ഇലക്ടറൽ ബോണ്ടിൽ എസ്.ബി.ഐയുടെ പങ്കെന്ത്?
India
ഇലക്ടറൽ ബോണ്ടിൽ എസ്.ബി.ഐയുടെ പങ്കെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2024, 4:37 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച കനത്ത പ്രഹരമായിരുന്നു ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയുള്ള വിധി. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഫെബ്രുവരി 15ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

ഇലക്ടറൽ ബോണ്ടിന്റെ ഇതുവരെയുള്ള എല്ലാ കണക്കുകളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സമയം നീട്ടി ചോദിക്കുകയാണ് എസ്.ബി.ഐ ചെയ്തത്. ആവശ്യം കോടതി തള്ളിയെന്ന് മാത്രമല്ല വിവരങ്ങൾ എത്രയും പെട്ടെന്ന് വെളിപ്പെടുത്താൻ എസ്.ബി.ഐക്ക് നിർദേശം നൽകുകയും ചെയ്തു. ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐക്ക് തിരിച്ചടി എന്ന തലക്കെട്ടോടയാണ് കേരളത്തിലടക്കം എല്ലാ മാധ്യമങ്ങളും വാർത്ത കൊടുത്തത്. എന്നാൽ രാജ്യത്തെ മറ്റൊരു ബാങ്കുകൾക്കുമില്ലാത്ത എന്ത് ബന്ധമാണ് ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐക്ക് ഉള്ളത്?.

കോര്‍പറേറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ മേല്‍വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കാന്‍ വേണ്ടി മോദി സർക്കാരാണ് 2017ലെ ബജറ്റില്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. രാഷ്ട്രീയ ഫണ്ടിങ്ങിനായുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് നിയമ ഭേദഗതിക്ക് നിര്‍ദേശം നല്‍കിയത്.

ഇത്തരത്തില്‍ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ നിന്ന് നിശ്ചിത തുകക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് സർക്കാർ നിയമ സംരക്ഷണം നൽകി. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സാധിക്കുമെന്നായി.

എന്നാല്‍ എത്ര രൂപ ലഭിച്ചെന്നോ ആരാണ് പണം നല്‍കിയതെന്നോ വെളിപ്പെടുത്തേണ്ട ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. ഈ തുക തിരികെ നല്‍കേണ്ട ആവശ്യവുമില്ല. 1000, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് എസ്.ബി.ഐ വഴി ബോണ്ടുകള്‍ വിറ്റയിക്കുന്നത്. സംഭാവന എന്ന പേരില്‍ നല്‍കുന്ന ഈ തുകക്ക് നൂറ് ശതമാനം നികുതിയും ലഭിച്ചിരുന്നു.

വ്യക്തികള്‍ ഇത്തരത്തില്‍ എസ്.ബി.ഐയില്‍ നിന്നും വാങ്ങുന്ന ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കിയാൽ നിശ്ചിത സമയം കൊണ്ട് പണമാക്കി മാറ്റും. 20,000 രൂപക്ക് മുകളിലുള്ള എല്ലാ സംഭാവനകളുടെയും സ്രോതസ്സ് വെളിപ്പെടുത്തണമെന്നിരിക്കെ ഇലക്ടറല്‍ ബോണ്ടില്‍ അതിന്റെ ആവശ്യം തന്നെ ഇല്ലാതാകുന്നു.

കൈക്കൂലി നല്‍കുന്നതിന് നിയമ സുരക്ഷ നല്‍കുകയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അവധരിപ്പിക്കുക വഴി കേന്ദ്രത്തിലെ ബി.ജ.പി സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയ സാമ്പത്തിക നേട്ടങ്ങളും ചെറുതല്ല.

ഇലക്ടറല്‍ ബോണ്ടിലൂടെ ഏഴ് വര്‍ഷത്തിനിടെ ബി.ജെ.പി നേടിയെടുത്തത് ആകെ 6,553 കോടി രൂപയാണ്. ഒരു വര്‍ഷം കൊണ്ട് മാത്രം ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയും. പദ്ധതിയുടെ ശരിയായ ഉപഭോക്താവ് ബി.ജെ.പി തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1,123 കോടി രൂപയാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത്. 2018 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെ ഇലക്ടറൽ ബോണ്ട് വഴി ആകെ വിറ്റയിച്ചത് 11,733 കോടി രൂപയാണ്.

ഇലക്ടറല്‍ ബോണ്ടിലൂടെ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടി സി.പി.എമ്മാണ് സുപ്രീം കോടതിയെ സമിപിച്ചത്. പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ ഇതുവരെ എത്ര രൂപ ഓരോ പാര്‍ട്ടിയും കൈപ്പറ്റി എന്നതിന്റെ വിശദമായ കണക്കുകള്‍ നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു.

അവിടെയും എന്തോ വലുത് മറച്ച് വെക്കാനുണ്ടെന്ന ഭാവമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എത്രയും പെട്ടന്ന് കണക്കുകള്‍ വെളിപ്പെടുത്താന്‍ എസ്.ബി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കേസ് തള്ളി നീക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്.

നടപടി സുപ്രീം കോടതിയുടെ വാക്കാലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും എത്രയും പെട്ടെന്ന് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി അന്ത്യശാസനം നല്‍കുകയും ചെയ്തു. ഇനി ലഭിക്കേക്കേണ്ടത് എന്തൊക്കെ രഹസ്യ ഇടപാടുകള്‍ നടന്നു എന്നതിനെ കുറിച്ചുള്ള കണക്കുകള്‍ മാത്രമാണ്.

Content Highlight: Role of SBI in Electoral Bond?