| Sunday, 5th February 2017, 9:36 am

ജെ.എന്‍.യുവിലും എച്ച്.സി.യുവിലും ദളിത് വിദ്യാര്‍ഥികളെ ഇടതുപക്ഷം പിന്തുണയ്ക്കാതിരുന്നത് ദൗര്‍ഭാഗ്യകരം: ഡി.വൈ.എഫ്.ഐ വേദിയില്‍ രാധിക വെമുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ പല ക്യാമ്പസുകളിലും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇടതുപക്ഷം പിന്തുണ നല്‍കുന്നില്ല. കേരളത്തില്‍ ദളിതര്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണ് രോഹിത് വെമുലയുടെ ചിത്രം കീറിയ സംഭവം വരെ കേരളത്തില്‍ ഉണ്ടായെന്നും രാധിക പറഞ്ഞു.


കൊച്ചി: രാജ്യത്ത് അസമത്വം വര്‍ധിക്കുന്നത് തടയാന്‍ ദളിതരും മുസ്‌ലീങ്ങളും ആദിവാസികളും സ്ത്രീകളും കമ്മ്യൂണിസ്റ്റുകാരും ഒരുമിക്കണമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. കൊച്ചിയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാധിക.

സംഘപരിവാരങ്ങളെയും ആര്‍.എസ്.എസിനെയും ബി.ജെ.പിയും പിന്തുണക്കുന്നവരേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് അവരെ എതിര്‍ക്കുന്നവര്‍ എന്നാണ് തനിക്കു മനസിലാക്കാന്‍ കഴിഞ്ഞത്. എന്നിട്ടും ബി.ജെ.പിക്ക് ഇവിടെ ഭരിക്കാന്‍ കഴിയുന്നത് ഹിന്ദുത്വ വിരുദ്ധ, ബ്രാഹ്മണിക് വിരുദ്ധ, ബി.ജെ.പി വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം കാരണമാണ്. സംഘപരിവാറിനെ നേരിടാന്‍ ദളിതരുടെയും മുസ്‌ലിംങ്ങളുടെയും ആദിവാസികളുടെയും ബഹുജനങ്ങളുടെയും സ്ത്രീകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും യോജിപ്പാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

“ഈ ശക്തികള്‍ ഒരുമിക്കുകയാണെന്നിരിക്കട്ടെ, “”സ്വാതന്ത്ര്യം, സമത്വം സാഹോദര്യം”” എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിക്കാന്‍ ഒരുശക്തിയും മുതിരുകപോലുമില്ല. ഇവ്വിധം പുരോഗമന ശക്തികള്‍ ഒരുമിക്കണമെങ്കില്‍, തീര്‍ച്ചയായും ഒരടിസ്ഥാന കാര്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്, അതായത് ഈ ശക്തികള്‍ തമ്മില്‍ സമത്വം ഉണ്ടാവണം.” അവര്‍ പറഞ്ഞു.


Also Read:പതിനേഴുകാരിയെ ബലാത്സംഘം ചെയ്തുകൊന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ ഹാഷ്ടാഗ് ക്യാംപെയ്‌നില്‍ പങ്കുചേര്‍ന്ന് കമല്‍ഹാസന്‍


പരമ്പരാഗതമായി ശക്തരായിട്ടുള്ളവര്‍ അവരുടെ അധികാരം പങ്കുവെക്കണം എന്നു പറഞ്ഞുകൊണ്ടാണ് സമത്വം എന്നതിനെ രാധിക വെമുല വിശദീകരിക്കുന്നത്.

“ശക്തി അഥവാ അധികാരം ഒരിക്കല്‍പോലും അറിഞ്ഞിട്ടില്ലാത്തവരെ നേതാക്കളായിമാറ്റുന്നതിനെ അവര്‍ പിന്തുണക്കണം. വിവേചനം ഒരിക്കല്‍പ്പോലും അറിഞ്ഞിട്ടില്ലാത്തവര്‍ ഒരിക്കലും വിവേചനത്തെ കുറിച്ച് സംസാരിക്കുകയല്ല ചെയ്യേണ്ടത്, പകരം ദളിതര്‍, മുസ്ലീങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍ മുതലായ വിവേചനമനുഭവിക്കുന്ന മുഷ്യരെ അവര്‍ക്ക് വേണ്ടി സ്വയം സംസാരിക്കുന്ന വിധത്തില്‍ ശാക്തീകരിക്കുകയാണ് ചെയ്യേണ്ടത്.” അവര്‍ പറയുന്നു.

