മെല്‍ബണ്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐസോലേഷനില്‍. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷോ, നവ്ദീപ് സൈനി, റിഷഭ് പന്ത് എന്നിവരാണ് ഐസോലേഷനില്‍ പ്രവേശിച്ചത്.
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മെല്‍ബണിലെ റെസ്റ്റോറന്റില്‍ എത്തിയതിന്റെയും ആളുകളുമായി ഇടപഴകുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കളിക്കാരോട് ഐസോലേഷനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. കളിക്കാര്‍ ഐസോലേഷനിലായതോടെ ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയെ കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്.
കൊവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമുണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബി.സി.സി.ഐ അന്വേഷണം തുടങ്ങിയതായും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായാണ് താരങ്ങള്‍ മെല്‍ബണില്‍ എത്തിയത്. 1-1 സമനിലയിലാണ് ടീമുകള്‍. മൂന്നാമത്തെ ടെസ്റ്റ് മത്സരം ജനുവരി 7ന് സിഡ്നിയില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തിനായി പരിശീലനം നടന്നുകൊണ്ടിരിക്കെയാണ് താരങ്ങള്‍ വിവാദത്തിലാവുന്നത്. പുതുവത്സര ദിനത്തിലാണ് താരങ്ങള്‍ മെല്‍ബണിലെ റെസ്റ്റോറന്റില്‍ എത്തുന്നത്.
താരങ്ങള്‍ റെസ്റ്റോറന്റില്‍ ഇരിക്കുന്നത് നവല്‍ദീപ് സിംഗ് എന്ന ആരാധകന്‍ കാണുകയും ഇവരുടെ ഹോട്ടല്‍ ബില്ലായ 6683 രൂപ അടയ്ക്കുകയും ഇവര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ക്രിക്കറ്റ് താരം റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു.
Five Indian players — Rohit Sharma, Rishabh Pant, Shubman Gill, Prithvi Shaw & Navdeep Saini placed in isolation after video emerged on social media of group appearing to eat at an indoor venue in Melbourne.Potential breach of COVID protocols being investigated: Cricket Australia
എന്നാല്‍ ഇതിന് പിന്നാലെ താരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബയോ സെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായി വിവാദമുയര്‍ന്നു. വിവാദം പരമ്പരയെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും കളിക്കാര്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് സൂചന.
കൊവിഡ് പശ്ചാത്തലത്തില്‍ ഇരു ടീമുകളിലെയും കളിക്കാരും ഉദ്യോഗസ്ഥരും കര്‍ശന നടപടികള്‍ പാലിക്കേണ്ടതായുണ്ട്. താരങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ അധികസമയം ചിലവഴിക്കാന്‍ അനുവാദമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ റെസ്റ്റോറന്റില്‍ സമയം ചിലവഴിച്ചതായി ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇവര്‍ പുറത്തിരുന്നല്ല ഭക്ഷണം കഴിച്ചതെന്നും ഹോട്ടലിനകത്ത് തന്നെയാണ് ഇരുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ വൈറലായ വീഡിയോ ബി.സി.സി.ഐ അവലോകനം ചെയ്യുകയാണ്. വിഷയത്തില്‍ ബോര്‍ഡ് വക്താവ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക