ന്യൂദല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. രോഹിത് വെമുലയുടെ ആത്മഹത്യ സ്വന്തം താല്‍പര്യപ്രകാരമായിരുന്നെന്നും യൂണിവേഴ്‌സിറ്റിയുടെ ചെയ്തികള്‍ അദ്ദേഹത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നുമാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രോഹിത് വെമുലയെയും മറ്റുനാലു കുട്ടികളെയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ യൂണിവേഴ്‌സിറ്റിയുടെ നടപടി അദ്ദേഹം ജീവിതം അവസാനിപ്പിക്കാനുള്ള കാരണമല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
വെമുലയ്ക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പലകാരണങ്ങള്‍ കൊണ്ടും അദ്ദേഹം ദുഖിതനായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
” അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. അത് വ്യക്തമാക്കുന്നത് രോഹിത് വെമുലയ്ക്ക് അദ്ദേഹത്തിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം ലോകകാര്യങ്ങളില്‍ സന്തുഷ്ടനായിരുന്നില്ല എന്നുമാണ്.” റിപ്പോര്‍ട്ടില്‍ പറയുന്നു.
” പലകാര്യങ്ങള്‍കൊണ്ടും അദ്ദേഹം നിരാശനായിരുന്നു. അതിന്റെ കാരണങ്ങള്‍ അദ്ദേഹത്തിനുമാത്രമേ അറിയൂ. കുട്ടിക്കാലംമുതല്‍ താന്‍ ഒറ്റയ്ക്കാണെന്നാണ് അവന്‍ എഴുതിയത്. ഇതും അദ്ദേഹത്തിന്റെ നിരാശ വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്ക് അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.” റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ രൂപന്‍വാല്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്. രോഗിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്കും ബി.ജെ.പി നേതാവ് ബന്ദാരു ദത്തത്രേയയ്ക്കും രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
“യൂണിവേഴ്‌സിറ്റിയുടെ തീരുമാനം അദ്ദേഹത്തെ രോഷാകുലനാക്കിയിരുന്നെങ്കില്‍ ആത്മഹത്യാക്കുറിപ്പില്‍ അക്കാര്യം പരാമര്‍ശിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യുന്ന വേളയിലെ യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നങ്ങള്‍ ആത്മഹത്യയ്ക്കു കാരണമായിട്ടില്ല.” റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് വെമുല ദളിതനല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2016 ആഗസ്റ്റിലാണ് മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2016 ജനുവരി 17നാണ് രോഹിത് വെമുലയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.