| Sunday, 9th April 2023, 5:03 pm

ഇത് കരിക്കിന്റെ തേരാ പാരായാണോ! അതോ? ഒരേ ചരടില്‍ തീര്‍ത്ത രോമാഞ്ചവും കരിക്കും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ വലിയ വിജയമായി തീര്‍ന്ന രോമാഞ്ചം ഇപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒ.ടി.ടി റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമക്ക് ഇപ്പോള്‍ ചെറിയ തോതിലുള്ള വിമര്‍ശനവും നേരിടേണ്ടി വരുന്നുണ്ട്. പലര്‍ക്കും തങ്ങളുടെ ജീവിതവുമായ കണക്ട് ചെയ്യാന്‍ സാധിക്കുന്നു എന്നതായിരുന്നു രോമാഞ്ചത്തിന്റെ വിജയ രഹസ്യം.

സ്വാഭാവിക നര്‍മത്തില്‍ പൊതിഞ്ഞ ഒരു ഹൊറര്‍ ത്രില്ലറാണ് സിനിമ. ബെംഗളൂരു നഗരത്തിലെ പ്രാന്തപ്രദേശത്തെ ഒരു വീട്ടില്‍ താമസിക്കുന്ന ജിബിയുടെയും(സൗബിന്‍) കൂട്ടുകാരുടെയും ഇടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം. 2007ലാണ് ഓജോ ബോര്‍ഡ് വിദ്യക്ക് അത്രകണ്ട് പ്രചാരം കിട്ടുന്നത്. അക്കാലത്ത് ഇത്തരത്തില്‍ ഹോസ്റ്റലുകളിലും മറ്റും ആ വിദ്യയൊന്ന് പരീക്ഷിച്ച് നോക്കാത്തവരായി ആരുമുണ്ടാകില്ല. സിനിമയുടെ പ്രധാന പ്രമേയവും അതുതന്നെ.

മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കരിക്ക് എന്ന ചാനലിന്റെ ‘തേരാ പാരാ’ വെബ്സീരീസിന്റെ ലൈനിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു മാധവ് രോമാഞ്ചത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രോമാഞ്ചം സിനിമക്ക് കരിക്കുമായി സാമ്യമുണ്ടെന്നോ തേരാ പാരയുടെ കോപ്പിയാണെന്നോ ഒന്നും പറയാന്‍ കഴിയില്ല. സിറ്റുവേഷണല്‍ കോമഡിയും സ്വാഭാവിക അഭിനയവുമാണ് കരിക്കിന്റെ വിജയ ഫോര്‍മുല അത് തന്നെയാണ് ഇവിടെ ജിത്തുവും പിന്തുടരുന്നത്.

തൊഴിലിന്റെയും പഠനത്തിന്റെയുമൊക്കെ ഭാഗമായി ഇതരസംസ്ഥാനങ്ങളിലൊക്കെ പോയി വീടെടുത്ത് താമസിക്കുന്ന ചെറുപ്പക്കാരുടെ കഥ ഇതിന് മുമ്പും മലയാളത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ രോമാഞ്ചത്തിലേക്ക് വരുമ്പോള്‍ ആ സാഹചര്യങ്ങളൊക്കെ കുടുതല്‍ റിയലായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. ആ കാലഘട്ടത്തില്‍ നമ്മള്‍ കടന്നുപോയിട്ടുള്ള പല സന്ദര്‍ഭങ്ങളുടെയും ആവിഷ്‌കാരമാണ് രോമാഞ്ചം. ഇതൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചതല്ലേ എന്ന തോന്നല്‍ ഓരോ പ്രേക്ഷകനും ഉറപ്പായും ഉണ്ടാകും.

ഒട്ടും നാടകീയതയില്ലാതെ റിയലായി കഥപറഞ്ഞ് പോകുന്ന കരിക്ക് സ്റ്റൈല്‍ തന്നെ ഇവിടെയും പിന്തുടരുന്നത് കൊണ്ട് പ്രേക്ഷകര്‍ ഒരു നിമിഷം പോലും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നില്ല. കരിക്കിന്റെ വെബ്സീരീസിനെയും രോമാഞ്ചം സിനിമയേയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എടുത്ത് പറയേണ്ടത് പ്രകടനങ്ങള്‍ തന്നെയാണ്. അഭിനയിക്കുകയാണന്ന് ഒരു നിമിഷം പോലും തോന്നാതെയാണ് അഭിനേതാക്കള്‍ തന്നെ തകര്‍ത്താടുന്നത്.

സിനിമയില്‍ വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങളും അഭിനയത്തിന്റെ കാര്യത്തില്‍ മികവുപുലര്‍ത്തിയിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി കുറച്ചു പ്രമുഖ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും സിനിമയില്‍ പുതുമുഖങ്ങളാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും നമ്മള്‍ കണ്ടു പരിചയിച്ച ഇവരുടെ പ്രകടനം ബിഗ് സ്‌ക്രീനില്‍ അതിഗംഭീരമായിരുന്നു.

തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഇത്രയേറെ ചിരിപ്പിച്ചൊരു സിനിമ അടുത്തിടെയൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ലായെന്ന് വലിയൊരു വിഭാഗം പ്രേക്ഷകരും പറയുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും സനു താഹിറിന്റെ ഛായാഗ്രഹണവും കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും കൂടിച്ചേരുമ്പോള്‍ സിനിമയൊരു മസ്റ്റ് വാച്ചാണ്. എന്നാല്‍ മുമ്പ് പല തിയേറ്റര്‍ ഹിറ്റുകള്‍ക്കും സംഭവിച്ചത് പോലെ ഒ.ടി.ടിയില്‍ പ്രേക്ഷകനെ രസിപ്പിക്കാന്‍ രോമാഞ്ചത്തിന് കഴിയാതെ പോകുന്നുണ്ട്.

content highlight: romancham movie ott release

Latest Stories

We use cookies to give you the best possible experience. Learn more