| Tuesday, 16th April 2019, 7:43 pm

എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ആന്ധ്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു. ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം. മരണകാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ചില മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഹൃദയാഘാതമാണ് മരണകാരണമെന്നാണ്.

ദല്‍ഹി സൗത്ത് ഡി.സി.പി രോഹിത് ശേഖര്‍ തിവാരി യുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

2008 ല്‍ തിവാരിയുടെ മകനെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

ആദ്യം പരിശോധനയ്ക്ക് തയ്യാറാവാതിരുന്ന തിവാരി പിന്നീട് ദല്‍ഹി ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളെ തുടര്‍ന്നാണ് പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കിയത്.

എന്നാല്‍ ഡി.എന്‍.എ ഫലം വന്നപ്പോള്‍ പരാതിക്കാരനായ രോഹിത് ശേഖര്‍ മകന്‍ തന്നെയാണെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദല്‍ഹി ഹൈക്കോടതിയാണ് ഡി.എന്‍.എ ഫലം പുറത്തുവിട്ടത്. ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്ക്കണമെന്ന തിവാരിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഡി.എന്‍.എ റിപ്പോര്‍ട്ട് തുറന്നു പരിശോധിക്കുമെന്നായിരുന്നു അപേക്ഷ പരിഗണിച്ച ജസ്റ്റീസ് റേവ ഖേത്രാപാല്‍ വ്യക്തമാക്കിയത്.

ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്ക്കേണ്ട സാഹചര്യമില്ലെന്നും ഫലം പരസ്യമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

We use cookies to give you the best possible experience. Learn more