ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് രോമാഞ്ചം ഒ.ടി.ടി റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. 2023 തുടങ്ങി മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് കൂടിയായിരുന്നു രോമാഞ്ചം.
ഒ.ടി.ടിയിലെത്തിയതോടെ പതിപ്പിനെ പറ്റി പരാതി ഉയര്‍ന്നിരിക്കുകയാണ്. പാട്ടുകളില്ലാതെയുള്ള പതിപ്പാണ് ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. വോക്കല്‍സ് ഇല്ലാത്ത കരോക്കേ രൂപത്തിലാണ് പാട്ടുകള്‍ ഡിസ്‌നിയില്‍ കാണുന്നത്.
ആദരാഞ്ജലി, ആത്മാവേ പോ, തല തെറിച്ചവര്‍ തുടങ്ങിയ സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടുകള്‍ ചിത്രത്തിന്റെ ജനപ്രീതിയില്‍ വലിയ പങ്കു വഹിച്ചിരുന്നു. പാട്ടുകളില്ലാത്തത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നു എന്നാണ് പ്രേക്ഷകരുടെ പരാതി.
രോമാഞ്ചം എന്ന സിനിമയുടെ ആത്മാവ് അതിലെ പാട്ടുകളാണെന്നും അതില്ലാതായതോടെ ചിത്രത്തിന്റെ പകുതി ജീവന്‍ തന്നെ പോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ട്വിറ്ററിലെത്തിയിരിക്കുന്നത്.
അതേസമയം ടി.വിയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ വോക്കല്‍സോടുകൂടി പാട്ടുകള്‍ ലഭിക്കുന്നുണ്ട്. ഫോണിലാണ് ഈ പ്രശ്‌നം നേരിടുന്നത്. എന്തായാലും ഡിസ്‌നി എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍, സിജു സണ്ണി, അബിന്‍ ബിനോ, അനന്തരാമന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
Content Highlight: romancham movie in ott without songs, audience in rage