കോഴിക്കോട്: കരുണ-കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിഷയത്തില്‍ വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ റോജി എം. ജോണ്‍. കഴിഞ്ഞ ഒന്‍പത് മാസത്തോളം ഓര്‍ഡിനന്‍സായും ബില്ലായും നിലനിന്ന വിഷയമാണെന്നും അതില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിച്ചവര്‍ക്ക് കൂടിയുണ്ടെന്നാണ് റോജി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവില്‍ ഏതെങ്കിലും പാര്‍ട്ടി വേദികളിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ വിഷയം ഉന്നയിച്ചിരുന്നോ എന്നും റോജി തന്റെ കുറിപ്പില്‍ ചോദിച്ചു. ബില്ല് ചര്‍ച്ചക്കെടുത്ത ദിവസം രാവിലെയും യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക പരിഗണന നല്‍കികൊണ്ട് യു.ഡി.എഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു. “ലൈക്” കള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല. അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
കരുണ – കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാൻമാർക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവിൽ ഏതെങ്കിലും പാർട്ടി വേദികളിലൊ പാർലമെന്ററി പാർട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചർച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാൻ ഇപ്പോൾ ആദർശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ചാൽ “കടക്ക് പുറത്ത് ” എന്ന് പറയുകയൊ “Capital Punishment” നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനും യു ഡി എഎഫിനും ഉള്ളത്.
മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ “അവസരം” നോക്കി പൊതു സമൂഹത്തിൽ
പാർട്ടിയെ പ്രതിരോധത്തിലാക്കി “ഞാൻ മാത്രം മാന്യൻ”, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന “ആദർശ രാഷ്ട്രീയത്തോട് ” അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ.
“ലൈക്” കൾക്കും, കയ്യടിക്കും വേണ്ടി
ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണ്.
Read Also: 12 കാരിക്ക് നേരെ പീഡനശ്രമം; രക്ഷപ്പെടാന്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി – വീഡിയോ
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് പിന്നീട് സുപ്രീം കോടതി കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബില്‍ പാസാക്കിയത്. വി.ടി ബല്‍റാം മാത്രമായിരുന്നു കഴിഞ്ഞ ദിവസം ബില്ലിനെതിരെ രംഗത്തു വന്നിരുന്നത്.
കോളേജുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് താന്‍ വിട്ടുനിന്നെന്ന് കഴിഞ്ഞ ദിവസം വി.ടി ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ക്രമപ്രശ്നമായി ബില്ലിനോടുള്ള എതിരഭിപ്രായം ആദ്യം അറിയിച്ചിരുന്നതായും എന്നാല്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര്‍ ക്രമപ്രശ്നം തള്ളിയെന്നും വി.ടി കുറിപ്പില്‍ വ്യക്തമാക്കി. തുടര്‍ന്നും ആ പ്രക്രിയയില്‍ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് സഭ വിട്ട് പുറത്ത് പോയെന്നും അദ്ദേഹം പറഞ്ഞു.