ഇല്ലുസ്‌ട്രേഷന്‍ കടപ്പാട്: ദ്വിജിത് സി.വി., തെഹെല്‍ക്ക
| കവിത : രോഹിത് വെമുല |
മൊഴിമാറ്റം : ഷഫീക്ക് സുബൈദ ഹക്കീം
(2015 സെപ്റ്റംബര്‍ 3ന് ഫേസ്ബുക്കില്‍ രോഹിത് വെമുല എഴുതിയതാണ് ഈ കവിത. പ്രവചന തുല്യമായ ഈ കവിത മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നു…)
ഒരിക്കല്‍…
ഒരിക്കല്‍
നിങ്ങളറിയും
ഞാനെന്തുകൊണ്ട് ഇത്രയും
ക്ഷോഭിച്ചിരുന്നുവെന്ന്.
അന്നു നിങ്ങളറിയും
ഞാനെന്തുകൊണ്ട്
സാമൂഹ്യതാല്‍പര്യങ്ങള്‍
വെറുതെ പങ്കുവെയ്ക്കുന്നതല്ല എന്ന്.
ഒരിക്കല്‍ നിങ്ങളറിയും
ഞാനെന്തുകൊണ്ടാണ്
ക്ഷമ ചോദിച്ചിരുന്നതെന്ന്.
അന്നു നിങ്ങളറിയും
ആ വേലികള്‍ക്കപ്പുറം
കെണികളുണ്ടായിരുന്നുവെന്ന്.
ഒരിക്കല്‍
നിങ്ങള്‍ക്കെന്നെ
ചരിത്രത്തില്‍ കണ്ടെത്താനാകും.
അതിന്റെ നിറം മങ്ങിയ താളുകളില്‍…
ഇരുണ്ട വെളിച്ചത്തില്‍…
അന്നു നിങ്ങള്‍ പറയും
ഞാന്‍ വിവേകമുള്ളവനായിരുന്നുവെങ്കില്‍…
അന്നു രാത്രി
നിങ്ങളെന്നെ ഓര്‍ക്കും,
നിങ്ങളെന്നെ അനുഭവിക്കും,
ഒരു ചെറുചിരിയോടെ
നിങ്ങളെന്നെ നിശ്വസിക്കും…
അതെ,
അന്നു ഞാന്‍ പുനര്‍ജനിക്കും….