Advertisement
Entertainment
ആ നടന്മാര്‍ വേണ്ടെന്നുവെച്ച കഥയാണ് ഷാരൂഖ് സാറിനെ വെച്ച് ചെയ്ത ചെന്നൈ എക്‌സ്പ്രസ്: രോഹിത് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 19, 01:27 pm
Tuesday, 19th November 2024, 6:57 pm

രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ 2013ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ചെന്നൈ എക്‌സ്പ്രസ്. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടിക്കുമുകളില്‍ ചിത്രം നേടിയിരുന്നു. കോമഡി, ആക്ഷന്‍, റൊമാന്‍സ് എന്നിവയെല്ലാം ചേര്‍ന്ന മാസ് മസാല ചിത്രമായിരുന്നു ചെന്നൈ എക്‌സ്പ്രസ്സ്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ രോഹിത് ഷെട്ടി.

ഗോല്‍മാല്‍ റിട്ടേണ്‍സ് റിലീസായ 2008ല്‍ തന്നെ താന്‍ ചെന്നൈ എക്‌സ്പ്രസ്സിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നുവെന്ന് രോഹിത് ഷെട്ടി പറഞ്ഞു. അന്ന് മുന്‍നിരയില്‍ നിന്നിരുന്ന ചില യുവനടന്മാരെ ഈ കഥക്കായി അപ്പ്രോച്ച് ചെയ്തിരുന്നുവെന്നും എന്നാല്‍ അവരാരും ഈ പ്രൊജക്ടില്‍ താത്പര്യം പ്രകടിപ്പിച്ചില്ലായിരുന്നെന്നും രോഹിത് ഷെട്ടി കൂട്ടിച്ചേര്‍ത്തു. പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ചെയ്യാമെന്ന് കരുതി ആ സ്‌ക്രിപ്റ്റ് മാറ്റിവെച്ചുവെന്നും രോഹിത് പറഞ്ഞു.

2012ല്‍ ഗോല്‍മാല്‍ 3 റിലീസായ സമയത്ത് ഷാരൂഖ് ഖാന്‍ തന്നെ വിളിച്ച് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നല്ലൊരു കഥയുണ്ടെങ്കില്‍ പറയാന്‍ പറഞ്ഞെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനായി ഒരു റൊമാന്റിക് കഥ താന്‍ ഒരുക്കിയെന്നും എന്നാല്‍ ഷാരൂഖുമായി ചേരുമ്പോള്‍ കുറച്ച് വലിയ സിനിമ ചെയ്താലോ എന്ന് ആലോചിച്ചെന്നും രോഹിത് പറഞ്ഞു.

അന്ന് പലരും റിജക്ട് ചെയ്ത കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി ഷാരൂഖിനെ കേള്‍പ്പിച്ചെന്നും അദ്ദേഹമത് ചെയ്യാമെന്ന് സമ്മതിച്ചെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 20-25 വയസ്സുള്ള ചെറുപ്പക്കാരുടെ കഥ 40കാരന്റെ കഥയാക്കി മാറ്റിയെന്നും ദീപിക പദുകോണ്‍ കൂടി ചിത്രത്തിലേക്ക് വന്നപ്പോള്‍ പ്രൊജക്ട് വലിയ രീതിയില്‍ പോയെന്നും രോഹിത് പറഞ്ഞു. മാഷബിള്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു രോഹിത് ഷെട്ടി

‘2008ലാണ് ചെന്നൈ എക്‌സ്പ്രസ്സിന്റെ കഥ ഞാന്‍ പൂര്‍ത്തിയാക്കിയത്. ഗോല്‍മാല്‍ റിട്ടേണ്‍സ് ഹിറ്റായിക്കഴിഞ്ഞ് ഞാന്‍ നേരെയിരുന്ന പ്രൊജക്ടായിരുന്നു അത്. അന്ന് ഇന്‍ഡസ്ട്രിയില്‍ മുന്നിട്ട് നിന്ന ചില യുവനടന്മാരെ അപ്പ്രോച്ച് ചെയ്തിരുന്നു. എന്നാല്‍ അവരാരും ഈ കഥ ചെയ്യാന്‍ തയാറായില്ല. പിന്നീട് എപ്പോഴെങ്കിലും ചെയ്യാമെന്ന് വെച്ച് ആ സ്‌ക്രിപ്റ്റ് ഞാന്‍ മാറ്റിവെച്ചു.

2012ല്‍ ഗോല്‍മാല്‍ 3 ഹിറ്റായ സമയത്ത് ഷാരൂഖ് സാര്‍ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ‘നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണം’ എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്റെ മനസിലേക്ക് വന്നത് ഒരു റൊമാന്റിക് ഡ്രാമയായിരുന്നു. അതിന്റെ എഴുത്തിലേക്ക് ഇരുന്നപ്പോഴാണ് ഷാരൂഖ് സാറിനെപ്പോലൊരു സ്റ്റാറിനെ കിട്ടിയിട്ട് എന്തിനാണ് ചെറിയ സിനിമ ചെയ്യുന്നതെന്ന് ചിന്തിച്ചത്.

വലിയൊരു പടം ചെയ്യാമെന്ന ചിന്തയില്‍ അന്ന് മാറ്റിവെച്ച പ്രൊജക്ടില്‍ ചെറിയ ചില മാറ്റും വരുത്തി ഷാരൂഖ് സാറിനെ കേള്‍പ്പിച്ചു. ആദ്യത്തെ കഥയില്‍ 20-24 വയസ്സുള്ള ആണിന്റെയും പെണ്ണിന്റെയും കഥയായിരുന്നു. പിന്നീട് അത് 40 കാരന്റെ കഥയാക്കി. ദീപിക പദുകോണ്‍ കൂടി വന്നപ്പോള്‍ ആ പ്രൊജക്ട് കുറച്ചുകൂടി വലുതായി,’ രോഹിത് ഷെട്ടി പറയുന്നു.

Content Highlight: Rohit Shetty shares how Shah Rukh Khan became the part of Chennai Express movie