മുംബൈ: ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയിലെ രണ്ടാം ട്വന്റി-20 പരാജയത്തെ കുറിച്ചുള്ള ഹര്ഭജന് സിംഗിന്റെ വിശകലനത്തെ പരിഹസിച്ച് രോഹിത് ശര്‍മ്മ. രാജ്ക്കോട്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 40 റണ്‍സിനായിരുന്നു കിവികള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിനെ കുറിച്ചുള്ള ഭാജിയുടെ വിശകലനത്തെയാണ് രോഹിത് പരിഹസിച്ചിരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് ഓപ്പണര്‍ മണ്‍റോയുടെ സെഞ്ച്വറിയുടെ കരുത്തില്‍ 196 എന്ന കൂറ്റന്‍ സ്കോറായിരുന്നു ഇന്ത്യയ്ക്ക മുന്നില്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കാന് കഴിയാതെ ഓപ്പണര്‍മാരായ ധവാനും രോഹിതും നേരത്തെ തന്നെ കൂടാരമണയുകയും ചെയ്തു.
മത്സരശേഷമുള്ള ചാനല്‍ ചര്‍ച്ചയിലായിരുന്നു ഭാജിയുടെ വിശകലനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്തിയാണ് ഹര്‍ഭജന്റെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചത്. 197 എന്നത് മറി കടക്കാവുന്ന സ്കോറായിരുന്നുവെന്നും എന്നാല്‍ രോഹിതും ധവാനും പരാജയപ്പെട്ടുവെന്നുമായിരുന്നു ഭാജിയുടെ വിശകലനം.
ഇതിനെ പരിഹസിച്ചായിരുന്നു രോഹിതിന്റെ ട്വീറ്റ്. എത്ര കൃത്യമായ പോയന്റ്, ഞങ്ങള്‍ തിരിച്ചറിയാതെ പോയി. എന്നായിരുന്നു രോഹിതിന്റെ മറുപടി ട്വീറ്റ്. ഇതിന് പിന്തുണയുമായി യുവതാരം യുസ്വേന്ദ്ര ചാഹലടക്കം രംഗത്തെത്തിയിട്ടുണ്ട്.