| Friday, 8th July 2022, 8:57 am

'വന്നു, കളി ജയിച്ചു, റെക്കോഡിട്ടു'; പുതിയ റെക്കോഡുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളത്തിലിറങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ ഐ.പി.എല്ലിന് ശേഷം ആദ്യം.

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകനായിട്ടുകൂടി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും അയര്‍ലന്‍ഡ് പരമ്പരയിലും വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് കളത്തിലിറങ്ങിയില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മാറ്റിവെച്ച ടെസ്റ്റ് മത്സരം കൊവിഡ് ബാധിച്ചത് കാരണം നഷ്ടമാകുകയും ചെയ്തു.

എന്നാല്‍ ഗ്രാന്‍ഡായിട്ട് തന്നെ ടീമിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തില്‍ ടീമിന്റെ നായകനായി എത്തിയ രോഹിത് മികച്ച ജയത്തിലേക്കാണ് ടീമിനെ നയിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു രോഹിത് ശര്‍മ. ഹര്‍ദിക്ക് പാണ്ഡ്യയുടെ അര്‍ധസെഞ്ച്വറിയുടെയും രോഹിത്, ഹൂഡ, സൂര്യകുമാര്‍ എന്നിവരുടെ വെടിക്കെട്ടിന്റെയും ബലത്തിലും ഇന്ത്യ 198 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് പടയെ 148 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍.

ഇന്ത്യ വിജയിച്ചതോടെ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 13 വിജയം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനാണ് രോഹിത് ശര്‍മ.

വിരാട് കോഹ്‌ലിയില്‍ നിന്ന് രോഹിത് അധികാരമേറ്റതിന് ശേഷം ഇന്ത്യ ട്വന്റി 20യില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇപ്പോള്‍ ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹിറ്റ്മാന്‍ 13 വിജയങ്ങള്‍ നേടിയത്.

ഇന്ത്യയുടെ മുഴുവന്‍ സമയ നായകനായി ചുമതല ഏറ്റതിന് ശേഷം രോഹിത്തിന്റെ കീഴില്‍ ഒരു മത്സരവും ഇന്ത്യ തോറ്റിട്ടില്ല. ഇംഗ്ലണ്ടിനെ പോലെ വെടിക്കെട്ടിന് പേരുകേട്ട ഒരു ടീമിനെ തോല്‍പ്പിച്ചതിലൂടെ ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതലെ ആക്രമിച്ചായിരുന്നു കളിച്ചത്. ഇഷാന്‍ കിഷന്‍ നേരത്തെ മടങ്ങിയെങ്കിലും രോഹിത്തും ദീപക് ഹൂഡയും ഇന്ത്യയെ ട്രാക്കിലാക്കി പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് നടത്തുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ യഥാര്‍ത്ഥ ഹീറോ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് ബൗളിങ്ങില്‍ നാല് വിക്കറ്റും നേടി. ഹര്‍ദിക്ക് തന്നെയായിരുന്നു കളിയിലെ താരവും.

സൂര്യകുമാര്‍ 19 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഹൂഡ 33ഉം രോഹിത് 24ഉം റണ്‍ നേടി. അക്‌സര്‍ പട്ടേലും ദിനേഷ് കാര്‍ത്തിക്കും ഫിനിഷിങ്ങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 198 എന്ന മികച്ച ടോട്ടല്‍ കരസ്ഥമാക്കി.

മറുപടി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് പടയെ ഇന്ത്യന്‍ ബൗളിങ് അടക്കിനിര്‍ത്തുകയായിരുന്നു. നായകനായ ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പൂജ്യത്തിന് പുറത്തായി. 36 റണ്‍സ് എടുത്ത മോയിന്‍ അലി ഒഴികെ മറ്റാരും ഇംഗ്ലണ്ട് നിരയില്‍ 30 റണ്‍സിന് മുകളില് നേടിയില്ല.

ശനിയാഴ്ച എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ട്വന്റി 20 മത്സരം.

Content Highlights: Rohit Sharmas new Record in captaincy

We use cookies to give you the best possible experience. Learn more