Entertainment
ഇപ്പോള്‍ വരുന്നവന്‍ പിശാചാണ്... സിങ്കത്തിന്റെ വില്ലനെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 12:02 pm
Wednesday, 14th February 2024, 5:32 pm

ബോളിവുഡ് ഇക്കൊല്ലം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സിങ്കം എഗൈന്‍. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം ഫ്രാഞ്ചൈസിലെ മൂന്നാമത്തെ സിനിമയും, രോഹിത് ഷെട്ടി ഉണ്ടാക്കിയെടുത്ത കോപ് യൂണിവേഴ്‌സിലെ അഞ്ചാമത്തെ സിനിമയുമാണിത്. അജയ് ദേവ്ഗണാണ് നായകനായി എത്തുന്നത്. 2011ല്‍ സിങ്കം എന്ന സിനിമയിലൂടെയാണ് രോഹിത് പുതിയ സിനിമാ ഫ്രാഞ്ചൈസ് ഉണ്ടാക്കിയത്. 2014ല്‍ സിങ്കം റിട്ടേണ്‍സിലൂടെ പുതിയ സിനിമാ യൂണിവേഴ്‌സ് രൂപപ്പടുത്തിയത്.

2018ല്‍ റിലീസായ രണ്‍വീര്‍ സിങ് ചിത്രം സിംബാ, 2021ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നിവയാണ് കോപ് യൂണിവേഴ്‌സിലെ മറ്റു ചിത്രങ്ങള്‍. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്റെ സംഗ്രാം ഭാലേറാവുവും അക്ഷയ് കുമാറിന്റെ വീര്‍ സൂര്യവന്‍ശിയും അതിഥി താരങ്ങളായെത്തുന്നുണ്ട്.

ചിത്രത്തിലെ വില്ലനെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ രോഹിത് ഷെട്ടി. ‘മനുഷ്യര്‍ തെറ്റ് ചെയ്യുന്നു… അതിനുള്ള ശിക്ഷയും അവര്‍ അനുഭവിക്കുന്നു, എന്നാല്‍ ഇപ്പോള്‍ വരുന്നവന്‍ പിശാചാണ്’ എന്ന ക്യാപ്ഷനോടെയാണ് വില്ലനെ പരിചയപ്പെടുത്തിSയത്. ബോളിവുഡിലെ നായകനടന്മാരില്‍ ഒരാളായ അര്‍ജുന്‍ കപൂറാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചോര പുരണ്ട മുഖവുമായി ചിരിച്ചു നില്‍ക്കുന്ന ഫോട്ടയും, രണ്‍വീര്‍ സിങുമായി മുഖാമുഖം നില്‍ക്കുന്ന ഫോട്ടോയുമാണ് സംവിധായകന്‍ പങ്കുവെച്ചത്.

ഈ സിനിമയിലൂടെ കോപ് യൂണിവേഴ്‌സിലെ അടുത്ത അംഗമായ ലേഡി സിങ്കത്തെയും പരിചയപ്പെടുത്തുന്നുണ്ട്. ദീപികാ പദുകോണാണ് ലേഡി സിങ്കമായി എത്തുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിങ്കം എഗൈന്‍ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

Content Highlight: Rohith Shetty introduces the villain in Singham Again