക്കും ഇതെന്താടാ സ്‌കൂള്‍ ആണോന്ന്. ആദ്യത്തെ ദിവസത്തെ ഷൂട്ടൊക്കെ കഴിയുമ്പോള്‍ അതിന്റെ ഔട്ട് കാണുമ്പോള്‍ ജിത്തു ചേട്ടനും ജോണ്‍ ചേട്ടനും വഴക്ക് പറഞ്ഞു. സൗബിക്ക മാക്സിമം ഫ്രീ ആയിട്ടാണ് ഇടപെട്ടത്. ഒരു ദിവസം സൗബിക്ക ബ്രേക്ക് വിളിച്ചിട്ട് എല്ലാവരേയും വാരിപ്പെറുക്കി വണ്ടിക്കകത്തിട്ട് കൊണ്ടുപോയി, ഒന്നു കറങ്ങി. ഡാന്‍സും പാട്ടും മേളവുമെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാരും ഹാപ്പിയായി’, താരങ്ങള്‍ പറഞ്ഞു.
സിനിമയില്‍, സൗബിന്‍ തങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ഏതെങ്കിലും സീനില്‍ ആര്‍ക്കെങ്കിലും ഡയലോഗ് ഇല്ലെന്ന് തോന്നിയാല്‍ പുള്ളിയുടെ ഡയലോഗ് അവര്‍ക്ക് വീതിച്ചുതരുമായിരുന്നു എന്നും താരങ്ങള്‍ അഭിപ്രായപ്പെട്ടു.
‘സൗബിക്ക എപ്പോഴും നോക്കും. എടാ, അവന്റെ ഡയലോഗ് വന്നിട്ടില്ല. സൗബിക്കക്ക് വന്ന ഡയലോഗ് ആണെങ്കില്‍, അതെടുത്ത് അടുത്ത ആള്‍ക്ക് കൊടുക്കും. സൗബിക്ക എപ്പോഴും ആളുകള്‍ക്ക് വേണ്ടത് ഡിവൈഡ് ചെയ്ത് കൊടുക്കും. ഇത് ഞങ്ങളുടെ പടം ആയിക്കോട്ടെ, ഞങ്ങള്‍ മാക്സിമം അടിച്ചുപൊളിക്കട്ടെ എന്ന രീതിയില്‍ നില്‍ക്കുകയായിരുന്നു സൗബിക്ക. എല്ലാരും അങ്ങനെ തന്നെയായിരുന്നു. സൗബിക്ക അങ്ങനെ നിന്നതുകൊണ്ട് ഞങ്ങള്‍ വളരെ ഫ്രീ ആയിരുന്നു’, സിജു സണ്ണി പറഞ്ഞു.
‘ ഞാനും സൗബിക്കയും തമ്മിലുള്ള ഒരു സീനില്‍ എന്റെ ബാക്ക് ഷോട്ടായിരുന്നു എടുത്തിരുന്നത്. പിന്നീട് സൗബിക്ക പറഞ്ഞു ഷോട്ട് മുന്നില്‍ നിന്നെടുക്കാന്‍. കാരണം, എന്റെ സ്ലാംഗ് കേള്‍ക്കാന്‍ രസമുണ്ട്. അങ്ങനെയൊക്കെ പറയുമ്പോള്‍ നമുക്ക് ഒരു കോണ്‍ഫിഡന്‍സ് കിട്ടും. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നുണ്ട് എന്നൊക്കെ തോന്നും.’, അഫ്സല്‍ പറഞ്ഞു.
Content Highlight: Romancham Movie Stars about Soubin Shahir