| Thursday, 21st March 2024, 1:41 pm

അനാമിക ഇനി ഹിന്ദിയില്‍ പേടിപ്പിക്കും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ബാംഗ്ലൂരിലെ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ഹൊറര്‍ കോമഡി ചിത്രം ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പായിരുന്നു നടത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഗപ്പി എന്ന സിനിമയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. യോദ്ധാ, നിര്‍ണയം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സംഗീത് ശിവനാണ് ഹിന്ദി റീമേക്കിന്റെ സംവിധാനം. കപ്കപീ എന്നാണ് ഹിന്ദി റീമേക്കിന്റെ ടൈറ്റില്‍. തുഷാര്‍ കപൂറും ശ്രേയസ് തഡ്പടേയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്.

റീമേക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബോളിവുഡ് ഈ പുതിയ റീമേക്കിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമപ്രേമികള്‍. കൊവിഡിന് ശേഷം നിരനിരയായി സൗത്ത് ഇന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ പടച്ചുവിട്ടതിലൂടെ ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കിതക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ സല്‍മാന്‍ ഖാനും ഹൃതിക് റോഷനും റീമേക്ക് സിനിമകള്‍ ചെയ്ത് ബോക്‌സ് ഓഫീസില്‍ തകര്‍ന്ന കാഴ്ചക്ക് കഴിഞ്ഞ വര്‍ഷം സാക്ഷിയായി. വിക്രം വേദയുടെ റീമേക്കിലൂടെ ഹൃതികും വീരത്തിന്റെ റീമേക്കിലൂടെ സല്‍മാന്‍ ഖാനും പരാജയം രുചിച്ചു.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സിജു സണ്ണി എന്നിവരായിരുന്നു രോമാഞ്ചത്തിലെ പ്രധാന താരങ്ങള്‍. ചുരുങ്ങിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 70 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതമായിരുന്നു രോമാഞ്ചത്തിന്റെ മറ്റൊരു പോസിറ്റീവ്.

Content Highlight: Romancham Hindi remake announced

We use cookies to give you the best possible experience. Learn more