ഗോവ മന്ത്രിമാരുടെ ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍ക്കെതിരെ സഭാ നേതൃത്വം
Daily News
ഗോവ മന്ത്രിമാരുടെ ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍ക്കെതിരെ സഭാ നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2014, 1:02 pm

[] പനാജി: ഗോവ മന്ത്രിമാരുടെ ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംസ്ഥാനത്തെ സഭാ നേതൃത്വം. ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അവര്‍ക്ക് അധികാര പദങ്ങള്‍ വഹിക്കാന്‍ അര്‍ഹതയില്ലെന്നും റോമന്‍ കാത്തലിക് ചര്‍ച്ച് വക്താവ് ഫാദര്‍ മാവറിക് ഫെര്‍ണാണ്ടസ് പറഞ്ഞു.

നമ്മുടെയൊക്കെ പിന്തുണയോടെ നരേന്ദ്ര മോദിക്ക് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ കഴിയും”  എന്ന മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടി നേതാവും ഗോവ സഹകരണമന്ത്രിയുമായ ദീപക് ധാവ്‌ലിക്കറിന്റെ പ്രസ്താവന അജ്ഞതയില്‍ നിന്നാണ് രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ധാവ്‌ലികറിന്റെ ഹിന്ദു രാഷ്ട്ര പരാമര്‍ശത്തിനെ പിന്തുണച്ച് രംഗത്തെത്തിയ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയും വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ ഇപ്പോള്‍ തന്നെ ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ കാലത്തും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പറഞ്ഞ ഡിസൂസ താനൊരു ക്രിസ്ത്യന്‍ ഹിന്ദുവാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തിരുന്നു.

ഇരുവരുടേയും പരാമര്‍ശങ്ങള്‍  രാജ്യത്തെ ഭരണഘടനക്ക് എതിരാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന  നടത്തുന്ന വ്യക്തിക്ക് സര്‍ക്കാറില്‍ അംഗമാകാനുള്ള യോഗ്യതയില്ലെന്നും ഫാദര്‍ മാവറിക് പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.