ആഡംബര കാറുകളുടെ അവസാനവാക്കായ റോള്‍സ് റോയ്‌സിന്റെ പുതിയ വാഹനം ഈ മാസം 24ന് ഇന്ത്യന്‍ വിപണിയിലെത്തും. ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളുടെ കണ്‍വെര്‍ട്ടബിള്‍ വാഹനം ഡോണ്‍ ആണ് ഇന്ത്യന്‍ നിരത്തിലെത്തുന്നത്.
ഫാന്റം ഡ്രോപ്‌ഹെഡിനു ശേഷം ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ കണ്‍വെര്‍ട്ടബിള്‍ വാഹനമാണ് ഡോണ്‍. അരങ്ങേറ്റത്തിനായി ഇതാദ്യമായി ഡോണ്‍ ഇന്ത്യയിലെത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ റോള്‍സ് റോയ്‌സ് ശ്രേണിയില്‍ ലഭ്യമാവുന്ന മോഡലുകളുടെ എണ്ണം നാലായി ഉയരും.
രൂപകല്‍പ്പനയില്‍ മുന്‍ വാഹനം റെയ്ത്തിനോട് സാമ്യം തോന്നുമെങ്കിലും ഡോണ്‍ ഡ്രോപ് ഹെഡ് പൂര്‍ണമായും പുതിയതാണെന്നാണു റോള്‍സ് റോയ്‌സിന്റെ നിലപാട്. ഒപ്പം റെയ്ത്തിന്റെ കണ്‍വെര്‍ട്ടബിള്‍ രൂപാന്തരമാണു ഡോണ്‍ എന്ന ആക്ഷേപത്തെയും കമ്പനി തള്ളിക്കളയുന്നു.
6.6 ലീറ്റര്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോള്‍ എന്‍ജിനാണ് ഡോണിനു കരുത്തേകുന്നത്. പരമാവധി 632.7 പി.എസ് കരുത്തും 800 എന്‍.എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഈ എന്‍ജിനു വേണ്ടത് വെറും 4.6 സെക്കന്‍ഡ്. നാലര മുതല്‍ അഞ്ചു കോടി രൂപ വരെയാകും ഇന്ത്യയിലെ വില.
ഡോണിന്റെ 80 ശതമാനത്തോളം ബോഡി വിശദാംശങ്ങള്‍ കാറിനു സവിശേഷമായി രൂപകല്‍പ്പന ചെയ്തതാണ്. നീളം കൂടിയ ബോണറ്റ്, മുന്നിലെ നീളം കുറഞ്ഞ ഓവര്‍ ഹാങ്, പിന്നിലെ നീണ്ട ഓവര്‍ ഹാങ്, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, 2:1 അനുപാതത്തിലെ വീല്‍ ഹൈറ്റും ബോഡി വെയ്റ്റും എന്നിവയൊക്കെ കാറിന്റെ പ്രത്യേകതകളായി റോള്‍സ് റോയ്‌സ് നിരത്തുന്നു. റെയ്ത്തിനെ അപേക്ഷിച്ച് 45 എം.എം ഉയരത്തിലാണു മുന്നിലെ റേഡിയേറ്റര്‍ ഗ്രില്ലിന്റെ സ്ഥാനം; മുന്നില്‍ താഴെയുള്ള ബംപറാവട്ടെ 53 എം.എം ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.
കാലങ്ങളായി ആകര്‍ഷണം ചോരാതെ തുടരുന്ന റോള്‍സ് റോയ്‌സ് രൂപകല്‍പ്പനാ മികവ് ഡോണിലുമുണ്ട്. മുന്നില്‍ എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ അതിരിടുന്ന സ്‌റ്റൈല്‍ സമൃദ്ധമായ പ്രൊജക്ടര്‍ ഹെഡ്‌ലാംപാണു കാറിലുള്ളത്. നിശ്ശബ്ദമായി തുറക്കുന്ന സോഫ്റ്റ് ടോപ് റൂഫാണു കാറിന്റേത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വെറും 20 സെക്കന്‍ഡില്‍ ഈ റൂഫ് തുറക്കാനാവുമെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം.
മുന്നിലും പിന്നിലുമായി രണ്ട് വീതം സീറ്റുകളാണുള്ളത്. നാലു മേഖലകളായി തിരിച്ച ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വ്യക്തിഗതമായി ക്രമീകരിക്കാവുന്ന 16 സ്പീക്കറുകള്‍ സഹിതം പ്രീമിയം ഓഡിയോ സിസ്റ്റം, ക്രോം അഴകേകുന്ന ഇന്‍സര്‍ട്ട് എന്നിവയും കാറിലുണ്ട്.