കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ത കഥാപാത്രവും ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നുമായിരുന്നു ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കണ്ടന്റ് കൊണ്ടും പ്രകടനം കൊണ്ടും മലയാളത്തിൽ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. വ്യക്തമായ രാഷ്ട്രീയം സംസാരിച്ച ചിത്രം നിരവധി പ്രശംസകളും പുരസ്‌കാരങ്ങളും നേടിയിരുന്നു.
ചിത്രത്തിൽ പ്രേക്ഷകർ ഏറെ ആസ്വദിച്ചു കണ്ട ഭാഗമായിരുന്നു സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങൾ. സിറ്റുവേഷണൽ ഹ്യൂമറിന് ഏറെ പ്രാധാന്യം നൽകിയായിരുന്നു സംവിധായകൻ അവരുടെ പ്രണയകഥ ഒരുക്കിയത്. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകർക്ക് നന്നായി കണക്റ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്ര രൂപീകരണമായിരുന്നു സുരേശനും സുമലതയും. ഇതായിരിക്കാം ഈ രണ്ട് കഥാപാത്രങ്ങളെയും വെച്ചൊരു സിനിമയെടുക്കാമെന്ന് സംവിധായകനെ തോന്നിപ്പിച്ചത്.
‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന തരത്തിൽ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു.
സ്പിൻ ഓഫ് ആണെന്ന് പറഞ്ഞാലും ഇല്ലെങ്കിലും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് സുരേശന്റെയും സുമലതയുടെയും പ്രണയകഥ. ആകെ ഉള്ള കണക്ഷൻ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം ഒന്ന് രണ്ട് സീനിൽ വരുന്നു എന്നത് മാത്രമാണ്.
കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ സഹായിച്ചിരുന്നു. നേരത്തെ പുറത്ത് വിട്ട ട്രെയ്‌ലറിലും കൊഴുമ്മൽ രാജീവനെ കാണിക്കുന്നുണ്ട്. കള്ളനായ രാജീവനെ മറ്റൊരു നടനെയും സങ്കല്പിക്കാൻ കഴിയാത്ത വിധമായിരുന്നു കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.
കൊഴുമ്മൽ രാജീവൻ ഈ കഥയുടെ ഐശ്വര്യം എന്ന് സിനിമ ആരംഭിക്കുമ്പോഴും കാണിക്കുന്നുണ്ട്. സുരേശന്റെയും സുമലതയുടെയും പ്രണയ കഥയിൽ കൊഴുമ്മൽ രാജീവന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്നത് ചോദ്യമാണ്.
കാരണം ചിത്രത്തിലേക്ക് വരുമ്പോൾ ആദ്യ ഷോട്ടിൽ ഒരു കടൽ കരയിൽ ഇരിക്കുന്ന രാജീവനെയാണ് കാണിക്കുന്നത്. ഒരു ചെറിയ താജ് മഹൽ രൂപം ഒഴുകി രാജീവന്റെ അടുത്തേക്ക് വരുന്നുണ്ട്. പിന്നീട് സിനിമയുടെ ഇടവേള സമയത്ത് ഇന്റർമിഷൻ എന്ന് പറയാനാണ് രാജീവൻ വരുന്നത്. അവസാനം ക്ലൈമാക്സിനോട് അടുക്കുമ്പോൾ ആ താജ്മഹൽ രൂപവുമായി വന്ന് സിനിമയ്ക്ക് ഒരു വഴിത്തിരിവായി മാറുന്ന കഥാപാത്രമായി മാറുന്നു എന്നതൊഴിച്ചാൽ ഒരു നിഴലായി മാറുന്നുണ്ട് രാജീവൻ.
സിനിമയുടെ പ്രൊമോഷനും തിയേറ്ററിൽ ആളെ എത്തിക്കുന്നതിലും തീർച്ചയായും സഹായിക്കുന്ന ഘടകമാണ് രാജീവൻ എന്ന കഥാപാത്രം. പക്ഷെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് അല്ലാതെ അവതരിപ്പിച്ചാലും രാജീവനെ പ്ലേസ് ചെയ്യാവുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. കാരണം ഇത് തീർത്തും വ്യത്യസ്തമായ മറ്റൊരു പരീക്ഷണ സിനിമയാണ്. തിരക്കഥയിലും ക്വാളിറ്റിയിലും ന്നാ താൻ കേസ് കൊട് ലെവൽ ഇല്ലെങ്കിലും മലയാളത്തിലെ മികച്ച പരീക്ഷണ ചിത്രങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന സിനിമയാണ് ഈ ലൗ സ്റ്റോറി.
Content Highlight: Role Of Kunjacko Boban In Sureshanteyum Sumalatahyudeyum Hridhayahariyaya Pranayakadha