ദളിത്, ആദിവാസി, കമ്മ്യൂണിസ്റ്റ്, മുസ്‌ലിം സമൂഹങ്ങള്‍ പരസ്പരം വ്യത്യസ്തരാണ്. അത് തിരിച്ചറിയുന്നത് പരസ്പരം ബഹുമാനിക്കാനും നമ്മള്‍ തുല്യരാണെന്നുമുള്ള വിധത്തില്‍ ഐക്യപ്പെടാനും സഹായിക്കും. ഇത്തരമൊരു തുല്യത സൂക്ഷിക്കുമ്പോള്‍ മാത്രമേ, ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും കമ്മ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷം സംഘപരിവാറിനെതിരായി ദളിതരും ആദിവാസികളും മുസ്‌ലീങ്ങളും സ്ത്രീകളും കമ്മ്യൂണിസ്റ്റുകാരും ഒരുമിച്ചു നിന്ന് പോരാടിയെന്നു പറഞ്ഞ രാധികാ വെമുല ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ ചില വീഴ്ചകളും എടുത്തു പറയുന്നുണ്ട്.

“അംബേദ്ക്കറൈറ്റ് വിദ്യാര്‍ത്ഥികളെയും മുസ്‌ലിം വിദ്യാര്‍ത്ഥികളെയും കേരളത്തില്‍ എസ്.എഫ്.ഐ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രക്രിയകള്‍ക്കിടയില്‍ എന്റെ മകന്റെ ചിത്രം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ചിത്രലേഖയുടെ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ദളിതരും ആദിവാസികളും ഇപ്പോഴും കേരളത്തില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതികേടിലാണ് എന്നത് ഖേദകരമാണ്. ഒരിക്കല്‍ ശക്തവും പുരോഗമനപരവുമായ ശബ്ദമുണ്ടായിരുന്ന ഒരു ആദിവാസി വനിതാ നേതാവ് കേരളത്തില്‍ ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ” ഉദാഹരണമായി രാധിക വെമുല ചൂണ്ടിക്കാട്ടുന്നു.

“ചില ഇടത് നേതാക്കള്‍ എന്നെ വന്ന് കാണുകയും രോഹിത് വെമുല ആക്ടുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന് പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്, ഒരു അംബേദ്ക്കറൈറ്റ് നേതാവിനെ പോലും, എന്തിന് എന്റെ മകന്റെ സുഹൃത്തുക്കളായ എ.എസ്.എ പ്രവര്‍ത്തകരെ പോലും അതിന് അവര്‍ ക്ഷണിച്ചിട്ടില്ല എന്നാണ്.

കാമ്പസുകളില്‍ ദളിതര്‍ നേരിടുന്ന വിവേചനങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിലേയ്ക്ക് എത്തുന്നതിന് എന്തൊക്കെ വേണമെന്ന് എങ്ങനെയാണ് ദളിതരല്ലാത്തവര്‍ക്ക് മാത്രമായി ചേര്‍ന്നിരുന്നു തീരുമാനിക്കാന്‍ കഴിയുക? ഹൈദരാബാദ് സര്‍വ്വകലാശാലയിലും ജെ.എന്‍.യുവിലും നമ്മള്‍ കണ്ടതാണ്, ദളിത് നേതാക്കളെ ഇടത് പക്ഷം അവിടങ്ങളില്‍ പിന്തുണച്ചില്ല എന്ന് മാത്രമല്ല അവര്‍ക്കെതിരെ മത്സരിക്കുകയും ചെയ്തുവെന്ന ദൗര്‍ഭാഗ്യകരമായ കാര്യം.” അവര്‍ വിശദീകരിക്കുന്നു.

ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോഴും തങ്ങളുടെ ഭാഗത്ത് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് രാധിക വെമുല സമ്മതിക്കുന്നു. “നമ്മുടെ വ്യത്യസ്തതകളെ കുറിച്ച് സത്യസന്ധവും തുറന്നതുമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ. എപ്പോഴാണോ നമ്മുടെ വ്യത്യസ്തതകളെ നമ്മള്‍ അംഗീകരിക്കുന്നത് അപ്പോള്‍ മാത്രമേ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും സാധിക്കു. ഇത് എല്ലാവരും, അതായത് ദളിതര്‍, ആദിവാസികള്‍, മുസ്‌ലീങ്ങള്‍, സ്ത്രീകള്‍, കമ്മ്യൂണിസ്റ്റുകള്‍ എല്ലാവരും പ്രയോഗിക്കേണ്ടതാണ്.” അവര്‍ ആവശ്യപ്പെടുന്നു.

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കുശേഷം ഇന്ത്യയിലുയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ വഹിച്ച പങ്ക് എടുത്ത് പറഞ്ഞുകൊണ്ടാണ് രാധിക വെമുല പ്രസംഗം ആരംഭിച്ചത്. രോഹിത് വെമുലയ്ക്ക് നീതിയാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള്‍ നടത്തിവരുന്ന പോരാട്ടത്തിലുടനീളം പിന്തുണ നല്‍കിയതിന് സി.പി.ഐ.എമ്മിനോടും നന്ദി രേഖപ്പെടുത്തുന്നു. സിതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് മുതലായ സി.പി.ഐ.എം നേതാക്കള്‍ പ്രകടിപ്പിക്കുന്ന കരുണയും പിന്തുണയും തനിക്ക് മറക്കാന്‍ സാധിക്കുന്നതല്ലെന്നും അവര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more