| Monday, 20th March 2023, 4:01 pm

ആദ്യം എഴുതിയ ക്ലൈമാക്‌സ് ഇതായിരുന്നില്ല, മാറ്റിയെഴുതാന്‍ കാരണം...: രോഹിത് എം.ജി. കൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായ സിനിമയാണ് ജോജു ജോര്‍ജ് നായകനായ ഇരട്ട. ഒരു പൊലീസ് സ്റ്റേഷനില്‍ നടന്ന മരണം കേന്ദ്രീകരിച്ച് രൂപപ്പെട്ട സിനിമ സംവിധാനം ചെയ്തത് രോഹിത് എം.ജി. കൃഷ്ണനായിരുന്നു. തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും ഏറ്റവുമധികം ചര്‍ച്ചയായത് ഇരട്ടയുടെ ക്ലൈമാക്‌സായിരുന്നു. പ്രേക്ഷകരെ അത്യധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു ഇരട്ടയിലെ ഇരട്ട ക്ലൈമാക്‌സ്.

എന്നാല്‍ ആദ്യം എഴുതിയ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നില്ല എന്നും എന്നാല്‍ മാറ്റിയെഴുതിയ ക്ലൈമാക്‌സ് കേട്ട് ആളുകള്‍ ഞെട്ടിയെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

‘കഥയില്‍ ആദ്യം ഞാന്‍ ഉണ്ടാക്കിയത് പോലീസ് സ്റ്റേഷനായിരുന്നു. ഒരു ലൊക്കേഷനില്‍ നടക്കുന്ന കഥ എന്ന രീതിയില്‍ ചിന്തിച്ചപ്പോള്‍ പോലീസ് സ്റ്റേഷനാണ് മനസിലേയ്ക്ക് വന്നത്. പോലീസ് സ്റ്റേഷനില്‍ ഞെട്ടിക്കുന്ന ഒരു സംഭവം നടക്കണം എന്ന ചിന്തയായിരുന്നു പിന്നെ. അതിനെക്കുറിച്ച് പല കാര്യങ്ങളും ആലോച്ചിച്ചു. അപ്പോഴാണ് കേരളത്തില്‍ പണ്ട് സംഭവിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. അതിലെ കാര്യങ്ങള്‍ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു.

ആ സംഭവത്തെ അത് പോലെ എടുക്കുകയല്ല ഉണ്ടായത്. അതുപോലൊരു സംഭവം ഈ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് വിനോദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് വെടിയേറ്റ് മരിക്കുന്ന സംഭവത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്. പിന്നെ പല രീതിയിലെ ക്ലൈമാക്സ് ആലോചിച്ചു. അവസാനം പ്രതിയെ പിടിക്കുന്ന ക്ലൈമാക്സ് ആളുകളോട് പങ്കുവെച്ചപ്പോള്‍ സാധാരണ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ഇപ്പോഴത്തെ ക്ലൈമാക്സ് പറഞ്ഞപ്പോള്‍ ആളുകള്‍ ഞെട്ടിയിരുന്നു. അങ്ങനെയാണ് ഈ ക്ലൈമാക്സ് മതിയെന്ന തീരുമാനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്.

ആദ്യ സിനിമ പൂര്‍ത്തിയാക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒന്നും നേടാനാകില്ല. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. എല്ലാവരും പൂര്‍ണപിന്തുണ നല്‍കിയതിനാല്‍ ഭംഗിയായി ആദ്യ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തിരക്കഥയെഴുതുന്ന സമയത്ത് ജോജു ജോര്‍ജാകും നായകനെന്ന് കരുതിയിരുന്നില്ല. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ജോജു ചേട്ടന് മാത്രമേ ഈ കഥാപാത്രം ഇണങ്ങൂ എന്ന് തിരിച്ചറിഞ്ഞു.

ജോജു ചേട്ടന്‍ ആദ്യമായിട്ടല്ല പൊലീസ് വേഷം ചെയ്യുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പൊലീസ് വേഷങ്ങളില്‍ ആവര്‍ത്തന വിരസത തോന്നാറില്ല. ആക്ഷന്‍ ഹീറോ ബിജു, ജോസഫ്, നായാട്ട് ഈ മൂന്ന് ചിത്രങ്ങളിലും വളരെ വ്യത്യസ്തമായ പൊലീസ് കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഒരു ലൊക്കേഷനില്‍ സിനിമയുടെ കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്യുക എന്നത് ഈ സിനിമയെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നില്ല. ബജറ്റ് കുറച്ചുകൊണ്ട് സിനിമ പെട്ടെന്ന് പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഒരു ലൊക്കേഷന്‍ എന്ന ചിന്തയിലേയ്ക്ക് എത്തിയത്. തിരക്കഥയില്‍ പ്രതീക്ഷയുണ്ടായിരുന്നു,’ രോഹിത് പറഞ്ഞു.

Content Highlight: rohith mg krishnan talks about the climax of iratta movie

We use cookies to give you the best possible experience. Learn more