സാക്ഷാൽ വിവിയൻ റിച്ചാർഡ്സിനെ മറികടക്കാൻ രോഹിത്; ഐതിഹാസിക നേട്ടത്തിനരികെ ഹിറ്റ്മാൻ
Cricket
സാക്ഷാൽ വിവിയൻ റിച്ചാർഡ്സിനെ മറികടക്കാൻ രോഹിത്; ഐതിഹാസിക നേട്ടത്തിനരികെ ഹിറ്റ്മാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd July 2024, 10:28 am

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും.

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഏകദിനത്തില്‍ ഇനി രണ്ടു മത്സരങ്ങള്‍ കൂടി വിജയിക്കാന്‍ രോഹിത്തിന് സാധിച്ചാല്‍ ക്യാപ്റ്റന്‍സിയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മറികടന്നുകൊണ്ട് മുന്നേറാന്‍ രോഹിത്തിന് സാധിക്കും.

ക്യാപ്റ്റന്‍ എന്ന നിലയില്‍ 155 മത്സരങ്ങളില്‍ നിന്നും 94 വിജയങ്ങളാണ് റിച്ചാര്‍ഡ്‌സ് നേടിയത്. രോഹിത് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നുകൊണ്ട് 123 മത്സരങ്ങളില്‍ നിന്നും 93 വിജയങ്ങളും സ്വന്തമാക്കി. ഇതോടെ രണ്ടു മത്സരങ്ങള്‍ കൂടി വിജയിച്ചാല്‍ വിന്‍ഡീസ് ഇതിഹാസത്തെ മറികടന്നുകൊണ്ട് 95 ഇന്റര്‍നാഷണല്‍ വിജയങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം രേഖപ്പെടുത്താന്‍ രോഹിത്തിന് സാധിക്കും.

അതേസമയം നീണ്ട 17വര്‍ഷങ്ങളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി വളരെയധികം മികച്ചതായിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, റിയാല്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിദ് റാണ.

 

Content Highlight: Rohit Sharma Waiting For A New Milestone in Cricket