ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന താരമാണ് സൂര്യ കുമാര്‍ യാദവ്. ഇക്കഴിഞ്ഞ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മാസ്മരിക പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടിയ സ്‌കൈയില്‍ വമ്പന്‍ പ്രതീക്ഷകളാണ് ടീമും ആരാധകരും വെച്ചുപുലര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞ വാക്കുകളും ഈ പ്രതീക്ഷ തുറന്നുകാണിക്കുന്നതായിരുന്നു. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി 16 ടീമുകളുടെയും ക്യാപ്റ്റന്‍മാരെ ഉള്‍പ്പെടുത്തി ഐ.സി.സി നടത്തിയ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്.
തന്റെ കഴിവുകളെല്ലാം പുറത്തെടുക്കുന്ന സൂര്യ കുമാര്‍ യാദവാണ് തങ്ങളുടെ ടീമിന്റെ എക്‌സ് ഫാക്ടറെന്ന് പറഞ്ഞ രോഹിത് മറ്റെല്ലാവരും അങ്ങനെയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
‘അവന്‍ മികച്ച ഫോമിലാണ്. നല്ല രീതിയിലാണ് ബാറ്റ് ചെയ്യുന്നതും. ലോകകപ്പിലും അവന്‍ അങ്ങനെ തന്നെ ബാറ്റിങ് തുടരുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം സൂര്യകുമാറിന്റെ പ്രകടനം ടീമിന്റെ ബാറ്റിങ് മധ്യനിരക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
തന്റെ മുഴുവന്‍ കഴിവുകളും അവന്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കാറുണ്ട്. പിന്നെ അവന് പേടിയേയില്ല. അതുകൊണ്ട് തന്നെ അവന്‍ ഞങ്ങളുടെ തുറുപ്പുചീട്ടാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അതേസമയം ടീമിലെ എല്ലാവരും അതേ രീതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് എക്‌സ് ഫാക്ടറുകളാകണമെന്നാണ് എന്റെ ആഗ്രഹം,’ രോഹിത് ശര്‍മ പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററും ടി-20 സ്പെഷ്യലിസ്റ്റുമാണ് സൂര്യകുമാര്‍ യാദവ്. ഏഷ്യാ കപ്പിലും കഴിഞ്ഞ പരമ്പരകളിലും മികച്ച പ്രകടനമാണ് സ്‌കൈ ഇന്ത്യക്കായി നടത്തുന്നത്.
2022ല്‍ 21 അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച സൂര്യകുമാര്‍ 732 റണ്‍സാണ് സ്വന്തമാക്കിയത്. 40.66 ആവറേജിലും 180.29 സ്ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടുന്നത്.
ടി-20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളുടെ ഐ.സി.സി പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും സൂര്യ കുമാര്‍ യാദവായിരുന്നു. താരത്തിന്റെ സമീപകാല പ്രകടനം വിലയിരുത്തിയാണ് ഐ.സി.സി സൂര്യകുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Content Highlight: Rohith Sharma says Suryakumar Yadav is their X factor