details
ഒരു കയ്യില്‍ ബൈബിളും മറുകയ്യില്‍ കോടതി രേഖകളുമായി ജോമോന്‍ നടത്തിയ പോരാട്ടത്തിന്റെ കൂടി വിജയം
അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിക്കൊണ്ടുള്ള കോടതിവിധി കേരളം മുഴുവന്‍ ചര്‍ച്ചയായി മാറുകയാണ്. കാല്‍നൂറ്റാണ്ടിലധികം കാലം നിലനിന്ന ദുരൂഹതകള്‍ക്കും വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കുമാണ് ഇതോടെ തിരശ്ശീല വീഴുന്നത്. വിധി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെല്ലാം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന വ്യക്തിക്ക് പിന്നാലെയയായിരുന്നു പാഞ്ഞത്. കാരണം അഭയ കേസിന്റെ വിജയം മലയാളികളെ സംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണ്. ഇടം നെഞ്ചില്‍ ബൈബിള്‍ ചേര്‍ത്തുപിടിച്ച് കോടതിയ്ക്കകത്തും പുറത്തും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ നിലയ്ക്കാത്ത പോരാട്ടങ്ങളുടെ കൂടി ഫലമായാണ് അഭയ കേസില്‍ വൈകിയെങ്കിലും നീതി പുലര്‍ന്നത്.
ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരും അതിന്റെ പ്രവര്‍ത്തനങ്ങളും എന്താണെന്ന് മലയാളികള്‍ക്ക് സുപരിചിതമായത് സിസ്റ്റര്‍ അഭയ കൊലക്കേസിലൂടെയായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാണെന്ന് ആദ്യ ഘട്ടത്തില്‍ കേസന്വേഷിച്ച പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയപ്പോള്‍ സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. തങ്ങളുടെ മകളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകാതെ അഭയയുടെ മാതാപിതാക്കളായ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും മരണപ്പെട്ടതിന് ശേഷവും അവരുടെ കൂടെ സ്ഥാനത്ത് നിന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്റെ പോരാട്ടങ്ങള്‍ തുടരുകയായിരുന്നു.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതോടെ 1992 മാര്‍ച്ച് 31-നാണ് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങള്‍ നടന്നു.
ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചു. 1993 ജനുവരി 30- ന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കി. ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിള്‍ അഭയയുടേത് ആത്മഹത്യയാണെന്ന് ഏകപക്ഷീയമായി വിധിയെഴുതി റിപ്പോര്‍ട്ട് കോടതിയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വാക്കുകള്‍ കേട്ട് പിന്മാറാന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കലും ആക്ഷന്‍ കൗണ്‍സിലും തയ്യാറായില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയെ കാണുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഒടുവില്‍ 1993 ഏപ്രില്‍ 30-ന് സി.ബി.ഐ. സംഘം കേസ് ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് തുടക്കത്തില്‍ തന്നെ സി.ബി.ഐ കണ്ടെത്തി.
സി.ബി.ഐ ഓഫീസറായിരുന്ന വര്‍ഗീസ് പി. തോമസ്സാണ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത്. തന്റെ കേസ് ഡയറിയില്‍ അദ്ദേഹം ഇക്കാര്യം എഴുതിവെക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അദ്ദേഹം രാജി വെച്ചതായുള്ള വാര്‍ത്തയാണ് പുറത്തു വന്നത്. അഭയ കൊലക്കേസ്സില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു ഘട്ടമായിരുന്നു ഇത്. വിരമിക്കാന്‍ ഏഴുവര്‍ഷം ബാക്കിയുണ്ടായിരുന്ന സി.ബി.ഐ ഓഫീസര്‍ വര്‍ഗീസ് പി. തോമസ്സ് താന്‍ ജോലി രാജിവെക്കുന്നു എന്നറിയിച്ചുകൊണ്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്. കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ തന്റെ മേലുദ്യോഗസ്ഥനും സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി. ത്യാഗരാജന്‍ നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി വര്‍ഗീസ് പി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസ് ആരോപണമുന്നയിച്ചു.
1994 ജൂണ്‍ 2-ന് അന്നത്തെ സി.ബി.ഐ ഡയറക്ടര്‍ കെ. വിജയരാമറാവുവിനെ എം.പിമാരായ ഒ.രാജഗോപാല്‍, ഇ. ബാലാനന്ദന്‍, പി.സി തോമസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നേരില്‍ കണ്ട് പരാതി നല്‍കിയതിന് തുടര്‍ന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേല്‍നോട്ടത്തില്‍ നിന്നും ചെന്നൈയിലേക്ക് സ്ഥലം മാറ്റി. അതോടൊപ്പം എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘത്തിനോട് അഭയക്കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടു. ശേഷം കൊച്ചി യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായര്‍ 2008 നവംബര്‍ 1ന് അന്വേഷണം ഏറ്റെടുത്തു.
2008ലാണ് കേസില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവുകളുണ്ടാകുന്നത്. 2008 നവംബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.
അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ഈ മൂന്ന് പേരിലെത്തിയത്. 2009 ജൂലായ് 17-ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി.
വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും 2011 മാര്‍ച്ച് 16-ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
കോടതിയില്‍ വിടുതല്‍ ഹരജി നല്‍കി. കുറ്റപത്രം നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയത്. അഭയ കേസില്‍ തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് എസ്.പി. ആയിരുന്ന കെ.ടി. മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.ബി.ഐ തുടരന്വേഷണം നടത്തുവാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ 2014 മാര്‍ച്ച് 19 ന് ഹൈക്കോടതി ഉത്തരവിട്ടു.
കേസില്‍ ഏറ്റവുമൊടുവില്‍ നടന്ന നിര്‍ണായകമായ നീക്കം അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ പ്രതി ചേര്‍ത്തതാണ്. 2018 ജനുവരി മാസത്തിലായിരുന്നു ഇത്. ഇദ്ദേഹമാണ് ആദ്യം അഭയ കേസ് അന്വേഷിച്ചതും ആത്മഹത്യയാണെന്ന ആദ്യ വിധിയെഴുത്ത് നടത്തിയതും. അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കിഷോര്‍ ഐ.എ.എസ്സില്‍ നിന്നും എഴുതി വാങ്ങിയത് മൈക്കിളായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതായതിന് പിന്നില്‍ മൈക്കിളാണെന്ന് കണ്ടെത്തിയായിരുന്നു അദ്ദേഹത്തെ പ്രതി ചേര്‍ത്തത്.
ഇതിനിടയില്‍ മതിയായ തെളിവുകളില്ല എന്ന കാരണത്താല്‍ ഫാ. ജോസ് പുതൃക്കയിലിനെ കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ അപ്പീല്‍ കോടതി തള്ളി.
സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് അഭയ കൊലക്കേസിലുള്ളത്. 28 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ പല സാക്ഷികളും മരിച്ചിരുന്നു. അതിനാല്‍ 49 സാക്ഷികളെ മാത്രമേ പ്രോസിക്യൂഷന് കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാന്‍ കഴിഞ്ഞില്ല.
ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെട്ട വിചാരണയും ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ട വിധിയും കേസിന്റെ ആദ്യാവസാനം വ്യക്തിപരമായ യാതൊരു നേട്ടവുമില്ലാതെ പോരാടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പ്രയത്നങ്ങളുടെ ഉജ്വലവിജയമായി കൂടിയാണ് മലയാളികള്‍ കണക്കാക്കുന്നത്.