| Thursday, 21st June 2018, 8:36 am

മകന്റെ മരണത്തിന്റെ കാരണക്കാരെ വിമര്‍ശിക്കാന്‍ തനിക്കാരും പണം നല്‍കേണ്ടതില്ല; മന്ത്രി പീയുഷ് ഗോയലിന് രാധികാ വെമുലയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തന്നെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും, ബി.ജെ.പിക്കെതിരായി സംസാരിക്കാന്‍ തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല. ബി.ജെ.പി നേതൃത്വത്തിനെതിരെയും നരേന്ദ്രമോദിക്കെതിരെയും സംസാരിക്കാന്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും തനിക്ക് പണവും വീടും വാഗ്ദാനം ചെയ്തുവെന്ന റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയോടു പ്രതികരിക്കവേയാണ്, തന്റെ മകന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ സംസാരിക്കാന്‍ തനിക്കാരും പണം നല്‍കേണ്ടതില്ലെന്ന് രാധികാ വെമുല ആഞ്ഞടിച്ചത്.

വെമുലയുടെ കുടുംബത്തിനു വീടുവയ്ക്കാന്‍ 20 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കബളിപ്പിച്ചു എന്ന വ്യാജവാര്‍ത്ത പരന്നതോടെയാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ രാധികാ വെമുലയെ സ്വാധീനിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന വാദവുമായി ഗോയല്‍ രംഗത്തെത്തിയത്.

“തങ്ങളാവശ്യപ്പെടുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്താനായി കോണ്‍ഗ്രസ്സ് അധ്യക്ഷനും വെമുലയുടെ കുടുംബത്തെ സമീപിച്ചുവെന്നാണ് എനിക്കു കിട്ടിയ വിവരം. ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് എന്നാണിവര്‍ നിര്‍ത്തുക? വെമുലയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണ്. ദുഃഖിതയായ ഒരു മാതാവിന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുകയാണ്” എന്നായിരുന്നു ഗോയലിന്റെ പ്രസ്താവന.


Also Read: രാജ്യത്ത് വീണ്ടും ബാങ്ക് വായ്പ തട്ടിപ്പ്; 3000കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയടക്കം 4 പേര്‍ അറസ്റ്റില്‍


എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രാധികാ വെമുല ഗോയലിനോടു പ്രതികരിച്ചിട്ടുണ്ട്. “ഞങ്ങള്‍ക്ക് പണത്തിനോട് ആര്‍ത്തിയുണ്ടെന്നാണ് ബി.ജെ.പി ധരിച്ചിരിക്കുന്നത്. എന്റെ മകന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ സംസാരിക്കാന്‍ എനിക്ക് മറ്റുള്ളവര്‍ പണം തരേണ്ട കാര്യമില്ല. മുസ്‌ലിം ലീഗ് എന്നെ പൊതുപരിപാടികള്‍ക്കു ക്ഷണിച്ചത് മോദിക്കോ ബി.ജെ.പി സര്‍ക്കാരിനോ എതിരെ സംസാരിക്കാനാവശ്യപ്പെട്ടല്ല. ഞാന്‍ റാലികളിലും മറ്റും സംബന്ധിക്കുന്നത് എന്റെ മകനു നീതി ലഭിക്കാനും സര്‍ക്കാരിന്റെ വിവേചനപരമായ സമീപനത്തെ എതിര്‍ക്കാനുമാണ്.” രാധികാ വെമുല പറഞ്ഞു. ജീവിക്കാനായി താനിപ്പോഴും പഴയ തയ്യല്‍ത്തൊഴില്‍ തന്നെയാണ് ചെയ്യുന്നതെന്നും രാധികാ വെമുല പറയുന്നു.

നേരത്തെ, മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്ന് രാധികാ വെമുല പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും കാണിച്ച് രോഹിതിന്റെ സഹോദരന്‍ രാജാ വെമുല വിശദീകരണം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more