| Sunday, 2nd December 2018, 4:40 pm

റോള്‍സ് റോയ്‌സ് ആഡംബര എസ്.യു.വി കള്ളിനന്‍ ഇന്ത്യയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി കള്ളിനന്‍ ഇന്ത്യയിലെത്തി. ബ്രിട്ടണില്‍ നിന്നെത്തുന്ന ഈ ആഡംബര വാഹനത്തിന് 6.95 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 1905ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന്‍ രത്നത്തിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റോള്‍സ് റോയിസ് ആദ്യ എസ്.യു.വിക്ക് ഈ പേര് നല്‍കിയത്.

റോള്‍സ് റോയ്സിന്റെ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍ എസ്.യു.വിയുടെ ഡിസൈന്‍. ഫാന്റത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വലിയ ഗ്രില്‍ കള്ളിനനിലും അതേപടിയുണ്ട്. ലക്ഷ്വറി ലുക്കിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍.


ഫാന്റത്തിന്റെ അതേ അലൂമിനിയം സ്പേസ്ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

പുരാതന റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില്‍ ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം.

വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്പ്ലേ ടി.വി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍.


സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍. ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് എസ്.യു.വിക്ക് കരുത്തു പകരുന്നത്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.

ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്‌സാണ് കള്ളിനന്‍. ഇന്ത്യയില്‍ ബെന്റ്‌ലി ബെന്റേഗാണ് കള്ളിനലിന്റെ മുഖ്യ എതിരാളി. ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും 2019ഓടെ മാത്രമേ ഈ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുകയുള്ളു.

Latest Stories

We use cookies to give you the best possible experience. Learn more