| Sunday, 21st January 2024, 7:52 pm

ഷാരൂഖ് കാരണം ലുങ്കി ഡാന്‍സ് സിനിമയില്‍ ചേര്‍ത്തു; എന്നാല്‍ പാട്ടിലെ ആ വാക്ക് മാറ്റാന്‍ എനിക്ക് ആവശ്യപ്പെടേണ്ടി വന്നു: സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോഹിത് ഷെട്ടി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെന്നൈ എക്സ്പ്രസ്. ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ച ഈ ചിത്രം യു.ടി.വി മോഷന്‍ പിക്ചേഴ്സും റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചത്.

ഈ ആക്ഷന്‍ കോമഡി ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ് ലുങ്കി ഡാന്‍സ്. ഇതിനായി ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം യോ യോ ഹണി സിങ്ങും ഒരുമിച്ചിരുന്നു. ഈ ഗാനം സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ചെന്നൈ എക്സ്പ്രസിന്റെ സംവിധായകന്‍ രോഹിത് ഷെട്ടി.

അവസാന നിമിഷമാണ് ലുങ്കി ഡാന്‍സ് ഗാനം സിനിമയില്‍ ചേര്‍ത്തതെന്നും കിങ് ഖാന്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന് ട്രിബ്യൂട്ട് ചെയ്ത ഗാനത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

‘ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്’ എന്ന തന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ലുങ്കി ഡാന്‍സ് അവസാന നിമിഷമാണ് ചെന്നൈ എക്സ്പ്രസിലേക്ക് ചേര്‍ക്കുന്നത്. ആ ഗാനം ചിത്രത്തില്‍ മുമ്പ് ഉണ്ടായിരുന്നില്ല. ഷാരൂഖ് ആ ഗാനം കേട്ട് എന്നെ വിളിച്ച് അത് ഗംഭീരമാണെന്ന് പറഞ്ഞു. അതിനുശേഷം ഈ ഗാനം സിനിമയില്‍ ചേര്‍ക്കാന്‍ ഞാന്‍ ഹണിയോട് ആവശ്യപ്പെടുകയായിരുന്നു.

എങ്കിലും എന്റെ പ്രേക്ഷകരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുന്ന ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആ ഗാനത്തിലെ ഒരു വരി എന്നെ ആശങ്കയിലാക്കി. ‘കോക്കനട്ട് മേം വോഡ്ക മിലാകെ’ എന്ന വരിയായിരുന്നു അത്.

അതില്‍ വോഡ്ക എന്ന വാക്ക് ഉപയോഗിക്കുന്നത് എനിക്ക് അത്ര സുഖകരമല്ലെന്ന് എനിക്ക് തോന്നി. എന്റെ സിനിമകള്‍ കാണാന്‍ ധാരാളം കുട്ടികള്‍ വരുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു ആ വരിയെ കുറിച്ച് ഓര്‍ത്ത് ഞാന്‍ ആശങ്കയിലായത്.

അതുകൊണ്ട് തന്നെ ഈ വരി ഒടുവില്‍ ഹണിയോട് പറഞ്ഞ് ‘കോക്കനട്ട് മേം ലസ്സി മിലാകെ’ എന്നാക്കി മാറ്റി. ആ ഗാനത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഞാന്‍ ഒരുപാട് സന്തോഷിച്ചു,’ രോഹിത് ഷെട്ടി പറഞ്ഞു.

Content Highlight: Rohit Shetty Talks About Lungi Dance In Chennai Express

We use cookies to give you the best possible experience. Learn more