| Thursday, 13th November 2014, 6:58 pm

രോഹിത് ശര്‍മക്ക് ലോക റെക്കോര്‍ഡ്, ശ്രീലങ്കക്ക് 404 റണ്‍സിന്റെ വിജയ ലക്ഷ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ റണ്‍മഴ പെയ്യിച്ച് രോഹിത് ശര്‍മ. 173 പന്തില്‍ 33 ഫോറും 9 കൂറ്റന്‍ സിക്‌സറും പായിപ്പിച്ച്  264 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍ നിന്നു പിറന്നത്. ഇതോടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ഉടമയായിരിക്കുകയാണ് രോഹിത്. കൂടാതെ  രണ്ട് തവണ ഇരട്ട ശതകം നേടിയ ഏകതാരം  എന്ന ബഹുമതിയും രോഹിതിന് കൈവന്നിരിക്കുകയാണ്. രോഹിതിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ നേടിയത് 404 റണ്‍സാണ്. ഇത് ഇന്ത്യയുടെ ഏകദിനത്തിലെ മികച്ച അഞ്ചാമത്തെ സ്‌കോറാണ്.

ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്ന വിരേന്ദ്ര സെവാഗിന്റെ 219 റണ്‍സിന്റെ റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയിരിക്കുന്നത്. 2013 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രോഹിത് ആദ്യ ഇരട്ട ശതകം നേടിയിരുന്നത്. 209 റണ്‍സായിരുന്നു അന്ന് രോഹിതിന്റെ ബാറ്റില്‍ നിന്നു പിറന്നിരുന്നത്. രോഹിതിനെ കൂടാതെ നിലവില്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍, സെവാഗ് എന്നിവര്‍ മാത്രമാണ് ഏകദിനങ്ങളില്‍ ഇരട്ട ശതകം നേടിയിട്ടുള്ളത്.

പരിക്ക് കാരണം കഴിഞ്ഞ പത്ത് ആഴ്ചയോളം വിശ്രമത്തിലായിരുന്നു രോഹിത്. ശിഖാര്‍ ധവാന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ഇന്നാണ് രോഹിത് മത്സരത്തിനിറങ്ങിയിരുന്നത്. മത്സരത്തില്‍ അജിങ്ക്യ രഹാനെ(28), അമ്പാട്ടി റായ്ഡു (8), വിരാട് കോഹ്‌ലി(66), സുരേഷ് റെയ്‌ന(11) എന്നിവരാണ് രോഹിതിന് പിന്തുണയുമായി പുറകില്‍ നിന്നത്.

We use cookies to give you the best possible experience. Learn more