പൂജ്യം റൺസ്, ഏഴ് വിക്കറ്റ്! ലോകക്രിക്കറ്റിൽ ഇതാദ്യം; 299 വർഷങ്ങൾക്ക് ശേഷം പിറന്നത് ചരിത്രനേട്ടങ്ങളുടെ പെരുമഴ
Cricket
പൂജ്യം റൺസ്, ഏഴ് വിക്കറ്റ്! ലോകക്രിക്കറ്റിൽ ഇതാദ്യം; 299 വർഷങ്ങൾക്ക് ശേഷം പിറന്നത് ചരിത്രനേട്ടങ്ങളുടെ പെരുമഴ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th April 2024, 11:13 am

ഇന്തോനേഷ്യ വുമണ്‍സും-മംഗോളിയ വുമണ്‍സും ആറ് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്തോനേഷ്യക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഉദയാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്തോനേഷ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്തോനേഷ്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയ 16.2 ഓവറില്‍ 24 റൺസിന്‌ പുറത്താവുകയായിരുന്നു.

ഇന്തോനേഷ്യയുടെ ബൗളിങ്ങില്‍ റോഹ്‌മാലിയ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. 3.2 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടു നല്‍കാതെയാണ് റോഹ്‌മാലിയ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി ചരിത്രനേട്ടങ്ങളാണ് റോഹ്‌മാലിയ സ്വന്തമാക്കിയത്.

ടി-20യില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് റോഹ്‌മാലിയ സ്വന്തമാക്കിയത്. മറ്റൊരു തകര്‍പ്പന്‍ നേട്ടവും റോഹ്‌മാലിയ സ്വന്തം പേരില്‍ കുറിച്ചു.

ക്രിക്കറ്റിന്റെ മറ്റൊരു ഫോര്‍മാറ്റിലും ഒരു താരത്തിനും പൂജ്യം റണ്‍സ് വിട്ട് നല്‍കി ഏഴ് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം റണ്‍സ് ഒന്നും വഴങ്ങാതെ ഏഴ് വിക്കറ്റുകള്‍ നേടുന്നത്.

വുമണ്‍സ് ടി-20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. 2021ല്‍ ഫ്രാന്‍സിനെതിരെ നേർതർലാൻഡ്‌സ് താരം ഫെഡറികോ ഓവര്‍ഡിജിക് ഒരു റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നെടിയിരുന്നു. ഈ നേട്ടമാണ് ഇന്തോനേഷ്യന്‍ താരം മറികടന്നത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്തോനേഷ്യക്കായി നി പുട്ടു അയൂ നന്ദ സകര്‍ണി 44 പന്തില്‍ 61 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും ഒരു സിക്‌സും ആണ് താരം നേടിയത്.

Content Highlight: Rohmalia create a new record in Cricket