4-1 ന്റെ മനോഹരമായ ആദ്യ പാദ ലീഡുമായി റോമയില്‍ കളിക്കാനിറങ്ങിയ എഫ്.സി ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്ത് വിട്ട് റോമ. അഗ്രിഗേറ്റ് 4-4 ആണെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ റോമ സെമിയിലേക്ക് കടന്നു.
ആദ്യ നിമിഷം മുതല്‍ അക്രമിച്ച് കളിച്ച റോമയുടെ മുന്നില്‍ തീര്‍ത്തും മങ്ങിപ്പോയ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താവുകയും ചെയ്തു. സ്വന്തം ഗ്രൗണ്ടില്‍ ബാഴ്‌സ 4- 1 ന്റെ ആധികാരിക വിജയം നേടിയപ്പോള്‍ റോമയ്ക്കായി ഏക ഗോളടിച്ച ജെക്കോയാണ് ഇന്നലെയും റോമന്‍പടയുടെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ആറാം മിനുട്ടിലായിരുന്നു ജെക്കോയുടെ ഗോള്‍.
മത്സരത്തിന്റെ തുടക്കത്തില്‍ ആധിപത്യം നേടിയ റോമയുടെ ശേഷിക്കുന്ന രണ്ട് ഗോളുകളും രണ്ടാംപകുതിയിലായിരുന്നു. 58 ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഡി റോസിയാണ് റോമയുടെ രണ്ടാം ഗോള്‍ നേടിയത്. മൂന്നാം ഗോള്‍ മനോലസിന്റെ ബൂട്ടികളില്‍ നിന്നായിരുന്നു പിറന്നത്. 82 ാം മിനിട്ടിലായിരുന്നു ഇത്.
മത്സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്തായതോടെ മൂന്നു ഗോളില്‍ കൂടുതല്‍ ആദ്യപാദത്തില്‍ ലീഡ് സ്വന്തമാക്കിയിട്ടും പരാജയപ്പെടുന്ന ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരും ആയിരിക്കുകയാണ് മെസ്സിയും സംഘവും. കഴിഞ്ഞ വര്‍ഷം നടന്ന ബാഴ്‌സ- പി.എസ്.ജി മത്സരത്തില്‍ ബാഴ്‌സയുടെ വിജയവും 2003-2004 സീസണിലെ ഡിപോര്‍ട്ടീവ- മിലാന്‍ മത്സരവുമാണ് ഇതിനു മുന്നേ ഈ പട്ടികയിലുണ്ടായിരുന്നത്.