| Wednesday, 1st February 2023, 10:50 am

മെസിക്കും റോണോക്കുമൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്, മികച്ചതാരെന്നുള്ളതിന് ഇപ്പോള്‍ ഉത്തരമുണ്ട്: ജര്‍മന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മുന്‍ ജര്‍മന്‍ താരമായ റോമന്‍ വൈഡന്‍ഫെല്ലര്‍.

ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും മികച്ചതാരാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒറ്റ ഉത്തരമേ ഉള്ളൂവെന്നും വൈഡന്‍ഫെല്ലര്‍ പറഞ്ഞു. ഖേല്‍ നൗവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

‘വളരെ സത്യസന്ധമായി പറഞ്ഞാല്‍, മികച്ച രണ്ട് താരങ്ങളായ മെസിക്കും റൊണാള്‍ഡോക്കുമൊപ്പം കളിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇരുവരില്‍ ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ അത് മെസിയാണെന്ന് പറയാന്‍ കഴിയും. കാരണം ലോകകപ്പില്‍ ചാമ്പ്യന്മാരായതോടെ ഫുട്‌ബോളില്‍ മെസി എല്ലാം നേടിക്കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചത് എന്നത് ആരാധകരെ എപ്പോഴും കുഴപ്പിക്കുന്ന ചോദ്യമാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയ ചരിത്രമാണ് ഇരുവര്‍ക്കുമുള്ളത്.

2003ല്‍ 16വയസ്സ് പ്രായമുള്ളപ്പോള്‍ പോര്‍ട്ടോക്കെതിരെയാണ് ബാഴ്സക്കായി മെസി തന്റെ അരങ്ങേറ്റമത്സരം കളിച്ചത്. റൊണാള്‍ഡോ 2002ല്‍ പതിനെട്ടാം വയസ്സില്‍ സ്പോര്‍ട്ടിങ് ലിസ്ബണിലൂടെ മുഖ്യധാരാ ഫുട്ബോളിലേക്കെത്തി.

ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Roman Weidenfeller picks best player between Messi and Ronaldo

We use cookies to give you the best possible experience. Learn more