ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. റണ്‍ മഴ പെയ്ത മത്സരത്തില്‍ പഞ്ചാബിനെ അവരുടെ തട്ടകത്തിലെത്തി കീഴടക്കിയാണ് രോഹിത്തും സംഘവും അടിവാരത്തില്‍ നിന്നും മോചനം നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചെങ്കിലും രോഹിത് ശര്‍മ എന്ന ബാറ്റര്‍ക്ക് ഒരിക്കലും അഭിമാനിക്കാവുന്ന നേട്ടമല്ല മൊഹാലി നല്‍കിയത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സംപൂജ്യനായിട്ടായിരുന്നു രോഹിത്തിന്റെ മടക്കം. റിഷി ധവാന്റെ പന്തില്‍ മാത്യു ഷോര്‍ട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.
ഡക്കായി പുറത്തായതോടെ രണ്ട് മോശം റെക്കോഡുകളാണ് രോഹിത് ശര്‍മയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഡക്കായി പുറത്താകുന്ന താരം എന്ന മോശം റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലേതടക്കം 15 തവണയാണ് രോഹിത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സംപൂജ്യനായി മടങ്ങിയത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍
രേഹിത് ശര്‍മ – 15
ദിനേഷ് കാര്‍ത്തിക് – 15
മന്‍ദീപ് സിങ് – 15
സുനില്‍ നരെയ്ന്‍ – 15
ഇതിന് പുറമെ മറ്റൊരു നാണംകെട്ട റെക്കോഡും രോഹിത് സ്വന്തമാക്കി. ക്യാപ്റ്റനായി ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിലാണ് രോഹിത് ഒന്നാമനായെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനൊപ്പമാണ് രോഹിത് പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.
ഐ.പി.എല്ലില്‍ ക്യാപ്റ്റന്റെ റോളില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍
രോഹിത് ശര്‍മ – 10*
ഗൗതം ഗംഭീര്‍ – 10
ആദം ഗില്‍ക്രിസ്റ്റ് – 7
ഷെയ്ന്‍ വോണ്‍ – 7
വിരാട് കോഹ്‌ലി – 6
ആര്‍. അശ്വിന്‍ – 4
ഇക്കൂട്ടത്തില്‍ രോഹിത് ശര്‍മ മാത്രമാണ് ഇപ്പോഴും ക്യാപ്റ്റന്റെ റോളില്‍ തുടരുന്നത്. ഒരു തവണ കൂടി രോഹിത് പൂജ്യത്തിന് പുറത്താവുകയാണെങ്കില്‍ ഗംഭീറിനെ മറികടന്ന് ഈ മോശം റെക്കോഡ് താരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുമെന്നുറപ്പാണ്.
സീസണിലെ ഒമ്പത് മത്സരത്തില്‍ നിന്നും വെറും 184 റണ്‍സാണ് താരം സ്വന്തമാക്കിയത്. 129.57 എന്ന ആവറേജും 20.44 എന്ന ശരാശരിയും മാത്രമാണ് താരത്തിനുള്ളത്.
മുന്‍ സീസണുകളിലെ മോശം പ്രകടനം തന്നെയാണ് രോഹിത് ഈ സീസണിലും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ സീസണില്‍ 19.14 എന്ന ശരാശരിയിലും 120.17 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 268 റണ്‍സ് രോഹിത് നേടിയപ്പോള്‍ അത് 2021ല്‍ 13 മത്സരത്തില്‍ നിന്നും 29.30 ശരാശരിയില്‍ 381 റണ്‍സായിരുന്നു.
Content highlight: Rohit Sharma with most ducks as captain