| Monday, 5th April 2021, 11:35 am

കൊവിഡ് ചികിത്സയില്‍ ഇന്ത്യന്‍ പശുക്കളുടെ പങ്ക്; സെമിനാറില്‍ ഇന്ത്യന്‍ പശുക്കളെക്കുറിച്ച് വാചാലനായി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ചികിത്സയില്‍ ഇന്ത്യന്‍ പശുക്കള്‍ ഫലപ്രദമാണെന്ന വാദവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
ഡോ. അജയ് ശാങ്കെ സംഘടിപ്പിച്ച കൊവിഡ് ചികിത്സയില്‍ ഇന്ത്യന്‍ പശുക്കളുടെ പങ്ക് എന്ന ചര്‍ച്ചയിലാണ് സുബ്രഹ്മണ്യന്‍ സ്വാമി കൊവിഡ് രോഗപ്രതിരോധത്തില്‍ പശുക്കളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചത്. വീരാട് ഹിന്ദുസ്ഥാന്‍ സംഘ് എന്ന യൂട്യൂബ് ചാനലിലാണ് പരിപാടി സംഘടിപ്പിച്ചത്.

‘ഇന്ത്യയില്‍ ഉള്ള പശുക്കളെ ബോസ് ഇന്‍ഡിക്കാസ് എന്നാണ് വിളിക്കുക. ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും ഉള്ള പശുക്കളെ ബോസ്റ്റോളസ് എന്നാണ് പറയുക. അവ വ്യത്യസ്ത ബ്രീഡാണ്.

അമേരിക്കയിലുള്‍പ്പെടെ ബോസ് ഇന്‍ഡിക്ക ഇനത്തിലുള്ള പശുക്കളുടെ പാല്‍ വളരെ മേന്മയുള്ളതും ഔഷധ ഗുണമുള്ളതുമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

ഈ ഗുണങ്ങള്‍ മറ്റ് പശുക്കളുടെ പാലിന് ഇല്ല. ഇപ്പോള്‍ അമേരിക്കയില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പശുക്കളുടെ പാലിന് ആള്‍ക്കാര്‍ ഏറെയാണ്. അത്തരത്തില്‍ പരസ്യം നല്‍കിയാണ് അവര്‍ പാല്‍ വില്‍ക്കുന്നത്,’ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

കൊവിഡ് ചികിത്സയിയില്‍ ആയുര്‍വേദത്തിന്റെ പങ്കിനെകുറിച്ച് പറയുന്നതായിരുന്നു സെമിനാര്‍. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് എന്ന് അവകാശപ്പെടുന്ന ചില ആയുര്‍വേദിക് ഉത്പന്നങ്ങളും സെമിനാറില്‍ പരിചയപ്പെടുത്തിയിരുന്നു.

സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണ് ട്വിറ്ററിലൂടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് അറിയിച്ചത്. പശുക്കളെ റോഡില്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Role of Indian cow in covid treatment: Subramanian Swamy

We use cookies to give you the best possible experience. Learn more