ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരം ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാഗ്പൂരിലെ വിദര്‍ഭയില്‍ 9: 30 നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിനിടക്ക് വിദര്‍ഭയിലെ പിച്ചിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ ഓസീസ് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. പിച്ച് ഇന്ത്യക്ക് അനുകൂലമായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഉയരുന്ന വാദങ്ങള്‍.
മുന്‍ ഓസിസ് താരങ്ങളായ ജേസണ്‍ ഗില്ലസ്പിയും സൈമണ്‍ ഒ ഡോണലും വിഷയത്തില്‍ ഐ.സി.സി ഇടപെടണമെന്ന് പോലും വാദിച്ചു. പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ ഇത്തരം വിവാദങ്ങളിലേക്ക് പോകരുതെന്നാണ് ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മാച്ചിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ പിച്ചിനെ കുറിച്ച് അമിതമായി ആശങ്ക പ്രകടിപ്പിക്കുന്നതിന് പകരം കളിയില്‍ ശ്രദ്ധിക്കാനാണ് രോഹിത് പറഞ്ഞത്.
‘പിച്ചിനെ കുറിച്ച് ആശങ്കപ്പെടാതെ കളിയില്‍ ശ്രദ്ധിക്കൂ. 22 മികച്ച കളിക്കാരാണ് ഗ്രൗണ്ടില്‍ കളിക്കുന്നത്,’ രോഹിത് പറഞ്ഞു.
അതേസമയം പിച്ച് സ്പിന്നേഴ്‌സിന് അനുകൂലമായതാണെന്നും രോഹിത് സമ്മതിച്ചു. ‘പ്ലാനുണ്ടാകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പലര്‍ക്കും പല മെതേഡായിരിക്കും ഉണ്ടാവുക. ചിലര്‍ക്ക് സ്വീപിങ്ങാണ് ഇഷ്ടം. ചിലര്‍ക്ക് റിവേഴ്‌സ് ചെയ്യാനാണ് ഇഷ്ടം. ചിലര്‍ക്ക് പന്ത് ബൗളര്‍മാര്‍ക്കും മുകളിലൂടെ കൊണ്ടുപോകണം.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ചിലപ്പോള്‍ തിരിച്ച് അറ്റാക്ക് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ക്യാപ്റ്റന്‍ പല വഴികളിലൂടെ കളി പ്ലാന്‍ ചെയ്യും. ഫീല്‍ഡിങ്ങിലും ബൗളേഴ്‌സിലും മാറ്റങ്ങള്‍ കൊണ്ടുവരും. അതിനനുസരിച്ച് പ്ലാന്‍ ചെയ്യുകയും കളിക്കുകയും ചെയ്യേണ്ടതുണ്ട്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റാണ് ഉള്ളത്. നാലും ഞങ്ങള്‍ക്ക് ജയിക്കണം. ഈ സീരിസ് വലിയ വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. പ്രിപ്പറേഷന്‍ പ്രധാനപ്പെട്ടതാണ്. നന്നായി പ്രിപ്പയര്‍ ചെയ്യുകയാണെങ്കില്‍ അതിനുള്ള ഫലം കാണും,’ രോഹിത് പറഞ്ഞു.
Content Highlight: rohith sharma responses to the discussion on vidarbha