മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത് ശര്‍മ്മ. സച്ചിന്‍, ഗാംഗുലി, സെവാഗ് ത്രയങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്കായി ഏറ്റവും സ്ഥിരതയോടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്ന താരം.
2006 ല്‍ തന്നെ ടീമിലെത്തിയിരുന്നെങ്കിലും 2012-13 ന് ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയത്. സ്ഥിരതയില്ലായ്മ തന്നെയായിരുന്നു രോഹിതിന്റെ പ്രശ്‌നം.
2011 ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ രോഹിതിന് ഇടമുണ്ടായിരുന്നില്ല. തന്റെ മോശം പ്രകടനമാണ് അതിന് കാരണമെന്ന് രോഹിത് തന്നെ തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍.
‘എന്റെ പ്രകടനം തന്നെയാണ് അതിന് കാരണം. മികച്ച ഫോമിലല്ലായിരുന്നു ആ സമയത്ത്’, രോഹിത് പറഞ്ഞു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വളരെ വിഷമമുണ്ടാക്കിയ സമയം. എന്റെ നാട്ടില്‍ കപ്പുയര്‍ത്താനുള്ള സാഹചര്യം നഷ്ടമായി’, രോഹിത് പറഞ്ഞു.
2013 ലും 2019 ലും ലോകകപ്പ് ടീമില്‍ രോഹിത് ഉണ്ടായിരുന്നു. 2019 ലെ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളുമായി റണ്‍വേട്ടക്കാരില്‍ മുന്നിലുമായിരുന്നു രോഹിത്. എന്നാല്‍ സെമിയില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.